YouVersion Logo
Search Icon

മർക്കോസ് 3

3
യേശു ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നു
1യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച#3:1 അതായത്, തളർച്ച ബാധിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. 2ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. 3യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു.
4പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു.
5യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു. 6ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി.
യേശുവിനെ ജനക്കൂട്ടം അനുഗമിക്കുന്നു
7യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു. 8യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി. 9ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. 10കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു. 11അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു. 12എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.
പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ നിയമനം
13അതിനുശേഷം യേശു ഒരു മലയുടെ മുകളിൽ കയറി. തന്റെ ഇഷ്ടപ്രകാരം ചിലരെ അടുത്തേക്കു വിളിച്ചു. അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു. 14-15തന്റെ സഹചാരികളായിരിക്കാനും അശുദ്ധാത്മാക്കളെ പുറത്താക്കാനുള്ള അധികാരത്തോടുകൂടി ജനത്തോട് പ്രസംഗിക്കാനും പന്ത്രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു. അവർക്ക് “അപ്പൊസ്തലന്മാർ” എന്നു നാമകരണംചെയ്തു.
16ഇവരാണ് ആ പന്ത്രണ്ടുപേർ:
പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ,
17സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു.
18അന്ത്രയോസ്,
ഫിലിപ്പൊസ്,
ബർത്തൊലൊമായി,
മത്തായി,
തോമസ്,
അല്‌ഫായിയുടെ മകനായ യാക്കോബ്,
തദ്ദായി,
കനാന്യനായ#3:18 അഥവാ, ദേശീയവാദിയായ. റോമൻ അധിനിവേശത്തെ ചെറുത്തുകൊണ്ട് അതിനെതിരായി പ്രവർത്തിച്ച യെഹൂദർക്കിടയിലെ ഒരു വിഭാഗമാണ് ഇവർ. ശിമോൻ,
19യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
യേശുവും ബേൽസെബൂലും
20അതിനുശേഷം യേശു ഒരു വീട്ടിലേക്ക് പോയി. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്തവിധം പിന്നെയും ജനങ്ങൾ കൂട്ടമായി വന്നുകൂടി. 21“അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.
22ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ#3:22 ബേസെബൂൽ, ബേൽസെബൂബ് എന്നീ രൂപങ്ങളും ഉപയോഗിക്കുന്നു. ഭൂതങ്ങളുടെ തലവനാണ് ബേൽസെബൂൽ. ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
23അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും? 24ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ. 25ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ. 26സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു. 27ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം. 28ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും. 29എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.”
30“അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.
31അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു. 32ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
33“ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു.
34പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും! 35ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for മർക്കോസ് 3