സദൃശവാക്യങ്ങൾ 14
14
1ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു,
എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു.
2യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു,
എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു.
3ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു,
എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു.
4കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു,
എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു.
5സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല,
എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു.
6പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല,
എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു.
7ഭോഷരിൽനിന്നും അകലം പാലിക്കുക;
നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല.
8വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു,
എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു.
9ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ#14:9 ചി.കൈ.പ്ര. പാപത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു,
എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു.
10ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു,
മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല.
11ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും,
എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും.
12ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം,
എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
13ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം,
സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം.
14വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും;
നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും.
15ലളിതമാനസർ സകലതും വിശ്വസിക്കുന്നു,
വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു.
16ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു,
എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്.
17ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു,
കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു.
18ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു,
വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു.
19ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും;
നീചർ നീതിനിഷ്ഠരുടെ കവാടത്തിലും.
20ദരിദ്രരെ അവരുടെ അയൽവാസികൾപോലും അവഗണിക്കുന്നു,
എന്നാൽ ധനികർക്കു ധാരാളം സുഹൃത്തുക്കളുണ്ട്.
21ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്,
ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ.
22തിന്മയ്ക്കായി ഗൂഢാലോചന നടത്തുന്നവർ വഴിയാധാരമാകുകയില്ലേ?
എന്നാൽ സൽപ്രവൃത്തികൾ ആസൂത്രണംചെയ്യുന്നവർ സ്നേഹവും വിശ്വാസവും നേടുന്നു.
23എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും,
എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു.
24ജ്ഞാനിയുടെ സമ്പത്ത് അവരുടെ മകുടം,
എന്നാൽ ഭോഷരുടെ ഭോഷത്തത്തിൽനിന്ന് ഭോഷത്തംതന്നെ വിളയുന്നു.
25സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു,
എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു.
26യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്,
അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.
27യഹോവാഭക്തി ജീവജലധാരയാണ്,
അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.
28ജനബാഹുല്യം രാജാവിനു മഹത്ത്വം,
എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു.
29ദീർഘക്ഷമയുള്ളവർ അത്യന്തം വിവേകശാലികളാണ്,
എന്നാൽ ക്ഷിപ്രകോപി മടയത്തരം വെളിപ്പെടുത്തുന്നു.
30പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്,
എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്.
31ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു,
അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു.
32ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു,
എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്.
33വകതിരിവുള്ളവരുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു
എന്നാൽ ഭോഷരുടെ മധ്യത്തിൽപോലും അവൾ അറിയപ്പെടാൻ അനുവദിക്കുന്നു.#14:33 ചി.കൈ.പ്ര. എന്നാൽ ഭോഷരുടെ ഹൃദയം അവളെ അറിയുകപോലുമില്ല.
34നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു,
എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം.
35ജ്ഞാനിയായ സേവകരിൽ രാജാവ് സംപ്രീതനാണ്,
എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്ന ദാസൻ രാജാവിന്റെ ക്രോധം ജ്വലിപ്പിക്കുന്നു.
Currently Selected:
സദൃശവാക്യങ്ങൾ 14: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.