സദൃശവാക്യങ്ങൾ 18
18
1കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും
നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു.
2ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല;
എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്.
3ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു,
അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു.
4ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം;
എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും.
5ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും
നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല.
6ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു,
അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു.
7ഭോഷരുടെ വായ് അവർക്കു നാശഹേതുവും
അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു.
8ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;
അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.
9സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ
വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു.
10യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്;
നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.
11ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്;
അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു.
12അഹന്ത നാശത്തിന്റെ മുന്നോടിയാണ്,
എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.
13കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത്
മടയത്തരവും അപമാനവും ആകുന്നു.
14ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു,
എന്നാൽ തകർന്ന ഹൃദയം ആർക്ക് സഹിക്കാൻ കഴിയും?
15വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു,
ജ്ഞാനിയുടെ കാതുകൾ അതു കണ്ടെത്തുന്നു.
16ദാനം ദാതാവിനു വഴിതുറക്കുകയും
അദ്ദേഹത്തെ മഹാന്മാരുടെ നിരയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.
17എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ
ആദ്യം അവതരിപ്പിക്കുന്ന വാദം യുക്തിസഹം എന്നു കരുതപ്പെടും.
18നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും
പ്രബലരായ പ്രതിയോഗികളെ സമവായത്തിൽ എത്തിക്കുകയും ചെയ്യുന്നു.
19ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം;
തർക്കങ്ങൾ കോട്ടവാതിലിന്റെ ഇരുമ്പഴികൾപോലെയും.
20ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു;
അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു.
21മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്,
അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും.
22ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും
യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു.
23ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു,
എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു.
24അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും,
എന്നാൽ സഹോദരങ്ങളെക്കാൾ ചേർന്നുനിൽക്കുന്ന സുഹൃത്തുക്കളുമുണ്ട്.
Currently Selected:
സദൃശവാക്യങ്ങൾ 18: MCV
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.