YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 9

9
ജ്ഞാനവും അവിവേകവും
1ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു;
ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു.
2അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി;
അവളുടെ തീന്മേശയും ഒരുക്കിവെച്ചു.
3അവൾ തന്റെ തോഴിമാരെ നിയോഗിച്ചു,
നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി,
4“ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!”
ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു,
5“വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക,
ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക.
6നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക;
വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”
7പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു;
ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും.
8പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും;
ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും.
9ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും;
നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും.
10യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു,
പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.
11ജ്ഞാനംമൂലം#9:11 മൂ.ഭാ. ഞാൻ നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും,
നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.
12നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും;
നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും.
13ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്;
അവൾ ഭോഷയും വിവരംകെട്ടവളുമാണ്.
14അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു,
നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ,
15സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന#9:15 മൂ.ഭാ. തങ്ങളുടെ പാതയിൽ നേരേ പോകുന്നവരോട് പുരുഷന്മാരോട്,
അവൾ വിളിച്ചുപറയുന്നു,
16“ലളിതമാനസരേ, എന്നോടൊപ്പം വരിക!”
വിവേകരഹിതരോടവൾ ചൊല്ലുന്നു,
17“അപഹരിക്കപ്പെട്ട ജലം മധുരതരം;
ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”
18എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും
അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in