GENESIS 5
5
ആദാമിന്റെ സന്താനപരമ്പര
(1 ദിന. 1:1-4)
1ആദാമിന്റെ പിൻതലമുറക്കാർ: ദൈവം സ്വന്തം സാദൃശ്യത്തിലായിരുന്നു മനുഷ്യനെ സൃഷ്ടിച്ചത്. 2ആണും പെണ്ണുമായി അവിടുന്ന് അവരെ സൃഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും സൃഷ്ടിച്ച നാളിൽ #5:2 ആദാം = മനുഷ്യൻ ആദാം എന്നു പേരു വിളിക്കുകയും ചെയ്തു. 3നൂറ്റിമുപ്പതാമത്തെ വയസ്സായപ്പോൾ ആദാമിന് തന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു പുത്രൻ ജനിച്ചു. 4ആദാം അവനെ ശേത്ത് എന്നു വിളിച്ചു. ആദാം എണ്ണൂറുവർഷംകൂടി ജീവിച്ചിരുന്നു. വേറെ പുത്രന്മാരും പുത്രിമാരും അയാൾക്കുണ്ടായി. 5തൊള്ളായിരത്തി മുപ്പതു വയസ്സായപ്പോൾ ആദാം മരിച്ചു.
6നൂറ്റിഅഞ്ചാമത്തെ വയസ്സിൽ ശേത്തിന് എനോശ് ജനിച്ചു. 7അതിനുശേഷം എണ്ണൂറ്റേഴ് വർഷംകൂടി ശേത്ത് ജീവിച്ചിരുന്നു. അയാൾക്കു വേറെയും പുത്രീപുത്രന്മാർ ഉണ്ടായിരുന്നു. 8തൊള്ളായിരത്തി പന്ത്രണ്ടാമത്തെ വയസ്സിൽ ശേത്ത് മരിച്ചു.
9തൊണ്ണൂറാമത്തെ വയസ്സിൽ എനോശിനു കേനാൻ ജനിച്ചു. 10അതിനുശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു വർഷംകൂടി ജീവിച്ചിരുന്നു. അയാൾക്കു വേറെയും പുത്രീപുത്രന്മാർ ഉണ്ടായി. 11തൊള്ളായിരത്തി അഞ്ചാമത്തെ വയസ്സിൽ എനോശ് മരിച്ചു.
12എഴുപതാമത്തെ വയസ്സിൽ കേനാനു മഹലലേൽ ജനിച്ചു. 13അതിനുശേഷം എണ്ണൂറ്റിനാല്പതു വർഷം കേനാൻ ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാർ അയാൾക്കു ജനിച്ചു. 14തൊള്ളായിരത്തി പത്താമത്തെ വയസ്സിൽ കേനാൻ മരിച്ചു.
15അറുപത്തിയഞ്ചാമത്തെ വയസ്സിൽ മഹലലേലിനു യാരെദ് ജനിച്ചു. 16അതിനുശേഷം എണ്ണൂറ്റി മുപ്പതു വർഷംകൂടി മഹലലേൽ ജീവിച്ചിരുന്നു; വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. 17എണ്ണൂറ്റി തൊണ്ണൂറ്റിഅഞ്ചാമത്തെ വയസ്സിൽ അയാൾ മരിച്ചു.
18നൂറ്റിഅറുപത്തിരണ്ടാമത്തെ വയസ്സിൽ യാരെദിനു ഹാനോക്ക് ജനിച്ചു. 19അതിനുശേഷം എണ്ണൂറു വർഷംകൂടി യാരെദ് ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രമാർ അയാൾക്കുണ്ടായി. 20തൊള്ളായിരത്തി അറുപത്തിരണ്ടാമത്തെ വയസ്സിൽ അയാൾ മരിച്ചു.
21അറുപത്തിഅഞ്ചാമത്തെ വയസ്സിൽ ഹാനോക്കിനു മെഥൂശലഹ് ജനിച്ചു. 22അതിനുശേഷം മുന്നൂറു വർഷംകൂടി ഹാനോക്ക് ദൈവഹിതപ്രകാരം ജീവിച്ചു. വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. 23ഹാനോക്കിന്റെ ജീവിതകാലം മുന്നൂറ്റി അറുപത്തഞ്ചു വർഷം ആയിരുന്നു. 24അയാൾ ദൈവഹിതപ്രകാരം ജീവിച്ചു. ദൈവം അയാളെ കൈക്കൊണ്ടതിനാൽ പിന്നെ ആരും അയാളെ കണ്ടതുമില്ല.
25നൂറ്റിഎൺപത്തിഏഴാമത്തെ വയസ്സിൽ മെഥൂശലഹിനു ലാമെക്ക് ജനിച്ചു. 26അതിനുശേഷം എഴുനൂറ്റി എൺപത്തിരണ്ടു വർഷംകൂടി അയാൾ ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. 27തൊള്ളായിരത്തി അറുപത്തിഒൻപതാമത്തെ വയസ്സിൽ അയാൾ മരിച്ചു. 28നൂറ്റിഎൺപത്തിരണ്ടാമത്തെ വയസ്സിൽ ലാമെക്കിന് ഒരു പുത്രൻ ജനിച്ചു. 29സർവേശ്വരൻ ശപിച്ച ഈ ഭൂമിയിലെ പ്രയത്നങ്ങളിൽനിന്നും കായികാധ്വാനത്തിൽനിന്നും ഇവൻ നിങ്ങൾക്ക് ആശ്വാസം നല്കും എന്നു പറഞ്ഞ് അവനു നോഹ എന്നു പേരിട്ടു. 30നോഹയുടെ ജനനത്തിനുശേഷം ലാമെക്ക് അഞ്ഞൂറ്റിതൊണ്ണൂറ്റിഅഞ്ചു വർഷംകൂടി ജീവിച്ചിരുന്നു. വേറെയും പുത്രീപുത്രന്മാർ അയാൾക്കുണ്ടായി. 31എഴുനൂറ്റി എഴുപത്തിയേഴാമത്തെ വയസ്സിൽ ലാമെക്ക് മരിച്ചു.
32അഞ്ഞൂറാമത്തെ വയസ്സിൽ നോഹയ്ക്കു ശേം, ഹാം, യാഫെത്ത് എന്നീ മൂന്നു പുത്രന്മാർ ജനിച്ചു.
Dewis Presennol:
GENESIS 5: malclBSI
Uwcholeuo
Rhanna
Copi
Eisiau i'th uchafbwyntiau gael eu cadw ar draws dy holl ddyfeisiau? Cofrestra neu mewngofnoda
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.