യോഹന്നാൻ 5
5
1അതിന്റെശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി.
2യെരൂശലേമിൽ ആട്ടുവാതിൽക്കൽ ബേഥെസ്ദാ എന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്. 3അവയിൽ വ്യാധിക്കാർ, കുരുടർ, മുടന്തർ, ക്ഷയരോഗികൾ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു. 4[അതതു സമയത്ത് ഒരു ദൂതൻ കുളത്തിൽ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവൻ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.] 5എന്നാൽ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. 6അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു. 7രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്ക് ആരും ഇല്ല; ഞാൻ തന്നെ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു. 8യേശു അവനോട്: എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു. 9ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു.
10എന്നാൽ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു. 11അവൻ അവരോട്: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്തു നടക്ക എന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു. 12അവർ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു. 13എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ട് അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല. 14അനന്തരം യേശു അവനെ ദൈവാലയത്തിൽവച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാൻ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു. 15ആ മനുഷ്യൻ പോയി തന്നെ സൗഖ്യമാക്കിയത് യേശു എന്നു യെഹൂദന്മാരോട് അറിയിച്ചു. 16യേശു ശബ്ബത്തിൽ അതു ചെയ്കകൊണ്ടു യെഹൂദന്മാർ അവനെ ഉപദ്രവിച്ചു. 17യേശു അവരോട്: എന്റെ പിതാവ് ഇന്നുവരെയും പ്രവർത്തിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു. 18അങ്ങനെ അവൻ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചുപോന്നു.
19ആകയാൽ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‍വാൻ കഴികയില്ല; അവൻ ചെയ്യുന്നത് എല്ലാം പുത്രനും അവ്വണ്ണംതന്നെ ചെയ്യുന്നു. 20പിതാവ് പുത്രനെ സ്നേഹിക്കയും താൻ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങൾ ആശ്ചര്യപ്പെടുമാറ് ഇവയിൽ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും. 21പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു. 22എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു. 23പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. 24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു. 25ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. 26പിതാവിനു തന്നിൽത്തന്നെ ജീവനുള്ളതുപോലെ അവൻ പുത്രനും തന്നിൽത്തന്നെ ജീവനുള്ളവൻ ആകുമാറ് വരം നല്കിയിരിക്കുന്നു. 27അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധി നടത്തുവാൻ അവന് അധികാരവും നല്കിയിരിക്കുന്നു. 28ഇതിങ്കൽ ആശ്ചര്യപ്പെടരുത്; കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, 29നന്മ ചെയ്തവർ ജീവനായും തിന്മ ചെയ്തവർ ന്യായവിധിക്കായും, പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.
30എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്റെ വിധി നീതിയുള്ളത് ആകുന്നു. 31ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ എന്റെ സാക്ഷ്യം സത്യമല്ല. 32എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തൻ ആകുന്നു; അവൻ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാൻ അറിയുന്നു. 33നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; അവൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു. 34എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ട് ആവശ്യമില്ല; നിങ്ങൾ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നത്. 35അവൻ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങൾ അല്പസമയത്തേക്ക് അവന്റെ വെളിച്ചത്തിൽ ഉല്ലസിപ്പാൻ ഇച്ഛിച്ചു. 36എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിപ്പാൻ തന്നിരിക്കുന്ന പ്രവൃത്തികൾ, ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു. 37എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, 38അവന്റെ രൂപം കണ്ടിട്ടില്ല; അവന്റെ വചനം നിങ്ങളുടെ ഉള്ളിൽ വസിക്കുന്നതുമില്ല; അവൻ അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. 39നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ട് എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. 40എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല. 41ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല. 42എന്നാൽ നിങ്ങൾക്ക് ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു. 43ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും. 44തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്ക്, എങ്ങനെ വിശ്വസിപ്പാൻ കഴിയും? 45ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ട്; നിങ്ങൾ പ്രത്യാശവച്ചിരിക്കുന്ന മോശെ തന്നെ. 46നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു. 47എന്നാൽ അവന്റെ എഴുത്ത് നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്ക് എങ്ങനെ വിശ്വസിക്കും?
Zur Zeit ausgewählt:
യോഹന്നാൻ 5: MALOVBSI
Markierung
Teilen
Kopieren
Möchtest du deine gespeicherten Markierungen auf allen deinen Geräten sehen? Erstelle ein kostenloses Konto oder melde dich an.
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.