Logo de YouVersion
Icono de búsqueda

ഉല്പ. 20

20
അബ്രാഹാമും അബീമേലെക്കും
1അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കേ ദേശത്തേക്ക് യാത്ര പുറപ്പെട്ടു കാദേശിനും ശൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു. 2അബ്രാഹാം തന്‍റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്‍റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൊണ്ടുപോയി.
3എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്‍റെ അടുക്കൽവന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്‍റെ ഭാര്യ” എന്നു അരുളിച്ചെയ്തു.
4എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും അങ്ങ് കൊല്ലുമോ 5‘ഇവൾ എന്‍റെ പെങ്ങളാകുന്നു’ എന്നു അവൻ എന്നോട് പറഞ്ഞുവല്ലോ. ‘അവൻ എന്‍റെ ആങ്ങള’ എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും നിർമ്മലമായ കരങ്ങളോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
6അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്നു ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്. 7ഇപ്പോൾ ആ പുരുഷന്‍റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്ളുക” എന്നു അരുളിച്ചെയ്തു.
8അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് തന്‍റെ സകലസേവകന്മാരെയും വരുത്തി ഈ കാര്യം എല്ലാം അവരോടു പറഞ്ഞു കേൾപ്പിച്ചു; അവർ ഏറ്റവും ഭയപ്പെട്ടു. 9അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോട്: “നീ ഞങ്ങളോട് ചെയ്തത് എന്ത്? നീ എന്‍റെമേലും എന്‍റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്ത് കുറ്റം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോട് ചെയ്തുവല്ലോ” എന്നു പറഞ്ഞു.
10“നീ എന്ത് കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത്? എന്നു അബീമേലെക്ക് അബ്രാഹാമിനോട് ചോദിച്ചു. 11അതിന് അബ്രാഹാം പറഞ്ഞത്: “ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം; എന്‍റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ വിചാരിച്ചു. 12വാസ്തവത്തിൽ അവൾ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകൾ; എന്‍റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു. 13എന്നാൽ ദൈവം എന്നെ എന്‍റെ പിതൃഭവനത്തിൽ നിന്ന് പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യേണം; ഏതൊരു സ്ഥലത്ത് നാം എവിടെയൊക്കെപോയാലും: “അവൻ എന്‍റെ ആങ്ങള” എന്നു എന്നെക്കുറിച്ച് പറയേണം എന്നു പറഞ്ഞിരുന്നു.”
14അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്‍റെ ഭാര്യയായ സാറായെയും അവനു തിരികെക്കൊടുത്തു: 15“ഇതാ, എന്‍റെ രാജ്യം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടമുള്ളടത്ത് പാർത്തുകൊള്ളുക” എന്നു അബീമേലെക്ക് പറഞ്ഞു.
16സാറായോടു അവൻ: “നിന്‍റെ ആങ്ങളയ്ക്ക് ഞാൻ ആയിരം (1,000) വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പരിഹാരം; നീ ഒരു കുറ്റവും ചെയ്തിട്ടില്ല. എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു.
17അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്‍റെ ഭാര്യയെയും അവന്‍റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു. 18അബ്രാഹാമിന്‍റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്‍റെ ഭവനത്തിൽ തലമുറകൾ ജനിക്കുന്നത് അസാധ്യമാക്കിയിരുന്നു.

Actualmente seleccionado:

ഉല്പ. 20: IRVMAL

Destacar

Compartir

Copiar

None

¿Quieres tener guardados todos tus destacados en todos tus dispositivos? Regístrate o inicia sesión