GENESIS 7

7
ജലപ്രളയം
1സർവേശ്വരൻ നോഹയോട് അരുളിച്ചെയ്തു: “ഈ തലമുറയിൽ നിന്നെമാത്രം ഞാൻ നീതിനിഷ്ഠനായി കാണുന്നു. അതുകൊണ്ടു നീയും നിന്റെ കുടുംബവും പെട്ടകത്തിൽ പ്രവേശിക്കുക. 2വംശനാശം സംഭവിക്കാതിരിക്കാൻ ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും ശുദ്ധിയില്ലാത്തവയിൽനിന്ന് ആണും പെണ്ണുമായി ഒരു ഇണയും 3പറവകളിൽനിന്ന് ആണും പെണ്ണുമായി ഏഴു ഇണകൾ വീതവും നിന്റെകൂടെ പെട്ടകത്തിൽ പ്രവേശിപ്പിക്കുക. 4ഏഴു ദിവസം കഴിഞ്ഞാൽ നാല്പതു ദിനരാത്രങ്ങൾ ഇടവിടാതെ പെയ്യുന്ന മഴ ഞാൻ ഭൂമിയിലേക്ക് അയയ്‍ക്കും. ഞാൻ സൃഷ്‍ടിച്ച എല്ലാ ജീവജാലങ്ങളെയും ഭൂമിയിൽനിന്നു ഞാൻ നീക്കിക്കളയും.” 5ദൈവം കല്പിച്ചതെല്ലാം നോഹ ചെയ്തു.
6ജലപ്രളയം ഉണ്ടായപ്പോൾ നോഹയ്‍ക്ക് അറുനൂറു വയസ്സായിരുന്നു. 7നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപെടാൻ പെട്ടകത്തിൽ പ്രവേശിച്ചു. 8-9ദൈവം കല്പിച്ചതുപോലെ ശുദ്ധിയുള്ളതും ശുദ്ധിയില്ലാത്തതുമായ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും ആണും പെണ്ണുമായി ഇണകളായി നോഹയോടുകൂടെ പെട്ടകത്തിൽ കടന്നു. 10ഏഴു ദിവസം കഴിഞ്ഞപ്പോൾ പ്രളയജലം ഭൂമിയിലേക്ക് പ്രവഹിച്ചു തുടങ്ങി.
11നോഹയ്‍ക്ക് അറുനൂറു വയസ്സു പൂർത്തിയായ വർഷത്തിന്റെ രണ്ടാം മാസം പതിനേഴാം ദിവസം അത്യഗാധത്തിലെ നീരുറവകളും ആകാശത്തിലെ വാതായനങ്ങളും തുറന്നു. 12നാല്പതു ദിനരാത്രങ്ങൾ ഭൂമിയിൽ തുടർച്ചയായി മഴ പെയ്തു. 13നോഹയും പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരും നോഹയുടെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കയറി. 14-15അവരോടൊത്ത് എല്ലാ ഇനം വന്യമൃഗങ്ങളും വളർത്തുമൃഗങ്ങളും ഇഴജന്തുക്കളും പറവകളും ഉൾപ്പെടെ എല്ലാ ജീവികളിൽനിന്നും രണ്ടു വീതം പെട്ടകത്തിൽ പ്രവേശിച്ചു. 16ദൈവം കല്പിച്ചതുപോലെ എല്ലാ ജന്തുക്കളെയും ആണും പെണ്ണുമായിട്ടാണ് പ്രവേശിപ്പിച്ചത്. അതിനുശേഷം സർവേശ്വരൻ വാതിൽ അടച്ചു.
17ജലപ്രളയം നാല്പതു ദിവസം തുടർന്നു. 18വെള്ളം പെരുകി പെട്ടകത്തെ നിലത്തുനിന്ന് ഉയർത്തി. ജലനിരപ്പ് ഉയർന്നുകൊണ്ടേയിരുന്നു; പെട്ടകം വെള്ളത്തിനു മുകളിൽ ഒഴുകി നടന്നു. 19ഏറ്റവും ഉയർന്ന പർവതങ്ങളെപ്പോലും മൂടത്തക്കവിധം ഭൂമിയിൽ വെള്ളം പെരുകി. 20വെള്ളം പിന്നെയും പതിനഞ്ചു മുഴം കൂടി ഉയർന്നു. 21പക്ഷികൾ, കന്നുകാലികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ തുടങ്ങി എല്ലാ ജീവികളും മനുഷ്യരും ചത്തൊടുങ്ങി. 22അങ്ങനെ കരയിലുണ്ടായിരുന്ന എല്ലാ ജീവികളും നശിച്ചു. 23മനുഷ്യരും മൃഗങ്ങളും പക്ഷികളും ഉൾപ്പെടെ ഭൂമിയിൽ ഉണ്ടായിരുന്ന സകല ജീവികളെയും സർവേശ്വരൻ തുടച്ചുനീക്കി. നോഹയും പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ജീവനോടെ ശേഷിച്ചു. 24ജലപ്രളയം നൂറ്റിഅമ്പതു ദിവസം നീണ്ടുനിന്നു.

اکنون انتخاب شده:

GENESIS 7: malclBSI

های‌لایت

به اشتراک گذاشتن

کپی

None

می خواهید نکات برجسته خود را در همه دستگاه های خود ذخیره کنید؟ برای ورودثبت نام کنید یا اگر ثبت نام کرده اید وارد شوید