യോഹന്നാൻ 6
6
യേശു അയ്യായിരംപേർക്ക് ആഹാരം നൽകുന്നു
1കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി. 2രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു. 3യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു. 4യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു.
5യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു. 6അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു.
7“ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന്#6:7 അതായത്, ആറ് മാസത്തെ ദിവസവേതനത്തിലും അധികം വരുന്ന ഒരു തുക. അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു.
8മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു, 9“ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള#6:9 ബാർലി അഥവാ, ബാർലരി അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?”
10“ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു. 11തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു.
12എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു, “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.” 13അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്ന് ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു.
14യേശു ചെയ്ത അത്ഭുതചിഹ്നം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്നു പറഞ്ഞു. 15അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി.
യേശു വെള്ളത്തിനുമീതേ നടക്കുന്നു
16സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി. 17അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല. 18പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു. 19അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ#6:19 ഏക. അഞ്ചോ ആറോ കി.മീ. തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു. 20യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.” 21അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.
22ഒരു വള്ളംമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും യേശു അതിൽ കയറിയിരുന്നില്ല, ശിഷ്യന്മാർ തനിച്ചാണു പോയതെന്നും തടാകത്തിന്റെ അക്കരെ ഉണ്ടായിരുന്ന ജനക്കൂട്ടം പിറ്റേന്നാൾ മനസ്സിലാക്കി. 23തിബെര്യാസിൽനിന്ന്, ചില വള്ളങ്ങൾ കർത്താവ് സ്തോത്രംചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തേക്കു വന്നുചേർന്നു. 24യേശുവോ ശിഷ്യന്മാരോ അവിടെ ഇല്ലെന്നു മനസ്സിലാക്കിയ ജനസമൂഹം യേശുവിനെ അന്വേഷിച്ചു വള്ളങ്ങളിൽ കയറി കഫാർനഹൂമിലേക്കു യാത്രയായി.
യേശു ജീവന്റെ അപ്പം
25തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്നു ചോദിച്ചു.
26യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്. 27നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.”
28അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?”
29“ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു.
30അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്? 31ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’#6:31 പുറ. 16:4; നെഹ. 9:15; സങ്കീ. 78:24,25 എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.”
32യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്. 33ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.”
34“കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു.
35അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു#6:35 ഞാൻ ആകുന്നവൻ ഞാൻ ആകുന്നു, എന്ന് മോശയ്ക്ക് മുൾപ്പടർപ്പിൽവെച്ച് വെളിപ്പെടുത്തിയ അതേ യഹോവയായ ദൈവം താനാണെന്നാണ് യേശു അവകാശപ്പെടുന്നത്. ഈ പുസ്തകത്തിൽ പല ആവൃത്തി ഈ പ്രയോഗം കാണുന്നു. ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. 36എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ. 37പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല. 38ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്. 39എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു. 40പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.”
41“ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്, 42“ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു.
43യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ. 44എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും. 45‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ”#6:45 യെശ. 54:13 എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും. 46ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു. 47“സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. 48ഞാൻ ആകുന്നു ജീവന്റെ അപ്പം. 49നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു. 50എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ! 51ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.”
52അപ്പോൾ യെഹൂദനേതാക്കന്മാർ പരസ്പരം രൂക്ഷമായി തർക്കിച്ചുതുടങ്ങി: “നമുക്കു ഭക്ഷിക്കാൻ തന്റെ മാംസം തരാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയും?”
53യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല. 54എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും. 55എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു. 56എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും. 57ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും. 58ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.” 59കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്.
പല ശിഷ്യന്മാരും യേശുവിനെ വിട്ടുപോകുന്നു
60ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
61ശിഷ്യന്മാർ ഇതെക്കുറിച്ചു പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയിട്ട് യേശു അവരോടു പറഞ്ഞത്: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ? 62മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്കു കാണാൻ കഴിഞ്ഞെങ്കിലോ? 63ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു. 64എങ്കിലും വിശ്വസിക്കാത്ത ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.” അവരിൽ ആരാണു വിശ്വസിക്കാത്തതെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നും ആദ്യംമുതൽ യേശു അറിഞ്ഞിരുന്നു. 65അവിടന്ന് തുടർന്നു: “ഇതുകൊണ്ടാണ് പിതാവ് വരം നൽകിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.”
66അപ്പോൾമുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല.
67“നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?” യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോട് ചോദിച്ചു.
68അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ. 69അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.”
70അപ്പോൾ യേശു, “നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ പിശാചാണ്” എന്നു പറഞ്ഞു. 71(ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദായെ ഉദ്ദേശിച്ചാണ് അദ്ദേഹമിതു പറഞ്ഞത്. അയാൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനെങ്കിലും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനുള്ളവനായിരുന്നു.)
Tällä hetkellä valittuna:
യോഹന്നാൻ 6: MCV
Korostus
Jaa
Kopioi
Haluatko, että korostuksesi tallennetaan kaikille laitteillesi? Rekisteröidy tai kirjaudu sisään
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.