ലൂക്കോസ് 19

19
നികുതിപിരിവുകാരൻ സക്കായി
1യേശു യെരീഹോവിൽ എത്തി ആ പട്ടണത്തിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു. 2സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അയാൾ നികുതിപിരിവുകാരിൽ പ്രധാനിയും ധനികനും ആയിരുന്നു. 3യേശുവിനെ കാണാൻ സക്കായി ശ്രമിച്ചെങ്കിലും അയാൾ ഉയരം കുറഞ്ഞവനാകുകയാൽ ആൾക്കൂട്ടംനിമിത്തം സാധിച്ചില്ല. 4യേശു വന്നുകൊണ്ടിരുന്ന വഴിയിൽക്കൂടെ അയാൾ മുന്നോട്ടോടി; അദ്ദേഹത്തെ കാണാനായി ഒരു കാട്ടത്തിമരത്തിൽ കയറിയിരുന്നു.
5യേശു ആ സ്ഥലത്തെത്തിയപ്പോൾ മുകളിലേക്കുനോക്കിക്കൊണ്ട്, “സക്കായീ, പെട്ടെന്ന് ഇറങ്ങിവാ, ഞാൻ ഇന്നു നിന്റെ വീട്ടിൽ താമസിക്കേണ്ടതാകുന്നു” എന്ന് അയാളോടു പറഞ്ഞു. 6അയാൾ വേഗത്തിൽ ഇറങ്ങിവന്ന് അദ്ദേഹത്തെ ആനന്ദത്തോടെ സ്വീകരിച്ചു.
7ജനങ്ങൾ എല്ലാവരും ഇതുകണ്ട്, “ഒരു പാപിയെന്ന് കുപ്രസിദ്ധനായവന്റെ ആതിഥ്യം സ്വീകരിക്കാൻ അദ്ദേഹം പോയിരിക്കുന്നു” എന്നു പിറുപിറുത്തു.
8എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു.
9അപ്പോൾ യേശു, “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ ഭവനത്തിന് രക്ഷ വന്നിരിക്കുന്നു; 10കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്” എന്നു പ്രതിവചിച്ചു.
പത്തു നാണയത്തിന്റെ സാദൃശ്യകഥ
11യേശു ജെറുശലേമിനെ സമീപിച്ചുകൊണ്ടിരുന്നു. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്നു പ്രതീക്ഷിച്ച ജനം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ ജനത്തോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു. 12“അഭിജാതനായ ഒരു മനുഷ്യൻ രാജാഭിഷിക്തനായി തിരിച്ചുവരേണ്ടതിനു വിദൂരദേശത്തേക്കു യാത്രയാകുകയായിരുന്നു. 13അയാൾ തന്റെ സേവകരിൽ പത്തുപേരെ വിളിച്ച് അവരെ മിന്നാ#19:13 ഒരു മിന്നാ ഏകദേശം ദിവസവേതനക്കാരന്റെ മൂന്നു മാസത്തെ കൂലിക്കു തുല്യം. ഏൽപ്പിച്ചിട്ട്, ‘ഞാൻ തിരികെ വരുംവരെ ഈ പണംകൊണ്ടു വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു.
14“എന്നാൽ, അയാളെ വെറുത്തിരുന്ന പ്രജകൾ, ‘ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല’ എന്നു പറഞ്ഞ് അയാളുടെ പിന്നാലെ ചക്രവർത്തിയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു.
15“എങ്കിലും രാജാവായിത്തന്നെ അദ്ദേഹം തിരിച്ചെത്തി. താൻ പണം ഏൽപ്പിച്ചിരുന്ന സേവകർ ആ പണംകൊണ്ട് എന്തു ലാഭമുണ്ടാക്കിയെന്ന് അറിയേണ്ടതിന് അദ്ദേഹം അവരെ വിളിപ്പിച്ചു.
16“ഒന്നാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ പത്തുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.
17“അപ്പോൾ രാജാവ്, ‘വളരെ നല്ലത്, സമർഥനായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, നീ പത്തു പട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു.
18“രണ്ടാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ അഞ്ചുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.
19“അതിന് രാജാവ്, ‘നീ അഞ്ചുപട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു മറുപടി പറഞ്ഞു.
20“എന്നാൽ ഇതിനുശേഷം മറ്റൊരാൾ വന്ന്, ‘പ്രഭോ, ഇതാ താങ്കളുടെ പണം! ഞാൻ അത് ഒരു തൂവാലയിൽ കെട്ടി സൂക്ഷിച്ചുവെച്ചു. 21കാരണം, വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനായ അങ്ങയെ ഞാൻ ഭയപ്പെട്ടു’ എന്നു പറഞ്ഞു.
22“രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ? 23പിന്നെ, നീ എന്തുകൊണ്ട് എന്റെ പണം ബാങ്കിലെങ്കിലും നിക്ഷേപിക്കാതിരുന്നു? എന്നാൽ ഞാൻ മടങ്ങിവന്ന് അത് പലിശയോടുകൂടി വാങ്ങുമായിരുന്നല്ലോ!’
24“പിന്നെ അദ്ദേഹം അരികെ നിൽക്കുന്നവരോട്, ‘ആ മിന്നാ അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് മിന്നായുള്ളവന് കൊടുക്കുക’ എന്നു പറഞ്ഞു.
25“ ‘പ്രഭോ, അവനു പത്തുണ്ടല്ലോ!’ അവർ പറഞ്ഞു.
26“ ‘ഉള്ളവർക്കെല്ലാം അധികം നൽകപ്പെടും; എന്നാൽ ഒന്നും ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും. 27തുടർന്ന് രാജാവ്, നാം രാജാവായിത്തീരാൻ ഇഷ്ടപ്പെടാതിരുന്ന നമ്മുടെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് നമ്മുടെമുമ്പിൽവെച്ചു വധിക്കുക’ എന്ന് ആജ്ഞാപിച്ചു.”
ജെറുശലേമിലേക്കുള്ള ജൈത്രയാത്ര
28ഈ കഥ പറഞ്ഞുതീർന്നതിനുശേഷം യേശു അവിടത്തെ അനുയായികളുടെ മുന്നിലായി നടന്ന് ജെറുശലേമിലേക്കു യാത്രതുടർന്നു. 29യേശു ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ, ഇങ്ങനെ പറഞ്ഞയച്ചു: 30“നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അതിൽ പ്രവേശിക്കുമ്പോൾ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക. 31അതിനെ അഴിക്കുന്നതെന്തിന് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്ന് അയാളോട് മറുപടി പറയുക.”
32അയയ്ക്കപ്പെട്ടവർ പോയി, തങ്ങളോടു പറഞ്ഞിരുന്നതുപോലെ കണ്ടു. 33അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ, “നിങ്ങൾ ഈ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു.
34“കർത്താവിന് ഇതിനെ ആവശ്യമുണ്ട്,” അവർ മറുപടി പറഞ്ഞു.
35അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെമേൽ വിരിച്ച് യേശുവിനെ ഇരുത്തി. 36അദ്ദേഹം പോകുമ്പോൾ ജനങ്ങൾ തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.
37ഒലിവുമലയുടെ ഇറക്കത്തിന് അടുത്ത് യേശു എത്തിയപ്പോൾ, തങ്ങൾ കണ്ട സകല അത്ഭുതപ്രവൃത്തികളെയുംകുറിച്ച് ആനന്ദിച്ച് ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ ദൈവത്തെ വാഴ്ത്തിക്കൊണ്ട്:
38“കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ!#19:38 സങ്കീ. 118:26
“സ്വർഗത്തിൽ സമാധാനം; സ്വർഗോന്നതങ്ങളിൽ മഹത്ത്വം”
എന്ന് അത്യുച്ചത്തിൽ ആർത്തു.
39ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചില പരീശന്മാർ യേശുവിനോട്, “ഗുരോ, അങ്ങയുടെ ശിഷ്യന്മാരെ ശാസിക്കുക!” എന്നു പറഞ്ഞു.
40“അവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും,” യേശു പ്രതിവചിച്ചു.
41യേശു ജെറുശലേമിനു സമീപം എത്തി, ആ നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട് 42അദ്ദേഹം പറഞ്ഞു: “നിനക്കു സമാധാനമേകുന്ന കാര്യങ്ങൾ ഇപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! പക്ഷേ, ഇപ്പോൾ അവ നിനക്ക് അഗോചരങ്ങളായിരിക്കുന്നു. 43നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു. 44അവർ നിന്നെയും നിന്റെ മതിലുകൾക്കുള്ളിലുള്ള നിന്റെ മക്കളെയും നിലംപരിചാക്കും. അവർ ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിപ്പിക്കുകയില്ല. ദൈവം നിന്നെ സന്ദർശിച്ച കാലം നീ തിരിച്ചറിയാതിരുന്നതുകൊണ്ട് ഇതു നിനക്കു സംഭവിക്കും.”
യേശു ദൈവാലയത്തിൽ
45പിന്നെ അദ്ദേഹം ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വ്യാപാരം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. 46അദ്ദേഹം അവരോടു പറഞ്ഞു: “ ‘എന്റെ ആലയം പ്രാർഥനാലയം ആയിരിക്കും’#19:46 യെശ. 56:7 എന്നു രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”#19:46 യിര. 7:11
47ഇതിനുശേഷം അദ്ദേഹം ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു. എന്നാൽ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും ജനനേതാക്കന്മാരും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങി. 48ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ വചനത്തിൽ ആകൃഷ്ടരായിരുന്നതിനാൽ, അതിനൊരു മാർഗവും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.

Tällä hetkellä valittuna:

ലൂക്കോസ് 19: MCV

Korostus

Jaa

Kopioi

None

Haluatko, että korostuksesi tallennetaan kaikille laitteillesi? Rekisteröidy tai kirjaudu sisään