ഉല്പത്തി 18
18
1അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. 2#എബ്രായർ 13:2അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: 3യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. 4അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. 5ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. 6നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. 7അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. 8പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു. 9അവർ അവനോടു: നിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു. 10#റോമർ 9:9ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു. 11എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു. 12#1. പത്രൊസ് 3:6ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. 13യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? 14#ലൂക്കൊസ് 1:37യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു. 15സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു.
16ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി. 17അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ? 18അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ. 19യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു. 20പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു. 21ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു. 22അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു. 23അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? 24പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ? 25ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ; നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ? 26അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു. 27പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ. 28അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 29അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നു: ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 30അതിന്നു അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതുപേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 31ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 32അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 33യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.
נבחרו כעת:
ഉല്പത്തി 18: വേദപുസ്തകം
הדגשה
שתף
העתק

רוצים לשמור את ההדגשות שלכם בכל המכשירים שלכם? הירשמו או היכנסו
Malayalam Bible 1910 - Revised and in Contemporary Orthography (മലയാളം സത്യവേദപുസ്തകം 1910 - പരിഷ്കരിച്ച പതിപ്പ്, സമകാലിക അക്ഷരമാലയിൽ) © 2015 by The Free Bible Foundation is licensed under a Creative Commons Attribution-ShareAlike 4.0 International License (CC BY SA 4.0). To view a copy of this license, visit http://creativecommons.org/licenses/by-sa/4.0/
Digitized, revised and updated to the contemporary orthography by volunteers of The Free Bible Foundation, based on the Public Domain version of Malayalam Bible 1910 Edition (മലയാളം സത്യവേദപുസ്തകം 1910), available at https://archive.org/details/Sathyavedapusthakam_1910.