ഉൽപത്തി 2

2
1ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. 2താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി. 3താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.
4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല. 5യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലമൊക്കെയും നനച്ചുവന്നു. 7യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. 8അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്‍ടിച്ച മനുഷ്യനെ അവിടെ ആക്കി. 9കാൺമാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. 10തോട്ടം നനപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. 11ഒന്നാമത്തേതിനു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്. 12ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്. 13രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു കൂശ്ദേശമൊക്കെയും ചുറ്റുന്നു. 14മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. 15യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻതോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി. 16യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.
18അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു: 19യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവയ്ക്ക് എന്തു പേരിടുമെന്നു കാൺമാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടത് അവയ്ക്ക് പേരായി; 20മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. 21ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു. 22യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. 23അപ്പോൾ മനുഷ്യൻ: ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽനിന്ന് അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു. 24അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും. 25മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.

Pati Souliye

Pataje

Kopye

None

Ou vle gen souliye ou yo sere sou tout aparèy ou yo? Enskri oswa konekte