ലൂക്കൊസ് 22

22
1പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു. 2അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
3എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കര്യോത്താ യൂദായിൽ സാത്താൻ കടന്നു: 4അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. 5അവർ സന്തോഷിച്ച് അവനു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. 6അവൻ വാക്കു കൊടുത്തു; പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
7പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആയപ്പോൾ 8അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു. 9ഞങ്ങൾ എവിടെ ഒരുക്കേണം എന്ന് അവർ ചോദിച്ചതിന്: 10നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യൻ നിങ്ങൾക്ക് എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോട്: 11ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ. 12അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്ന് അവരോടു പറഞ്ഞു. 13അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.
14സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു. 15അവൻ അവരോട്: ഞാൻ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു. 16അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 17പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ. 18ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതൽ കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 19പിന്നെ അപ്പം എടുത്തു വാഴ്ത്തിനുറുക്കി അവർക്കു കൊടുത്തു: ഇതു നിങ്ങൾക്കുവേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്‍വിൻ എന്നു പറഞ്ഞു. 20അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു. 21എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത് ഉണ്ട്. 22നിർണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു. 23ഇതു ചെയ്‍വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്ന് അവർ തമ്മിൽ തമ്മിൽ ചോദിച്ചുതുടങ്ങി.
24തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി. 25അവനോ അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാർ അവരിൽ കർത്തൃത്വം നടത്തുന്നു; അവരുടെമേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു. 26നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. 27ആരാകുന്നു വലിയവൻ? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. 28നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. 29എന്റെ പിതാവ് എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. 30നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിനെയും ന്യായംവിധിക്കയും ചെയ്യും. 31ശിമോനേ, ശിമോനേ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. 32ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക. 33അവൻ അവനോട്: കർത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 34അതിന് അവൻ: പത്രൊസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നു വട്ടം തള്ളിപ്പറയുംമുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
35പിന്നെ അവൻ അവരോട്: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്ന് അവർ പറഞ്ഞു. 36അവൻ അവരോട്: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കട്ടെ; അവ്വണ്ണംതന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ. 37അവനെ അധർമികളുടെ കൂട്ടത്തിൽ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന് നിവൃത്തിവരുന്നു എന്നു പറഞ്ഞു. 38കർത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ട് എന്ന് അവർ പറഞ്ഞതിന്: മതി എന്ന് അവൻ അവരോടു പറഞ്ഞു.
39പിന്നെ അവൻ പതിവുപോലെ ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. 40ആ സ്ഥലത്ത് എത്തിയപ്പോൾ അവൻ അവരോട്: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാർഥിപ്പിൻ എന്നു പറഞ്ഞു. 41താൻ അവരെ വിട്ട് ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി: 42പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടം അല്ല നിന്റെ ഇഷ്ടംതന്നെ ആകട്ടെ എന്നു പ്രാർഥിച്ചു. 43അവനെ ശക്തിപ്പെടുത്തുവാൻ സ്വർഗത്തിൽനിന്ന് ഒരു ദൂതൻ അവന് പ്രത്യക്ഷനായി . 44പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാർഥിച്ചു; അവന്റെ വിയർപ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. 45അവൻ പ്രാർഥന കഴിഞ്ഞ് എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ട് അവരോട്: 46നിങ്ങൾ ഉറങ്ങുന്നത് എന്ത്? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാർഥിപ്പിൻ എന്നു പറഞ്ഞു.
47അവൻ സംസാരിക്കുമ്പോൾതന്നെ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവർക്കു മുൻനടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തു വന്നു. 48യേശു അവനോട്: യൂദായേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു. 49സംഭവിപ്പാൻ പോകുന്നത് അവന്റെ കൂടെയുള്ളവർ കണ്ടു: കർത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. 50അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാത് അറുത്തു. 51അപ്പോൾ യേശു: ഇത്രയ്ക്കു വിടുവിൻ എന്നു പറഞ്ഞ് അവന്റെ കാതു തൊട്ടു സൗഖ്യമാക്കി. 52യേശു തന്റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരേ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? 53ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരേ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
54അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു. 55അവർ നടുമുറ്റത്തിന്റെ മധ്യേ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു. 56അവൻ തീവെട്ടത്തിനടുക്കെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ ഉറ്റുനോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. 57അവനോ: സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു. 58കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു. 59ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കർഷിച്ചു പറഞ്ഞു. 60മനുഷ്യാ, നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾതന്നെ പെട്ടെന്ന് കോഴി കൂകി. 61അപ്പോൾ കർത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കർത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓർത്തു 62പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.
63യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണു കെട്ടി തല്ലി: 64പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു. 65മറ്റു പലതും അവനെ ദുഷിച്ചുപറഞ്ഞു.
66നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു. 67അവൻ അവരോട്: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല; 68ഞാൻ ചോദിച്ചാൽ ഉത്തരം പറകയുമില്ല. 69എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു. 70എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്ന് എല്ലാവരും ചോദിച്ചതിന്: നിങ്ങൾ പറയുന്നത് ശരി; ഞാൻ ആകുന്നു എന്ന് അവൻ പറഞ്ഞു. 71അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്ക് എന്ത് ആവശ്യം? നാംതന്നെ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.

Kiemelés

Megosztás

Másolás

None

Szeretnéd, hogy a kiemeléseid minden eszközödön megjelenjenek? Regisztrálj vagy jelentkezz be