യോഹ. 1
1
ആദിയിലെ വചനം
1ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. 2അവൻ, ഈ വചനം, ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു. 3സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതൊന്നും അവനെ കൂടാതെ ഉളവായതല്ല. 4അവനിൽ ജീവൻ ഉണ്ടായിരുന്നു; ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. 5വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
6ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു; അവന്റെ പേരു യോഹന്നാൻ. 7താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറവാൻ തന്നെ അവൻ വന്നു. 8യോഹന്നാൻ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തെക്കുറിച്ച് സാക്ഷ്യം പറയേണ്ടുന്നവനായിട്ടത്രേ അവൻ വന്നത്. 9എല്ലാവരെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
10അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. 11അവൻ തന്റെ സ്വന്തമായതിലേക്ക് വന്നു; സ്വന്തജനങ്ങളോ അവനെ സ്വീകരിച്ചില്ല. 12അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. 13അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.
14വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു വന്ന ഏകജാതനായവൻ്റെ തേജസ്സായി കണ്ടു. 15യോഹന്നാൻ അവനെക്കുറിച്ച് സാക്ഷീകരിച്ചു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായി തീർന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ എന്നു വിളിച്ചുപറഞ്ഞു. 16അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു. 17ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു. 18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന, ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
സ്നാപകയോഹന്നാന്റെ സാക്ഷ്യം
19“നീ ആർ?“ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന് യെഹൂദന്മാർ യെരൂശലേമിൽ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കൽ അയച്ചപ്പോൾ അവന്റെ സാക്ഷ്യം എന്തെന്നാൽ 20അവൻ മറുപടി പറയാൻ വിസമ്മതിക്കാതെ, ‘ഞാൻ ക്രിസ്തു അല്ല’ എന്നു വ്യക്തമായി ഏറ്റുപറഞ്ഞു. 21അവർ അവനോട് ചോദിച്ചു, “എങ്കിൽ പിന്നെ ആരാണ് നീ? നീ ഏലിയാവോ?“ എന്നു അവനോട് ചോദിച്ചതിന്: “അല്ല“ എന്നു അവൻ പറഞ്ഞു. “നീ ആ പ്രവാചകനോ?“ എന്നതിന്: “അല്ല“ എന്നു അവൻ ഉത്തരം പറഞ്ഞു.
22അപ്പോൾ അവർ അവനോട്: “നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിന് നീ നിന്നെക്കുറിച്ച് തന്നെ എന്ത് പറയുന്നു?“ എന്നു ചോദിച്ചു.
23അതിന് അവൻ: “യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ:
കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു
മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ആകുന്നു ഞാൻ എന്നു പറഞ്ഞു.“
24അവിടെ പരീശന്മാരുടെ കൂട്ടത്തിൽനിന്ന് അയച്ചവർ ഉണ്ടായിരുന്നു. 25അവർ അവനോട്: “നീ ക്രിസ്തുവല്ല, ഏലിയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നത് എന്ത്?“ എന്നു ചോദിച്ചു.
26അതിന് യോഹന്നാൻ: “ഞാൻ വെള്ളംകൊണ്ട് സ്നാനപ്പെടുത്തുന്നു; എന്നാൽ നിങ്ങൾ തിരിച്ചറിയാത്ത ഒരുവൻ നിങ്ങളുടെ ഇടയിൽ നില്ക്കുന്നുണ്ട്; 27എന്റെ പിന്നാലെ വരുന്നവൻ തന്നെ; അവന്റെ ചെരിപ്പിന്റെ വാറ് അഴിക്കുവാൻ ഞാൻ യോഗ്യൻ അല്ല“ എന്നു ഉത്തരം പറഞ്ഞു. 28ഇവ യോർദ്ദാനക്കരെ യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബെഥാന്യയിൽ സംഭവിച്ചു.
യേശു ദൈവത്തിന്റെ കുഞ്ഞാട്.
29പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നത് യോഹന്നാൻ കണ്ടിട്ട്: “ഇതാ, ലോകത്തിന്റെ പാപം ചുമന്നു നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. 30എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്ക് മുമ്പെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നെ. 31ഞാനോ അവനെ തിരിച്ചറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിനു വെളിപ്പെടേണ്ടതിന് ഞാൻ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുവാൻ വന്നിരിക്കുന്നു“ എന്നു പറഞ്ഞു.
32യോഹന്നാൻ പിന്നെയും സാക്ഷ്യം പറഞ്ഞത്: “ആത്മാവ് ഒരു പ്രാവുപോലെ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു; അത് അവന്റെമേൽ വസിച്ചു. 33ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം കഴിപ്പിക്കുവാൻ എന്നെ അയച്ചവൻ എന്നോട്: ആരുടെമേൽ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവൻ തന്നെയാകുന്നു പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ“ എന്നു പറഞ്ഞു. 34അങ്ങനെ ഞാൻ അത് കാണുകയും ഇവൻ തന്നെ ദൈവപുത്രൻ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
യേശുവിന്റെ ആദ്യശിഷ്യന്മാർ
35പിറ്റെന്നാൾ യോഹന്നാൻ പിന്നെയും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി അവിടെ നില്ക്കുമ്പോൾ 36യേശു നടന്നുപോകുന്നത് കണ്ടിട്ട്; “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്“ എന്നു പറഞ്ഞു. 37അവൻ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാർ കേട്ടു യേശുവിനെ അനുഗമിച്ചു.
38യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നത് കണ്ടിട്ട് അവരോട്: നിങ്ങൾക്ക് എന്ത് വേണം? എന്നു ചോദിച്ചു;
അവർ: “റബ്ബീ#1:38 റബ്ബീ എന്നു വെച്ചാൽ ഗുരു എന്നർത്ഥം, നീ എവിടെ താമസിക്കുന്നു?“ എന്നു ചോദിച്ചു.
39അവൻ അവരോട്: വന്നുകാണ്മിൻ എന്നു പറഞ്ഞു. അങ്ങനെ അവൻ വസിക്കുന്ന ഇടം അവർ വന്നുകണ്ടു; അപ്പോൾ ഏകദേശം പത്താം#1:39 വൈകിട്ട് 4 മണി മുതൽ വൈകിട്ട് 5 മണിവരെ മണിനേരം ആയിരുന്നതുകൊണ്ട് അന്നു അവനോടുകൂടെ താമസിച്ചു. 40യോഹന്നാൻ പറഞ്ഞത് കേട്ടു യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരുവൻ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു. 41അവൻ ആദ്യം തന്റെ സഹോദരനായ ശിമോനെ കണ്ടു അവനോട്: “ഞങ്ങൾ മശീഹായെ എന്നുവച്ചാൽ ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. 42അവൻ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു അവനെ നോക്കിയിട്ട്; നീ യോഹന്നാന്റെ പുത്രനായ ശിമോൻ ആകുന്നു; നീ കേഫാ എന്നു വിളിക്കപ്പെടും, അതിന്റെ അർത്ഥം പത്രൊസ് എന്നാകുന്നു.
ഫിലിപ്പോസും നഥനയേലും
43പിറ്റെന്നാൾ യേശു ഗലീലയ്ക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ ഫിലിപ്പൊസിനെ കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോട് പറഞ്ഞു. 44ഫിലിപ്പൊസോ അന്ത്രെയാസിന്റെയും പത്രൊസിൻ്റെയും പട്ടണമായ ബേത്ത്സയിദയിൽ നിന്നുള്ളവൻ ആയിരുന്നു.
45ഫിലിപ്പൊസ് നഥനയേലിനെ കണ്ടു അവനോട്: “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവൻ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരൻ തന്നെ“ എന്നു പറഞ്ഞു.
46നഥനയേൽ അവനോട്: “നസറെത്തിൽനിന്ന് വല്ല നന്മയും വരുമോ?“ എന്നു പറഞ്ഞു.
ഫിലിപ്പൊസ് അവനോട്: “വന്നു കാൺക“ എന്നു പറഞ്ഞു.
47നഥനയേൽ തന്റെ അടുക്കൽ വരുന്നത് കണ്ടിട്ട് അവനെക്കുറിച്ച് യേശു: ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല എന്നു അവനെക്കുറിച്ച് പറഞ്ഞു.
48നഥനയേൽ അവനോട്: “നീ എന്നെ എങ്ങനെ അറിയും?“ എന്നു ചോദിച്ചു.
അതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
49നഥനയേൽ അവനോട്: “റബ്ബീ, നീ ദൈവപുത്രൻ ആകുന്നു, നീ യിസ്രായേലിന്റെ രാജാവ് ആകുന്നു“ എന്നു ഉത്തരം പറഞ്ഞു.
50യേശു അവനോട്: ഞാൻ നിന്നെ അത്തിയുടെ കീഴിൽ കണ്ടു എന്നു നിന്നോട് പറകകൊണ്ട് നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാൾ വലിയത് കാണും എന്നു ഉത്തരം പറഞ്ഞു. 51സത്യം സത്യമായി ഞാൻ നിന്നോട് പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ്റെമേൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നീ കാണും എന്നും അവനോടു പറഞ്ഞു.
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.