LUKA 23

23
പീലാത്തോസിന്റെ മുമ്പിൽ
(മത്താ. 27:1-2-11-14; മർക്കോ. 15:1-5; യോഹ. 18:28-38)
1അനന്തരം അവരെല്ലാവരുംകൂടി യേശുവിനെ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി. 2“ഇയാൾ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾക്കു ബോധ്യമായിരിക്കുന്നു; ക്രിസ്തു എന്ന രാജാവ് താനാണെന്നു പറഞ്ഞുകൊണ്ട് കൈസർക്കു കരം കൊടുക്കുന്നത് ഇയാൾ വിലക്കുകയും ചെയ്യുന്നു” എന്നിങ്ങനെയുള്ള ആരോപണങ്ങൾ അവർ യേശുവിനെതിരെ ഉന്നയിക്കുവാൻ തുടങ്ങി.
3പീലാത്തോസ് യേശുവിനോട്, “താങ്കൾ യെഹൂദന്മാരുടെ രാജാവു തന്നെയോ?” എന്നു ചോദിച്ചു.
അതിന് യേശു “അങ്ങ് അങ്ങനെ പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.
4പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനസഞ്ചയത്തോടും പറഞ്ഞു: “ഈ മനുഷ്യനിൽ ഞാൻ കുറ്റമൊന്നും കാണുന്നില്ല.”
5അപ്പോൾ അവർ തറപ്പിച്ചു പറഞ്ഞു: “ഇയാൾ ഗലീലതൊട്ട് ഇവിടംവരെയും യെഹൂദ്യയിലെല്ലായിടത്തും ജനങ്ങളെ ഉപദേശിച്ചു പ്രക്ഷോഭമുണ്ടാക്കുന്നു.”
ഹേരോദായുടെ മുമ്പിൽ
6ഇതുകേട്ടപ്പോൾ “ഇയാൾ ഗലീലക്കാരനാണോ?” എന്നു പീലാത്തോസ് ചോദിച്ചു. 7ഹേരോദായുടെ അധികാരാതിർത്തിക്കുള്ളിലുള്ള ആളാണെന്നു മനസ്സിലാക്കിയപ്പോൾ പീലാത്തോസ് യേശുവിനെ അദ്ദേഹത്തിന്റെ അടുക്കലേക്കയച്ചു. ഹേരോദാ ആ സമയത്ത് യെരൂശലേമിലുണ്ടായിരുന്നു. 8യേശുവിനെ കണ്ടപ്പോൾ അദ്ദേഹം അത്യന്തം സന്തോഷിച്ചു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിനാൽ നേരിട്ടു കാണാൻ വളരെ നാളുകളായി ഹേരോദാ ആഗ്രഹിച്ചിരിക്കുകയായിരുന്നു. യേശു എന്തെങ്കിലും അദ്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്നും അദ്ദേഹം ആശിച്ചിരുന്നു. 9ഹേരോദാ ഒട്ടേറേ കാര്യങ്ങൾ യേശുവിനോടു ചോദിച്ചു. പക്ഷേ, അവിടുന്ന് ഒരു മറുപടിയും പറഞ്ഞില്ല. 10പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും മുമ്പോട്ടുവന്ന് യേശുവിനെതിരെ ഉഗ്രമായ കുറ്റാരോപണം നടത്തി. 11ഹേരോദായും പടയാളികളും വളരെ നിന്ദ്യമായി അവിടുത്തോട് പെരുമാറുകയും അവിടുത്തെ പരിഹസിക്കുകയും ചെയ്തു. അനന്തരം അവിടുത്തെ പുച്ഛിച്ച്, പകിട്ടേറിയ വസ്ത്രം ധരിപ്പിച്ച് പീലാത്തോസിന്റെ അടുക്കലേക്കു തിരിച്ചയച്ചു. 12പീലാത്തോസും ഹേരോദായും അതുവരെ ശത്രുതയിലാണു കഴിഞ്ഞിരുന്നത്. എന്നാൽ അന്നുമുതൽ അവർ മിത്രങ്ങളായിത്തീർന്നു.
വധശിക്ഷയ്‍ക്കു വിധിക്കപ്പെടുന്നു
(മത്താ. 27:15-26; മർക്കോ. 15:6-15; യോഹ. 18:39—19:16)
13പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ജനപ്രമാണിമാരെയും പൊതുജനങ്ങളെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: 14“ജനങ്ങളെ വഴിതെറ്റിക്കുന്നു എന്ന കുറ്റം ആരോപിച്ചുകൊണ്ടാണല്ലോ ഈ മനുഷ്യനെ നിങ്ങൾ എന്റെ അടുക്കൽ കൊണ്ടുവന്നത്; നിങ്ങളുടെ മുമ്പിൽവച്ച് ഞാൻ ഇയാളെ വിസ്തരിക്കുകയും ചെയ്തു. പക്ഷേ, ഈ മനുഷ്യനെതിരെ നിങ്ങളാരോപിച്ച കുറ്റമൊന്നും ഞാൻ കണ്ടില്ല: 15ഹേരോദായും കണ്ടില്ല. അതുകൊണ്ടാണല്ലോ അദ്ദേഹം ഇയാളെ നമ്മുടെ അടുക്കലേക്കു തിരിച്ചയച്ചത്. വധശിക്ഷയ്‍ക്ക് അർഹമായ യാതൊന്നും ഇയാൾ ചെയ്തിട്ടില്ല. 16അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാൻ വിട്ടയയ്‍ക്കും.”
17 # 23:17 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല. ഉത്സവസമയത്ത് ഒരു തടവുകാരനെ മോചിപ്പിക്കുക അന്നു പതിവായിരുന്നു. 18എന്നാൽ ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു: “ഇവനെ കൊന്നുകളയുക! ബറബ്ബാസിനെ ഞങ്ങൾക്കു വിട്ടുതരിക!” 19ബറബ്ബാസാകട്ടെ നഗരത്തിൽ നടന്ന ഒരു കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ തടവിലാക്കപ്പെട്ടിരുന്ന ആളായിരുന്നു.
20യേശുവിനെ വിട്ടയയ്‍ക്കണമെന്നാഗ്രഹിച്ചുകൊണ്ട് പീലാത്തോസ് വീണ്ടും അവരെ വിളിച്ചു സംസാരിച്ചു. 21ജനസഞ്ചയമാകട്ടെ, “ക്രൂശിക്കുക! അവനെ ക്രൂശിക്കുക!” എന്ന് അട്ടഹസിച്ചു.
22മൂന്നാം പ്രാവശ്യം പീലാത്തോസ് അവരോടു ചോദിച്ചു: “എന്തിന്? ഇയാൾ എന്തു തെറ്റാണ് ചെയ്തത്? വധശിക്ഷയ്‍ക്ക് അർഹമായ കുറ്റമൊന്നും ഈ മനുഷ്യനിൽ ഞാൻ കണ്ടില്ല; അതുകൊണ്ട് ഇയാളെ ചാട്ടവാറുകൊണ്ട് അടിപ്പിച്ചശേഷം ഞാൻ വിട്ടയയ്‍ക്കും.”
23എന്നാൽ യേശുവിനെ ക്രൂശിക്കണമെന്ന് അവർ തുടരെ അട്ടഹസിച്ചുകൊണ്ടു നിർബന്ധപൂർവം ആവശ്യപ്പെട്ടു. അവസാനം അവരുടെ അട്ടഹാസം വിജയിച്ചു. 24അവർ ആവശ്യപ്പെട്ടതുപോലെ തന്നെ പീലാത്തോസ് വിധിച്ചു. 25കലാപം, കൊലപാതകം എന്നീ കുറ്റങ്ങൾക്കു തുറങ്കിലടയ്‍ക്കപ്പെട്ടിരുന്ന ബറബ്ബാസിനെ അവർ ആവശ്യപ്പെട്ടപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിച്ചു കൊടുക്കുകയും ചെയ്തു.
കാൽവറിയിലേക്ക്
(മത്താ. 27:32-44; മർക്കോ. 15:21-32; യോഹ. 19:17-27)
26യേശുവിനെ ക്രൂശിൽ തറയ്‍ക്കുവാൻ കൊണ്ടുപോകുമ്പോൾ കുറേനക്കാരനായ ശിമോൻ കൃഷിസ്ഥലത്തുനിന്നു വരികയായിരുന്നു. അവർ അയാളെ തടഞ്ഞു നിറുത്തി കുരിശു ചുമന്നുകൊണ്ടു യേശുവിന്റെ പിന്നാലേ പോകുന്നതിന് അത് അയാളുടെ ചുമലിൽ വച്ചുകൊടുത്തു.
27ഒരു വലിയ ജനാവലി യേശുവിനെ അനുഗമിച്ചിരുന്നു. അവിടുത്തേക്കുറിച്ചു വിലപിക്കുകയും പൊട്ടിക്കരയുകയും ചെയ്യുന്ന സ്‍ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. 28യേശു തിരിഞ്ഞ് അവരോടു പറഞ്ഞു: “യെരൂശലേമിലെ വനിതകളേ, എന്നെച്ചൊല്ലി നിങ്ങൾ കരയേണ്ടതില്ല; നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലിക്കരയുക. 29എന്തെന്നാൽ വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്ത സ്‍ത്രീകളും പിഞ്ചുകുഞ്ഞുങ്ങളില്ലാത്ത മാതാക്കളും ഭാഗ്യവതികൾ എന്നു പറയേണ്ടിവരുന്ന ദിവസങ്ങൾ വരുന്നു! 30പർവതങ്ങളോടു ‘ഞങ്ങളുടെമേൽ വീഴുക’ എന്നും മലകളോടു ‘ഞങ്ങളെ മൂടുക’ എന്നും അന്ന് അവർ പറഞ്ഞുതുടങ്ങും. 31പച്ചമരത്തോട് ഇങ്ങനെ അവർ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്താണു സംഭവിക്കാതിരിക്കുക.”
യേശു ക്രൂശിക്കപ്പെടുന്നു
32രണ്ടു കുറ്റവാളികളെക്കൂടി യേശുവിനോടൊപ്പം വധിക്കുവാൻ അവർ കൊണ്ടുപോയി. 33തലയോട് എന്നു പേരുള്ള സ്ഥലത്ത് അവർ എത്തി. അവിടെ യേശുവിനെയും അവിടുത്തെ ഇടത്തും വലത്തും ആ കുറ്റവാളികളെയും അവർ കുരിശിൽ തറച്ചു. 34#23:34 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല.യേശു ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, ഇവരോടു ക്ഷമിക്കണമേ; ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ലല്ലോ!”
പിന്നീട് യേശുവിന്റെ വസ്ത്രം പങ്കിടുന്നതിനുവേണ്ടി അവർ ചീട്ടിട്ടു. 35ജനം ഇതെല്ലാം നോക്കിക്കൊണ്ട് അടുത്തുനിന്നു.
യെഹൂദന്മാർ അവിടുത്തെ പരിഹസിച്ചുകൊണ്ടു പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു ആണെങ്കിൽ ഇവൻ സ്വയം രക്ഷപെടട്ടെ”
36പടയാളികളും യേശുവിനെ പരിഹസിച്ചു; അവർ അടുത്ത ചെന്നു പുളിച്ച വീഞ്ഞു നീട്ടിക്കൊടുത്തുകൊണ്ട് 37“നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷപെടുത്തുക” എന്നു പറഞ്ഞു.
38‘ഇവൻ യെഹൂദന്മാരുടെ രാജാവ്’ എന്ന് എഴുതി കുരിശിന്റെ മുകളിൽ വച്ചിരുന്നു.
39കുരിശിൽ തറയ്‍ക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ യേശുവിനെ അവഹേളിച്ചുകൊണ്ടു പറഞ്ഞു: “താങ്കൾ ക്രിസ്തുവല്ലേ? താങ്കളെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക.”
40എന്നാൽ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു: “തുല്യശിക്ഷയ്‍ക്കു വിധേയനായിട്ടും നിനക്കു ദൈവത്തെ ഭയമില്ലേ? 41നമ്മുടെ ശിക്ഷ തികച്ചും ന്യായമായിട്ടുള്ളതത്രേ. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലമാണു ലഭിച്ചിരിക്കുന്നത്. ഇദ്ദേഹമാകട്ടെ, ഒരു തെറ്റും ചെയ്തിട്ടില്ല.” 42പിന്നീട് അയാൾ പറഞ്ഞു: “യേശുവേ, അവിടുന്നു രാജത്വം പ്രാപിക്കുമ്പോൾ എന്നെയും ഓർത്തുകൊള്ളണമേ.”
43യേശു അയാളോട് “നീ ഇന്ന് എന്നോടുകൂടി പറുദീസയിൽ ഉണ്ടായിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്ന് അരുളിച്ചെയ്തു.
യേശു പ്രാണൻ വെടിയുന്നു
(മത്താ. 27:45-56; മർക്കോ. 15:33-41; യോഹ. 19:28-30)
44അപ്പോൾ ഏകദേശം പന്ത്രണ്ടുമണി ആയിരുന്നു. അതുമുതൽ മൂന്നുമണിവരെ ദേശം ആകമാനം അന്ധകാരത്തിലാണ്ടു പോയി. സൂര്യന്റെ പ്രകാശം നിലച്ചു. 45ദേവാലയത്തിലെ തിരശ്ശീല നടുവേ കീറിപ്പോയി. 46“പിതാവേ തൃക്കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് ഉച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് യേശു പ്രാണൻ വെടിഞ്ഞു.
47ഈ സംഭവം കണ്ടുനിന്ന ശതാധിപൻ അതിൽ ദൈവത്തിന്റെ മഹത്ത്വം ദർശിച്ചിട്ടു സ്തോത്രം ചെയ്തു. “നിശ്ചയമായും ഈ മനുഷ്യൻ നീതിമാൻ ആയിരുന്നു” എന്ന് അയാൾ പറഞ്ഞു.
48കാഴ്ചക്കാരായി വന്നുകൂടിയ ജനങ്ങൾ ഈ സംഭവങ്ങളെല്ലാം കണ്ടപ്പോൾ മാറത്തടിച്ചു നിലവിളിച്ചുകൊണ്ടു മടങ്ങിപ്പോയി.
49യേശുവിനെ നേരിട്ടറിയാവുന്നവരും ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ച സ്‍ത്രീകളും അല്പം അകലെനിന്ന് ഇതെല്ലാം വീക്ഷിച്ചുകൊണ്ടിരുന്നു.
മൃതദേഹം സംസ്കരിക്കുന്നു
(മത്താ. 27:57-61; മർക്കോ. 15:42-47; യോഹ. 19:38-42)
50,51യെഹൂദ്യയിലെ അരിമത്യ എന്ന പട്ടണക്കാരനായ യോസേഫ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. അദ്ദേഹം സന്നദ്രിംസംഘത്തിലെ അംഗമായിരുന്നെങ്കിലും യേശുവിനെ സംബന്ധിച്ച് അവർ കൈക്കൊണ്ട തീരുമാനത്തെയും നടപടിയെയും അനുകൂലിച്ചിരുന്നില്ല. ഉത്തമനും ധർമനിഷ്ഠനുമായ അദ്ദേഹം ദൈവരാജ്യത്തിന്റെ ആഗമനം പ്രതീക്ഷിച്ചുകൊണ്ടിരുന്നവരിൽ ഒരാളായിരുന്നു. 52യോസേഫ് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതശരീരം വിട്ടുകൊടുക്കണമെന്ന് അപേക്ഷിച്ചു. 53പിന്നീട് അദ്ദേഹം യേശുവിന്റെ ശരീരം താഴെയിറക്കി മൃതദേഹം പൊതിയുന്ന തുണിയിൽ പൊതിഞ്ഞ്, പാറ തുരന്നുണ്ടാക്കിയതും അതിനു മുമ്പ് ആരെയും വച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു. 54അന്ന് യെഹൂദന്മാരുടെ ഒരുക്കനാളായിരുന്നു. ശബത്തിന്റെ ആരംഭമായ സന്ധ്യാസമയം സമീപിച്ചുമിരുന്നു.
55ഗലീലയിൽനിന്ന് യേശുവിനെ അനുഗമിച്ചിരുന്ന സ്‍ത്രീകൾ യോസേഫിനോടുകൂടി ചെന്ന് കല്ലറയും യേശുവിന്റെ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു. 56പിന്നീട് അവർ തിരിച്ചുപോയി യേശുവിന്റെ ശരീരത്തിൽ പൂശുവാനുള്ള സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും തയ്യാറാക്കി.
ശബത്തുദിവസം യെഹൂദമതനിയമപ്രകാരം അവർ വിശ്രമിച്ചു.

ទើបបានជ្រើសរើសហើយ៖

LUKA 23: malclBSI

គំនូស​ចំណាំ

ចែក​រំលែក

ចម្លង

None

ចង់ឱ្យគំនូសពណ៌ដែលបានរក្សាទុករបស់អ្នក មាននៅលើគ្រប់ឧបករណ៍ទាំងអស់មែនទេ? ចុះឈ្មោះប្រើ ឬចុះឈ្មោះចូល