യോഹ. 4

4
യേശുവും ശമര്യക്കാരിയും
1യേശു യോഹന്നാനേക്കാൾ അധികം ആളുകളെ ശിഷ്യന്മാരാക്കി സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവ് അറിഞ്ഞപ്പോൾ 2ശിഷ്യന്മാർ അല്ലാതെ യേശു തന്നെ സ്നാനം കഴിപ്പിച്ചിരുന്നില്ലതാനും 3അവൻ യെഹൂദ്യദേശം വിട്ടു ഗലീലയ്ക്കു യാത്രയായി.
4അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു. 5അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യാ പട്ടണത്തിൽ യാക്കോബ് തന്‍റെ പുത്രനായ യോസഫിന് കൊടുത്ത നിലത്തിനരികെ എത്തി. 6അവിടെ യാക്കോബിന്‍റെ കിണറുണ്ടായിരുന്നു. യേശു യാത്രചെയ്തു ക്ഷീണിച്ചിട്ട് ആ കിണറിനരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം#4:6 ഉച്ചയ്ക്ക് 12 മണി ആയിരുന്നു.
7ഒരു ശമര്യസ്ത്രീ വെള്ളംകോരുവാൻ വന്നു; യേശു അവളോട്: എനിക്ക് കുടിക്കുവാൻ കുറച്ച് വെള്ളം തരിക എന്നു പറഞ്ഞു. 8അവന്‍റെ ശിഷ്യന്മാർ ഭക്ഷണം വാങ്ങുവാൻ പട്ടണത്തിൽ പോയിരുന്നു.
9ശമര്യസ്ത്രീ അവനോട്: “നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിക്കുവാൻ ചോദിക്കുന്നത് എങ്ങനെ? യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ലല്ലോ“ എന്നു പറഞ്ഞു.
10അതിന് യേശു: നീ ദൈവത്തിന്‍റെ ദാനവും, നിന്നോട് കുടിക്കുവാൻ തരിക എന്നു പറഞ്ഞവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോട് ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.
11സ്ത്രീ അവനോട്: “യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു ലഭിക്കും? 12നമ്മുടെ പിതാവായ യാക്കോബിനേക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറ് ഞങ്ങൾക്കു തന്നതു; അവനും അവന്‍റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നത്“ എന്നു പറഞ്ഞു.
13യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവനെല്ലാം പിന്നെയും ദാഹിക്കും. 14ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല, മറിച്ച് ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്ക് പൊങ്ങിവരുന്ന നീരുറവായി തീരും എന്നു ഉത്തരം പറഞ്ഞു.
15സ്ത്രീ അവനോട്: “യജമാനനേ, എനിക്ക് ദാഹിക്കാതെയും ഞാൻ വെള്ളംകോരുവാൻ ഇവിടേക്ക് വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്ക് തരേണം“ എന്നു പറഞ്ഞു.
16യേശു അവളോട്: പോയി നിന്‍റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നു പറഞ്ഞു.
17എനിക്ക് ഭർത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്:
എനിക്ക് ഭർത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി. 18അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ നിന്‍റെ ഭർത്താവല്ല; നീ പറഞ്ഞത് ശരി തന്നെ എന്നു യേശു പറഞ്ഞു.
19സ്ത്രീ അവനോട്: “യജമാനനേ, നീ ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു. 20ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ ആരാധിച്ചുവന്നു; എന്നാൽ ആരാധിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു“ എന്നു പറഞ്ഞു.
21യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്നെ വിശ്വസിക്ക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള സമയം വരുന്നു. 22നിങ്ങൾ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ ആരാധിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്. 23സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ ആരാധിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവ് ആഗ്രഹിക്കുന്നു. 24ദൈവം ആത്മാവ് ആകുന്നു; അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം.
25സ്ത്രീ അവനോട്: “മശീഹ എന്നുവച്ചാൽ ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും“ എന്നു പറഞ്ഞു.
26യേശു അവളോട്: നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെ മശീഹ എന്നു പറഞ്ഞു.
27ഇതിനിടയിൽ അവന്‍റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോട് സംസാരിക്കുകയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: “അങ്ങ് എന്ത് ചോദിക്കുന്നു? അവളോട് എന്ത് സംസാരിക്കുന്നു?“ എന്നു ആരും ചോദിച്ചില്ല.
28അനന്തരം സ്ത്രീ പാത്രം വെച്ചിട്ട് പട്ടണത്തിൽ ചെന്നു ജനങ്ങളോട്: 29“ഞാൻ ചെയ്തതു ഒക്കെയും എന്നോട് പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ?“ എന്നു പറഞ്ഞു. 30അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു അവന്‍റെ അടുക്കൽ വന്നു.
31അതേസമയം ശിഷ്യന്മാർ അവനോട്: “റബ്ബീ, ഭക്ഷിച്ചാലും“ എന്നു അപേക്ഷിച്ചു.
32അതിന് അവൻ: നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിക്കുവാൻ എനിക്കുണ്ട് എന്നു അവരോട് പറഞ്ഞു.
33ആകയാൽ ആരെങ്കിലും അവനു ഭക്ഷിക്കുവാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34യേശു അവരോട് പറഞ്ഞത്: എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്തു അവന്‍റെ പ്രവൃത്തി തികയ്ക്കുന്നത് തന്നെ എന്‍റെ ആഹാരം. 35ഇനി നാലു മാസം കഴിഞ്ഞിട്ട് കൊയ്ത്ത് വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തലപൊക്കി നോക്കിയാൽ വയലുകൾ ഇപ്പോൾ തന്നെ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നതു കാണും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 36വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്ക് വിളവ് കൂട്ടിവയ്ക്കുന്നു. 37വിതയ്ക്കുന്നത് ഒരുവൻ, കൊയ്യുന്നത് മറ്റൊരുത്തൻ എന്നുള്ള ചൊല്ല് ഇതിൽ യാഥാർത്ഥ്യമായിരിക്കുന്നു. 38നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തത് കൊയ്യുവാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്ക് നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോട് പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞതുനിമിത്തം ആ പട്ടണത്തിലെ അനേകം ശമര്യക്കാർ അവനിൽ വിശ്വസിച്ചു. 40അങ്ങനെ ശമര്യർ അവന്‍റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോട് അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ താമസിച്ചു. 41ഏറ്റവും അധികംപേർ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു: 42ഇനി നിന്‍റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾ തന്നെ കേൾക്കുകയും അവൻ സാക്ഷാൽ ലോകരക്ഷിതാവ് എന്നു അറിയുകയും ചെയ്തിരിക്കുന്നു എന്നു അവർ സ്ത്രീയോട് പറഞ്ഞു.
രാജഭൃത്യൻ്റെ പുത്രനെ സുഖപ്പെടുത്തുന്നു
43ആ രണ്ടു ദിവസം കഴിഞ്ഞിട്ട് അവൻ അവിടംവിട്ട് ഗലീലയ്ക്കു പോയി. 44പ്രവാചകന് തന്‍റെ സ്വദേശത്ത് ബഹുമാനം ഇല്ല എന്നു യേശു തന്നെ സാക്ഷ്യം പറഞ്ഞിരുന്നു. 45അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ അവനെ സ്വീകരിച്ചു. തങ്ങൾ പെരുന്നാളിന് യെരൂശലേമിൽ പോയിരുന്നതുകൊണ്ട്, അവൻ പെരുന്നാളിൽ ചെയ്തതു ഒക്കെയും കണ്ടിരുന്നു.
46അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നൊരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു. 47യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയിൽ വന്നു എന്നു അവൻ കേട്ടു അവന്‍റെ അടുക്കൽ ചെന്നു, തന്‍റെ മകൻ മരിക്കാറായിരിക്കുന്നതുകൊണ്ട് അവൻ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു. 48യേശു അവനോട്: നിങ്ങൾ അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.
49രാജഭൃത്യൻ അവനോട്: “കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ“ എന്നു പറഞ്ഞു.
50യേശു അവനോട്: പൊയ്ക്കൊൾക; നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. യേശു പറഞ്ഞവാക്ക് വിശ്വസിച്ചു ആ മനുഷ്യൻ പോയി. 51അവൻ പോകയിൽ അവന്‍റെ ദാസന്മാർ അവനെ എതിരേറ്റു മകൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു. 52അവനു ഭേദം വന്ന സമയം അവരോട് ചോദിച്ചതിന് അവർ അവനോട്: “ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയ്ക്ക് പനി വിട്ടുമാറി“ എന്നു പറഞ്ഞു.
53 ആകയാൽ നിന്‍റെ മകൻ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ ആ സമയത്തുതന്നെ എന്നു അപ്പൻ ഗ്രഹിച്ചു താനും കുടുംബം ഒക്കെയും വിശ്വസിച്ചു.
54യേശു യെഹൂദ്യയിൽനിന്നു ഗലീലയിൽ വന്നപ്പോൾ ഇതു രണ്ടാമത്തെ അടയാളമായിട്ട് ചെയ്തു.

선택된 구절:

യോഹ. 4: IRVMAL

하이라이트

공유

복사

None

모든 기기에 하이라이트를 저장하고 싶으신가요? 회원가입 혹은 로그인하세요