1 LALTE 5

5
ദേവാലയ നിർമ്മാണത്തിനുള്ള ഒരുക്കം
(2 ദിന. 2:1-18)
1ശലോമോൻ തന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷിക്തനായിരിക്കുന്നു എന്ന വാർത്ത ദാവീദിന്റെ ആജീവനാന്തസുഹൃത്തും സോരിലെ രാജാവുമായ ഹീരാം കേട്ടപ്പോൾ തന്റെ ഭൃത്യന്മാരെ ശലോമോന്റെ അടുക്കൽ അയച്ചു. 2പിന്നീടു ശലോമോൻ ഹീരാമിന് ഒരു സന്ദേശം അയച്ചു: 3“ചുറ്റുപാടുമുള്ള ശത്രുക്കളെ കീഴടക്കാൻ എന്റെ പിതാവായ ദാവീദിന് എപ്പോഴും യുദ്ധം ചെയ്യേണ്ടിയിരുന്നു; അതുകൊണ്ട് തന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കാൻ ഒരു ആലയം നിർമ്മിക്കുന്നതിനു കഴിഞ്ഞില്ലെന്ന് അങ്ങേക്ക് അറിയാമല്ലോ. 4എന്റെ രാജ്യത്ത് എല്ലായിടത്തും എന്റെ ദൈവമായ സർവേശ്വരൻ എനിക്കു സ്വസ്ഥത നല്‌കിയിരിക്കുന്നു; എനിക്കു പ്രതിയോഗിയോ ആക്രമണഭീഷണിയോ ഇല്ല. 5‘നിനക്കുശേഷം രാജാവായി ഞാൻ അവരോധിക്കുന്ന നിന്റെ മകൻ എനിക്ക് ഒരു ദേവാലയം പണിയുമെന്ന്” സർവേശ്വരൻ എന്റെ പിതാവിനോടു വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് എന്റെ ദൈവമായ സർവേശ്വരനെ ആരാധിക്കുന്നതിന് ഒരു ദേവാലയം പണിയാൻ ഞാൻ ആഗ്രഹിക്കുന്നു. 6ഇതിനായി ദേവദാരുമരം മുറിക്കാൻ അങ്ങയുടെ ആളുകളെ ലെബാനോനിലേക്ക് അയച്ചാലും; അങ്ങു നിശ്ചയിക്കുന്ന കൂലി ഞാൻ അവർക്കു കൊടുത്തുകൊള്ളാം; എന്റെ ജോലിക്കാരും അവരോടൊത്തു ജോലി ചെയ്യും. മരം മുറിക്കാൻ സീദോന്യരെപ്പോലെ പരിചയമുള്ളവർ ഞങ്ങളുടെ ഇടയിൽ ഇല്ലെന്ന് അങ്ങേക്കറിയാമല്ലോ.
7ശലോമോന്റെ സന്ദേശം ലഭിച്ചപ്പോൾ ഹീരാം അതീവ സന്തുഷ്ടനായി; അദ്ദേഹം പറഞ്ഞു: “മഹത്തായ ഈ ജനതയെ ഭരിക്കാൻ ജ്ഞാനിയായ ഒരു പുത്രനെ ദാവീദിനു നല്‌കിയ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ.” 8ശലോമോന്റെ സന്ദേശം കിട്ടിയപ്പോൾ ഹീരാം അറിയിച്ചു: “അങ്ങയുടെ ആഗ്രഹംപോലെ പ്രവർത്തിക്കാൻ ഞാൻ ഒരുക്കമാണ്. ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തിൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാൻ ചെയ്യാം. 9എന്റെ ജോലിക്കാർ ലെബാനോനിൽനിന്നു തടി കടലിൽ ഇറക്കി ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്തെത്തിച്ചു കെട്ടഴിപ്പിച്ചു തരും; അവിടെവച്ച് അവ ഏറ്റുവാങ്ങിയാൽ മതി. എന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണം നല്‌കണമെന്നുള്ള എന്റെ ആഗ്രഹം അങ്ങു നിറവേറ്റിത്തരണം. 10അങ്ങനെ ശലോമോൻ ആവശ്യപ്പെട്ടതുപോലെ ദേവദാരുവും സരളമരവും ഹീരാം അയച്ചുകൊടുത്തു. 11ഹീരാമിന്റെ കുടുംബത്തിനാവശ്യമായ ഇരുപതിനായിരം കോർ കോതമ്പും ഇരുപതിനായിരം കോർ ആട്ടിയെടുത്ത എണ്ണയും ശലോമോൻ ആണ്ടുതോറും നല്‌കിപ്പോന്നു. 12സർവേശ്വരൻ ശലോമോനോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അദ്ദേഹത്തിനു വേണ്ടത്ര ജ്ഞാനം നല്‌കി. ഹീരാമും ശലോമോനും സമാധാനത്തോടെ കഴിഞ്ഞു; അവർ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.
13ശലോമോൻരാജാവ് ഇസ്രായേലിൽനിന്നു മുപ്പതിനായിരം പേരെ അടിമവേലയ്‍ക്കു തിരഞ്ഞെടുത്തു; 14അവരിൽനിന്നു പതിനായിരം പേരെ വീതം മാസംതോറും ലെബാനോനിലേക്കയച്ചുകൊണ്ടിരുന്നു. അവർ ഒരു മാസം ലെബാനോനിൽ കഴിയും; രണ്ടു മാസം തങ്ങളുടെ വീടുകളിലും. അദോനീരാം ആയിരുന്നു അവരുടെ മേൽനോട്ടം വഹിച്ചിരുന്നത്. 15ശലോമോന് എൺപതിനായിരം കല്ലുവെട്ടുകാരും കല്ലു ചുമക്കുന്നതിന് എഴുപതിനായിരം ചുമട്ടുകാരും കൂടാതെ 16അവരുടെ മേൽനോട്ടം വഹിക്കുന്നതിനു മൂവായിരത്തി മുന്നൂറ് ആളുകളും ഉണ്ടായിരുന്നു. 17ദേവാലയത്തിന് അടിത്തറ പണിയാൻ രാജകല്പനപ്രകാരം വിലപ്പെട്ട വലിയ കല്ലുകൾ കൊണ്ടുവന്നു ചെത്തിയൊരുക്കി. 18ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കുവേണ്ട മരവും കല്ലും ചെത്തിയൊരുക്കി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 LALTE 5: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക