1 PETERA 4
4
ജീവിത പരിവർത്തനം
1ക്രിസ്തു കായികമായ പീഡനം സഹിച്ചതുകൊണ്ട് നിങ്ങളും അവിടുത്തെ മനോഭാവം തന്നെ ആയുധമായി ധരിച്ചുകൊള്ളുക. 2ശരീരത്തിൽ പീഡനം സഹിച്ച ഏതൊരുവനും പാപത്തോടുള്ള ബന്ധം വിട്ടിരിക്കും. ഇനി അവശേഷിച്ച ജീവിതകാലം മാനുഷികമായ വികാരങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനുതന്നെ വിധേയരായി ജീവിക്കേണ്ടതാണ്. 3വിജാതീയർ ചെയ്യുന്നതുപോലെ കാമാസക്തിയിലും വികാരാവേശത്തിലും മദ്യലഹരിയിലും മദോന്മത്തതയിലും ധർമവിരുദ്ധമായ വിഗ്രഹാരാധനയിലും മുഴുകി കാലം പോക്കിയതു മതി. 4തങ്ങളുടെ അനിയന്ത്രിതമായ ദുർവൃത്തികളിൽ നിങ്ങൾ പങ്കുചേരാത്തതിൽ അവർ വിസ്മയിക്കുകയും നിങ്ങളെ ദുഷിക്കുകയും ചെയ്യുന്നു. 5എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കുവാനിരിക്കുന്നവന്റെ മുമ്പിൽ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും. 6ഇതിനായിട്ടാണല്ലോ മരിച്ചവരോടുപോലും സുവിശേഷം പ്രസംഗിച്ചത്. അവർ ശാരീരികമായി മനുഷ്യരെപ്പോലെ വിധിക്കപ്പെട്ടെങ്കിലും, ദൈവത്തെപ്പോലെ ആത്മാവിൽ ജീവിക്കേണ്ടതിനുതന്നെ.
ഉത്തമ കാര്യസ്ഥന്മാരായിരിക്കുക
7എല്ലാറ്റിന്റെയും അന്ത്യം അടുത്തിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ സമചിത്തരും ജാഗരൂകരുമായി പ്രാർഥനയിൽ മുഴുകുക. 8എല്ലാറ്റിനും ഉപരി, നിങ്ങൾ പരസ്പരം ഉറ്റ സ്നേഹം ഉള്ളവരായിരിക്കണം. എന്തുകൊണ്ടെന്നാൽ സ്നേഹം പാപങ്ങളുടെ ബഹുലതയെ മറയ്‍ക്കുന്നു. 9പിറുപിറുപ്പുകൂടാതെ നിങ്ങൾ അന്യോന്യം സൽക്കരിക്കുക. 10ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വരദാനമനുസരിച്ച് വൈവിധ്യമാർന്ന ദൈവകൃപയുടെ ഉത്തമകാര്യസ്ഥന്മാർ എന്ന നിലയിൽ അന്യോന്യം ശുശ്രൂഷ ചെയ്യണം. 11പ്രസംഗിക്കുന്നത് ദൈവത്തിന്റെ അരുളപ്പാട് അറിയിക്കുന്നതുപോലെ ആയിരിക്കട്ടെ; ശുശ്രൂഷിക്കുന്നത് ദൈവം നല്‌കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആയിരിക്കണം. അങ്ങനെ എല്ലാറ്റിലും യേശുക്രിസ്തുവിലൂടെ ദൈവം വാഴ്ത്തപ്പെടുവാൻ ഇടയാകട്ടെ. മഹത്ത്വവും അധികാരവും എന്നും എന്നേക്കും അവിടുത്തേക്കുള്ളത്, ആമേൻ.
ക്രിസ്ത്യാനിയുടെ സഹനം
12പ്രിയപ്പെട്ടവരേ, നിങ്ങളെ ശോധന ചെയ്യുന്ന അഗ്നിപരീക്ഷണം ഒരു അപൂർവ കാര്യം എന്നു കരുതി വിസ്മയിക്കരുത്. 13ക്രിസ്തുവിന്റെ പീഡനങ്ങളിൽ പങ്കാളികളാകുന്തോറും നിങ്ങൾ ആനന്ദിക്കുക. അവിടുത്തെ തേജസ്സിന്റെ പ്രത്യക്ഷതയിൽ നിങ്ങൾ ആനന്ദിച്ച് ഉല്ലസിക്കുവാൻ ഇടവരും. 14ക്രിസ്തുവിന്റെ നാമം നിമിത്തം നിങ്ങൾ നിന്ദിക്കപ്പെടുന്നുവെങ്കിൽ, നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടേമേൽ ആവസിക്കുന്നു. 15കൊലപാതകിയോ, മോഷ്ടാവോ, ദുർവൃത്തനോ, കലഹക്കാരനോ ആയി നിങ്ങളിൽ ആരും പീഡനം സഹിക്കുവാൻ ഇടയാകരുത്. 16പ്രത്യുത ക്രിസ്ത്യാനി എന്ന നിലയിൽ പീഡനം സഹിക്കുന്നുവെങ്കിൽ അവനു ലജ്ജിക്കേണ്ടതില്ല. ക്രിസ്തുവിന്റെ നാമം ധരിച്ചുകൊണ്ട് അവൻ ദൈവത്തെ പ്രകീർത്തിക്കട്ടെ. 17ന്യായവിധി ദൈവഗൃഹത്തിൽ ആരംഭിക്കുവാനുള്ള സമയം വന്നിരിക്കുന്നു. അതു നമ്മിൽ ആരംഭിക്കുന്നെങ്കിൽ, ദൈവത്തിന്റെ സുവാർത്ത നിഷേധിക്കുന്നവരുടെ ഗതി എന്തായിരിക്കും?
18നീതിമാൻപോലും രക്ഷപ്രാപിക്കുന്നത്
വിഷമിച്ചാണെങ്കിൽ,
അഭക്തന്റെയും പാപിയുടെയും സ്ഥിതി
എന്തായിരിക്കും?
19അതുകൊണ്ട് ദൈവഹിതപ്രകാരം കഷ്ടത സഹിക്കുന്നവർ നന്മചെയ്തുകൊണ്ട് തങ്ങളുടെ ആത്മാക്കളെ വിശ്വസ്തനായ സ്രഷ്ടാവിനെ ഭരമേല്പിക്കട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 PETERA 4: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.