1 SAMUELA 1
1
എല്‌ക്കാനായും കുടുംബവും ശീലോവിൽ
1എഫ്രയീംമലനാട്ടിലെ രാമാഥയീം- സോഫീമിൽ എല്‌ക്കാനാ എന്നൊരാൾ ജീവിച്ചിരുന്നു. അയാളുടെ പിതാവ് യെരോഹാം ആയിരുന്നു. യെരോഹാം എലീഹൂവിന്റെയും എലീഹൂ തോഹൂവിന്റെയും തോഹൂ എഫ്രയീംകാരനായ സൂഫിന്റെയും പുത്രനായിരുന്നു. 2എല്‌ക്കാനായ്‍ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നായും പെനിന്നായും. പെനിന്നായ്‍ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്‍ക്കു മക്കളില്ലായിരുന്നു. 3സർവശക്തനായ സർവേശ്വരനെ ആരാധിക്കാനും അവിടുത്തേക്കു യാഗമർപ്പിക്കാനുമായി എല്‌ക്കാനാ വർഷം തോറും തന്റെ പട്ടണത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസുമായിരുന്നു അവിടെ സർവേശ്വരന്റെ പുരോഹിതരായി ശുശ്രൂഷ ചെയ്തിരുന്നത്. 4യാഗമർപ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഭാര്യ പെനിന്നായ്‍ക്കും അവളുടെ പുത്രീപുത്രന്മാർക്കും യാഗവസ്തുവിന്റെ ഓഹരി കൊടുത്തിരുന്നു. 5എല്‌ക്കാനാ ഹന്നായെ കൂടുതൽ സ്നേഹിച്ചിരുന്നെങ്കിലും അവൾക്ക് ഒരു #1:5 ഓഹരി = എബ്രായ മൂലപാഠം അവ്യക്തം; ചില പരിഭാഷകളിൽ പ്രത്യേക ഓഹരി എന്നും ഇരട്ടി ഓഹരി എന്നും കാണുന്നുണ്ട്.ഓഹരി മാത്രമേ കൊടുത്തിരുന്നുള്ളൂ. കാരണം ദൈവം അവൾക്കു മക്കളെ നല്‌കിയിരുന്നില്ല. 6അവൾക്കു സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ പെനിന്നാ അവളെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു. 7വർഷംതോറും സർവേശ്വരന്റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവൾ ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവൾ കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു. 8ഭർത്താവായ എല്‌ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ വിലപ്പെട്ടവനല്ലേ?” 9ശീലോവിൽവച്ച് അവരെല്ലാവരും ഭക്ഷണപാനീയങ്ങൾ കഴിച്ചു; ഹന്നാ എഴുന്നേറ്റു ദൈവസന്നിധിയിലേക്കു പോയി. പുരോഹിതനായ ഏലി മന്ദിരവാതില്‌ക്കൽ ആസനസ്ഥനായിരുന്നു. 10അവൾ സർവേശ്വരനോടു ഹൃദയവേദനയോടെ കരഞ്ഞു പ്രാർഥിച്ചു; 11ഹന്നാ ഒരു നേർച്ച നേർന്നുകൊണ്ടു പറഞ്ഞു: “സർവശക്തനായ സർവേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓർക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്‌കിയാൽ അവന്റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.” 12അവൾ സർവേശ്വരസന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു; അവളുടെ ചുണ്ടനങ്ങുന്നത് ഏലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 13ഹന്നായുടെ പ്രാർഥന ഹൃദയംകൊണ്ടായിരുന്നതിനാൽ അധരങ്ങൾ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവൾ മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു. 14ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയിൽ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.” 15അപ്പോൾ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്റെ യജമാനനേ! ഞാൻ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്‍ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല. സർവേശ്വരന്റെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയാണു ചെയ്തത്. 16ഈ ദാസിയെ ഒരു നീചയായി കരുതരുതേ; അത്യധികമായ ഉൽക്കണ്ഠയും വ്യസനവുംകൊണ്ടാണ് ഞാൻ ഇങ്ങനെ പ്രാർഥിച്ചത്.” 17അപ്പോൾ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാർഥന സഫലമാക്കട്ടെ.” അവൾ പറഞ്ഞു: 18“ഈ ദാസിയുടെമേൽ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.” പിന്നീട് അവൾ പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖത്തു പിന്നീട് വിഷാദം ഉണ്ടായില്ല.
ശമൂവേലിന്റെ ജനനം
19എല്‌ക്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു സർവേശ്വരനെ ആരാധിച്ചു; പിന്നീട് രാമായിലുള്ള അവരുടെ ഭവനത്തിലേക്കു മടങ്ങിപ്പോയി. 20എല്‌ക്കാനാ തന്റെ ഭാര്യ ഹന്നായെ പ്രാപിക്കുകയും സർവേശ്വരൻ അവളുടെ പ്രാർഥനയ്‍ക്ക് ഉത്തരം നല്‌കുകയും ചെയ്തു. അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു; “ഞാൻ അവനെ സർവേശ്വരനോടു ചോദിച്ചുവാങ്ങി” എന്നു പറഞ്ഞ് അവൾ അവന് ‘ശമൂവേൽ’ എന്നു പേരിട്ടു. 21എല്‌ക്കാനായും കുടുംബവും സർവേശ്വരനു വർഷംതോറുമുള്ള യാഗം അർപ്പിക്കുവാനും നേർച്ച കഴിക്കുവാനുമായി വീണ്ടും പോയി. 22എന്നാൽ ഹന്നാ പോയില്ല; അവൾ ഭർത്താവിനോടു പറഞ്ഞു: “കുഞ്ഞിന്റെ മുലകുടി മാറട്ടെ; അതിനുശേഷം അവൻ സർവേശ്വരസന്നിധിയിൽ ശുശ്രൂഷ ചെയ്യാനും എന്നേക്കും അവിടെ പാർക്കാനുമായി ഞാൻ അവനെ കൊണ്ടുവരാം.” 23എല്‌ക്കാനാ അവളോടു പറഞ്ഞു: “നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടി മാറുന്നതുവരെ ഇവിടെ താമസിക്കുക; നിന്റെ പ്രതിജ്ഞ നിറവേറ്റാൻ സർവേശ്വരൻ ഇടവരുത്തട്ടെ.” അവന്റെ മുലകുടി മാറുന്നതുവരെ അവൾ വീട്ടിൽ പാർത്തു. 24അവന്റെ മുലകുടി മാറിയപ്പോൾ, മൂന്നു വയസ്സു പ്രായമുള്ള ഒരു കാളക്കുട്ടിയും ഒരു ഏഫാ മാവും ഒരു തോൽസഞ്ചി നിറച്ചു വീഞ്ഞുമായി, അവൾ ശമൂവേലിനെ ശീലോവിൽ സർവേശ്വരന്റെ ആലയത്തിലേക്ക് കൊണ്ടുപോയി. ശമൂവേൽ അപ്പോൾ ബാലനായിരുന്നു. 25കാളക്കുട്ടിയെ കൊന്നതിനുശേഷം ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു. 26ഹന്നാ പറഞ്ഞു: “യജമാനനേ, അങ്ങയുടെ സമീപത്തുനിന്നു സർവേശ്വരനോടു പ്രാർഥിച്ച സ്‍ത്രീയാണു ഞാൻ; 27ഈ കുഞ്ഞിനുവേണ്ടിയായിരുന്നു ഞാൻ പ്രാർഥിച്ചത്. സർവേശ്വരൻ എന്റെ അപേക്ഷ കേട്ടു; 28അതുകൊണ്ട് ഇവനെ ഞാൻ സർവേശ്വരന് സമർപ്പിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം സർവേശ്വരന് നിവേദിതനായിരിക്കും.” പിന്നീട് അവർ അവിടെ സർവേശ്വരനെ ആരാധിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 SAMUELA 1: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.