1 SAMUELA 19
19
ശൗൽ ദാവീദിനെ പീഡിപ്പിക്കുന്നു
1ദാവീദിനെ വധിക്കണമെന്നു തന്റെ പുത്രനായ യോനാഥാനോടും ഭൃത്യന്മാരോടും ശൗൽ കല്പിച്ചു; എന്നാൽ ശൗലിന്റെ പുത്രനായ യോനാഥാനു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നു. 2യോനാഥാൻ ദാവീദിനോടു പറഞ്ഞു: “എന്റെ പിതാവ് നിന്നെ കൊല്ലാൻ നോക്കുകയാണ്; അതുകൊണ്ടു നീ രാവിലെ പോയി എവിടെയെങ്കിലും കരുതലോടെ ഒളിച്ചിരിക്കുക. 3നീ ഒളിച്ചിരിക്കുന്ന വയലിൽ വന്ന് എന്റെ പിതാവിനോട് നിന്നെപ്പറ്റി ഞാൻ സംസാരിക്കും; ഞാൻ എന്തെങ്കിലും അറിഞ്ഞാൽ അതു നിന്നെ അറിയിക്കാം.” 4യോനാഥാൻ തന്റെ പിതാവായ ശൗലിനോടു ദാവീദിന്റെ ഗുണഗണങ്ങളെപ്പറ്റി സംസാരിച്ചു; അവൻ പറഞ്ഞു: “അങ്ങയുടെ ദാസനായ ദാവീദിനോട് ഒരു തിന്മയും പ്രവർത്തിക്കരുതേ! അയാൾ അങ്ങയോട് ഒരു തെറ്റും ചെയ്തിട്ടില്ല; അയാളുടെ പ്രവൃത്തികൾ അങ്ങേക്കു വളരെ നന്മയായിത്തീർന്നിട്ടേയുള്ളൂ. 5തന്റെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് അവൻ ആ ഫെലിസ്ത്യനെ വധിച്ചു; അങ്ങനെ ഒരു വൻവിജയം സർവേശ്വരൻ ഇസ്രായേല്യർക്കു നല്‌കി; അതു കണ്ട് അങ്ങ് സന്തോഷിച്ചതാണ്; ഇപ്പോൾ ഒരു കാരണവും കൂടാതെ ദാവീദിനെ വധിച്ചു നിഷ്കളങ്കരക്തം ചിന്തി പാപം ചെയ്യുന്നതെന്തിന്?” 6യോനാഥാന്റെ വാക്കുകൾ ശൗൽ കേട്ടു; ദാവീദിനെ വധിക്കുകയില്ലെന്നു സർവേശ്വരനാമത്തിൽ പ്രതിജ്ഞ ചെയ്തു. 7യോനാഥാൻ ദാവീദിനെ വിളിച്ചു വിവരമെല്ലാം പറഞ്ഞു; അവൻ ദാവീദിനെ ശൗലിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വന്നു; മുമ്പത്തെപ്പോലെ അവൻ രാജസന്നിധിയിൽ കഴിഞ്ഞു.
8ഫെലിസ്ത്യരുമായി വീണ്ടും യുദ്ധമുണ്ടായി; ദാവീദ് അനേകം പേരെ വധിച്ചു; ഫെലിസ്ത്യർ തോറ്റോടി. 9ഒരു കുന്തവും ഏന്തി കൊട്ടാരത്തിൽ ഇരിക്കുമ്പോൾ ശൗലിന്റെമേൽ സർവേശ്വരൻ അയച്ച ദുരാത്മാവ് ആവേശിച്ചു; അപ്പോൾ ദാവീദ് കിന്നരം വായിക്കുകയായിരുന്നു. 10ശൗൽ അവനെ കുന്തംകൊണ്ടു ചുമരിനോട് ചേർത്തു തറയ്‍ക്കാൻ ശ്രമിച്ചു; അയാൾ ഒഴിഞ്ഞുമാറിയതുകൊണ്ട് കുന്തം ചുവരിൽ തറച്ചു. 11ദാവീദ് ഓടി രക്ഷപെട്ടു. അടുത്ത പ്രഭാതത്തിൽ ദാവീദിനെ കൊല്ലാൻവേണ്ടി അവന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് അവൻ പാർക്കുന്ന സ്ഥലത്തേക്കു ശൗൽ ദൂതന്മാരെ ആ രാത്രിയിൽത്തന്നെ അയച്ചു; ദാവീദിന്റെ ഭാര്യ മീഖൾ അയാളോടു പറഞ്ഞു: “ഇന്നു രാത്രിതന്നെ അങ്ങു രക്ഷപെട്ടില്ലെങ്കിൽ അവർ നാളെ അങ്ങയെ വധിക്കും.” 12ജനലിൽക്കൂടി ഇറങ്ങി രക്ഷപെടുന്നതിന് അവൾ ദാവീദിനെ സഹായിച്ചു; അവൻ ഓടി രക്ഷപെട്ടു. 13മീഖൾ ഒരു ബിംബമെടുത്തു കട്ടിലിൽ കിടത്തി; കോലാട്ടുരോമംകൊണ്ടുള്ള ഒരു തലയിണ തലയ്‍ക്കൽ വച്ചു; ഒരു തുണികൊണ്ട് അതു മൂടി. 14ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച ദൂതന്മാർ വന്നപ്പോൾ അവൻ സുഖമില്ലാതെ കിടക്കുകയാണെന്ന് അവൾ പറഞ്ഞു. 15“എനിക്ക് അവനെ കൊല്ലണം; കിടക്കയോടെ അവനെ എടുത്തുകൊണ്ടു വരുവിൻ” എന്ന കല്പനയോടുകൂടി ശൗൽ ദൂതന്മാരെ അയച്ചു; 16അവർ അകത്തു ചെന്നു നോക്കിയപ്പോൾ ആട്ടിൻരോമംകൊണ്ടുള്ള തലയിണയിൽ തലവച്ചുകിടത്തിയിരിക്കുന്ന ബിംബമാണു കണ്ടത്. 17ശൗൽ മീഖളിനോട് ചോദിച്ചു: “എന്റെ ശത്രുവിനെ രക്ഷപെടാൻ അനുവദിച്ചുകൊണ്ട് നീ എന്നോടു വഞ്ചന കാട്ടിയതെന്ത്?” മീഖൾ മറുപടി നല്‌കി: “എന്നെ വിട്ടയയ്‍ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
18ദാവീദ് ഓടി രക്ഷപെട്ടു; രാമായിൽ ശമൂവേലിന്റെ അടുക്കൽ എത്തി; ശൗൽ തന്നോടു പ്രവർത്തിച്ചതെല്ലാം ദാവീദ് ശമൂവേലിനെ ധരിപ്പിച്ചു. പിന്നീട് ദാവീദും ശമൂവേലും നയ്യോത്തിൽ ചെന്നു പാർത്തു. 19ദാവീദ് രാമായിലെ നയ്യോത്തിൽ ഉണ്ടെന്നു ശൗലിന് അറിവുകിട്ടി. 20അവനെ പിടിക്കാൻ ശൗൽ ദൂതന്മാരെ അയച്ചു; ഒരു സംഘം പ്രവാചകന്മാർ പ്രവചിക്കുന്നതും ശമൂവേൽ അവരുടെ നേതാവായിരിക്കുന്നതും ശൗലിന്റെ ഭൃത്യന്മാർ കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അവരുടെമേൽ വന്നു; അവരും പ്രവചിച്ചു. 21ശൗൽ ഈ വാർത്ത അറിഞ്ഞ ഉടനെ മറ്റു ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. ശൗൽ മൂന്നാമതും ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു. 22ഒടുവിൽ ശൗൽതന്നെ രാമായിലേക്കു പുറപ്പെട്ടു; സേക്കൂവിലെ വലിയ കിണറിന്റെ അടുത്തെത്തിയപ്പോൾ ശമൂവേലും ദാവീദും എവിടെയെന്ന് അന്വേഷിച്ചു. അവർ രാമായിലെ നയ്യോത്തിലുണ്ടെന്ന് ഒരാൾ പറഞ്ഞു; 23അങ്ങനെ അദ്ദേഹം രാമായിലെ നയ്യോത്തിലേക്കു പോയി. ദൈവത്തിന്റെ ആത്മാവ് ശൗലിന്റെമേലും വന്നു; നയ്യോത്തിൽ എത്തുന്നതുവരെ അദ്ദേഹവും പ്രവചിച്ചു. 24അദ്ദേഹം വസ്ത്രം ഉരിഞ്ഞുകളഞ്ഞു; അന്നു രാത്രിയും പകലും ശമൂവേലിന്റെ മുമ്പിൽ പ്രവചിച്ചുകൊണ്ടു നഗ്നനായി കിടന്നു. ‘ശൗലും പ്രവാചകഗണത്തിലോ?’ എന്ന പഴമൊഴിക്ക് ഇതു കാരണമായിത്തീർന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 SAMUELA 19: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.