1 SAMUELA 2:1-10
1 SAMUELA 2:1-10 MALCLBSI
ഹന്നാ ഇങ്ങനെ പ്രാർഥിച്ചു: എന്റെ ഹൃദയം സർവേശ്വരനിൽ സന്തോഷിക്കുന്നു എന്റെ ശിരസ്സ് അവിടുന്ന് ഉയർത്തിയിരിക്കുന്നു എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു എന്തെന്നാൽ അവിടുത്തെ രക്ഷയിൽ ഞാൻ ആനന്ദിക്കുന്നു. സർവേശ്വരനെപ്പോലെ പരിശുദ്ധൻ മറ്റാരുമില്ല; അവിടുത്തെപ്പോലെ വേറാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു രക്ഷാശിലയുമില്ല. ഗർവോടെ ഇനി സംസാരിക്കരുത്; നിങ്ങളുടെ നാവിൽനിന്ന് അഹന്ത പുറപ്പെടാതിരിക്കട്ടെ; കാരണം, സർവേശ്വരൻ സർവജ്ഞനായ ദൈവം; അവിടുന്നു പ്രവൃത്തികളെ വിലയിരുത്തുന്നു. വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു. സുഭിക്ഷതയിൽ കഴിഞ്ഞിരുന്നവർ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു; വിശന്നിരുന്നവർ സംതൃപ്തരായിത്തീരുന്നു; വന്ധ്യ ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്ന നിരാലംബയായിത്തീരുന്നു. സർവേശ്വരൻ ജീവൻ എടുക്കുകയും ജീവൻ നല്‌കുകയും ചെയ്യുന്നു. പാതാളത്തിലേക്ക് ഇറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു. ദാരിദ്ര്യവും സമ്പന്നതയും സർവേശ്വരനാണു നല്‌കുന്നത്. താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതും അവിടുന്നുതന്നെ. അവിടുന്നു ദരിദ്രനെ പൊടിയിൽനിന്ന് ഉയർത്തുന്നു, അഗതിയെ കുപ്പയിൽനിന്നു എഴുന്നേല്പിക്കുന്നു; അവരെ പ്രഭുക്കന്മാർക്കൊപ്പം ഇരുത്താനും അവർക്കു മാന്യസ്ഥാനങ്ങൾ നല്‌കാനും തന്നെ. ഭൂമിയുടെ അടിസ്ഥാനം സർവേശ്വരൻറേത്; ഭൂമിയെ അതിന്മേൽ അവിടുന്നു സ്ഥാപിച്ചിരിക്കുന്നു. തന്റെ വിശ്വസ്തരുടെ കാലടികൾ അവിടുന്നു കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ തള്ളപ്പെടുന്നു; കാരണം സ്വന്തശക്തിയാൽ ഒരുവനും പ്രബലനാകുകയില്ല. സർവേശ്വരനോടു മത്സരിക്കുന്നവർ തകർന്നു തരിപ്പണമാകുന്നു; അവർക്കെതിരെ ആകാശത്തുനിന്ന് അവിടുന്ന് ഇടിമുഴക്കുന്നു. സർവേശ്വരൻ ലോകത്തെ മുഴുവൻ ന്യായംവിധിക്കുന്നു; തന്റെ രാജാവിനെ അവിടുന്നു ശക്തനാക്കുന്നു; തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയരുമാറാക്കുന്നു.

