1 SAMUELA 20

20
യോനാഥാൻ ദാവീദിനെ സഹായിക്കുന്നു
1ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് യോനാഥാന്റെ അടുക്കലേക്കോടി; അദ്ദേഹത്തോടു ചോദിച്ചു: ” ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? എന്നെ കൊല്ലാൻ തക്കവിധം നിന്റെ പിതാവിനോടു ഞാൻ ചെയ്ത പാപം എന്ത്?” 2യോനാഥാൻ ദാവീദിനോടു പറഞ്ഞു: ” അങ്ങനെ സംഭവിക്കാതിരിക്കട്ടെ; നീ മരിക്കുകയില്ല; ചെറുതായാലും വലുതായാലും എന്നോടാലോചിക്കാതെ എന്റെ പിതാവ് ഒരു കാര്യവും ചെയ്യുകയില്ല; എന്തിന് ഈ കാര്യം മാത്രം എന്നിൽനിന്നു മറച്ചുവയ്‍ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല.” 3ദാവീദു പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമാണെന്നു നിന്റെ പിതാവിനു നന്നായി അറിയാം; നിനക്കു ദുഃഖം ഉണ്ടാകാതിരിക്കാൻ ഇതു നീ അറിയേണ്ടാ എന്നു നിന്റെ പിതാവു വിചാരിച്ചുകാണും; എനിക്കും മരണത്തിനും ഇടയിൽ ഒരടി അകലമേയുള്ളൂ എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തു പറയുന്നു.” 4യോനാഥാൻ അവനോടു പറഞ്ഞു: “നീ പറയുന്നതെന്തും ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം.” 5ദാവീദു പ്രതിവചിച്ചു: “നാളെ അമാവാസി ആയതിനാൽ പതിവുപോലെ രാജാവിന്റെ കൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാം ദിവസം വൈകുന്നതുവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം. 6നിന്റെ പിതാവ് എന്നെ അന്വേഷിച്ചാൽ ദാവീദു തന്റെ കുടുംബാംഗങ്ങൾക്കുവേണ്ടിയുള്ള വാർഷിക യാഗത്തിൽ പങ്കെടുക്കാൻ തന്റെ പട്ടണമായ ബേത്‍ലഹേമിലേക്കു പെട്ടെന്നു പോയിവരാൻ നിർബന്ധപൂർവം അനുവാദം അപേക്ഷിച്ചു എന്നു പറയണം. 7‘ശരി’ എന്ന് അദ്ദേഹം പറഞ്ഞാൽ അങ്ങയുടെ ദാസൻ സുരക്ഷിതനായിരിക്കും; നേരെമറിച്ചു കുപിതനായാൽ എന്നെ ഉപദ്രവിക്കാൻ നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം. 8അതുകൊണ്ട് ഈ ദാസനോട് കാരുണ്യപൂർവം പെരുമാറിയാലും. സർവേശ്വരന്റെ നാമത്തിൽ നാം ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ; ഞാൻ വല്ല കുറ്റവും ചെയ്തിട്ടുണ്ടെങ്കിൽ നീതന്നെ എന്നെ കൊല്ലുക; എന്തിന് എന്നെ നിന്റെ പിതാവിന്റെ അടുക്കലേക്കു കൊണ്ടുപോകണം?” 9യോനാഥാൻ പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എന്റെ പിതാവ് നിന്നെ ഉപദ്രവിക്കാൻ തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞാൽ ഞാൻ അതു നിന്നോടു പറയാതിരിക്കുമോ?” 10“നിന്റെ പിതാവു പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കിൽ ആ വിവരം ആര് എന്നെ അറിയിക്കും” ദാവീദു ചോദിച്ചു. 11“നമുക്കു വയലിലേക്കു പോകാം” യോനാഥാൻ ദാവീദിനോടു പറഞ്ഞു; അങ്ങനെ അവർ വയലിലേക്കു പോയി.
12യോനാഥാൻ ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ ഈ സമയത്ത് ഞാൻ ഇക്കാര്യം എന്റെ പിതാവിനോടു ചോദിക്കും; അദ്ദേഹം നിനക്ക് അനുകൂലമാണെങ്കിൽ ആ വിവരം നിന്നെ അറിയിക്കും. 13നിന്നെ ഉപദ്രവിക്കാനാണ് പിതാവിന്റെ ഭാവമെങ്കിൽ അതറിയിച്ച് ഞാൻ നിന്നെ സുരക്ഷിതനായി പറഞ്ഞയയ്‍ക്കും; ഇതിൽ ഞാൻ വീഴ്ച വരുത്തിയാൽ സർവേശ്വരൻ എന്നെ ശിക്ഷിച്ചുകൊള്ളട്ടെ; അവിടുന്ന് എന്റെ പിതാവിന്റെ കൂടെ ഇരുന്നതുപോലെ നിന്റെ കൂടെയും ഉണ്ടായിരിക്കട്ടെ. 14ഞാൻ ജീവനോടെ ശേഷിച്ചാൽ സർവേശ്വരനാമത്തിൽ എന്നോടു കരുണ കാണിക്കണം. 15ഞാൻ മരിച്ചാൽ എന്റെ കുടുംബത്തോടു നീ എന്നും കൂറു പുലർത്തണം. സർവേശ്വരൻ നിന്റെ ശത്രുക്കളെയെല്ലാം ഭൂമിയിൽനിന്ന് ഉന്മൂലനം ചെയ്യുമ്പോഴും യോനാഥാന്റെ നാമം നിന്റെ കുടുംബത്തിൽനിന്നു വിഛേദിക്കരുതേ! 16സർവേശ്വരൻ ദാവീദിന്റെ ശത്രുക്കളോടു പകരം ചോദിക്കട്ടെ.” 17യോനാഥാൻ പ്രാണതുല്യം ദാവീദിനെ സ്നേഹിച്ചിരുന്നു; തന്നോടുള്ള സ്നേഹത്തിന്റെ പേരിൽ ദാവീദിനെക്കൊണ്ടു വീണ്ടും സത്യം ചെയ്യിച്ചു. 18യോനാഥാൻ ദാവീദിനോടു പറഞ്ഞു: “നാളെ അമാവാസിയാണ്; നിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കാണുമ്പോൾ നിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും; 19മറ്റെന്നാൾ നിന്റെ അഭാവം കൂടുതൽ ശ്രദ്ധിക്കപ്പെടും. നീ മുമ്പ് ഒളിച്ചിരുന്ന സ്ഥലത്തെ കല്‌ക്കൂമ്പാരത്തിന്റെ പിന്നിൽ മറഞ്ഞിരിക്കണം. 20ഉന്നം നോക്കി എയ്യുന്നതുപോലെ ഞാൻ അതിന്റെ ഒരു വശത്തേക്ക് മൂന്നു അമ്പ് എയ്യും; 21അമ്പെടുത്തു കൊണ്ടുവരാൻ ഒരു ബാലനെ അയയ്‍ക്കും. ഞാൻ അവനോട് ‘ഇതാ അമ്പുകൾ നിന്റെ ഇപ്പുറത്ത്; എടുത്തുകൊണ്ടു വരിക;’ എന്നു പറഞ്ഞാൽ നീ സുരക്ഷിതനാണ്; നിനക്ക് ഒരു അപകടവും ഉണ്ടാകുകയില്ലെന്നു സർവേശ്വരന്റെ നാമത്തിൽ ഞാൻ സത്യം ചെയ്തുപറയുന്നു; 22നേരേമറിച്ച് ‘അമ്പു നിന്റെ അപ്പുറത്താണ്’ എന്നു പറഞ്ഞ് ബാലനെ അയച്ചാൽ നീ പൊയ്‍ക്കൊള്ളണം; കാരണം സർവേശ്വരൻ നിന്നെ അകലത്തേക്ക് അയയ്‍ക്കുകയാണ്. 23നമ്മുടെ ഈ വാക്കുകൾക്ക് അവിടുന്ന് എന്നും സാക്ഷിയായിരിക്കട്ടെ.”
24അങ്ങനെ ദാവീദ് വയലിൽ ഒളിച്ചിരുന്നു; അമാവാസിദിവസം ശൗൽരാജാവു ഭക്ഷണത്തിനിരുന്നു. 25രാജാവ് പതിവുപോലെ ഭിത്തിയോടു ചേർന്നുള്ള തന്റെ ഇരിപ്പിടത്തിലാണ് ഇരുന്നത്. യോനാഥാൻ എതിർവശത്തും അബ്നേർ ശൗലിന്റെ അടുത്തും ഇരുന്നു. ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; 26അവന് എന്തെങ്കിലും സംഭവിച്ചുകാണും; ഒരുപക്ഷേ അവൻ അശുദ്ധനായിരിക്കും; അതേ; അത് അങ്ങനെതന്നെ ആയിരിക്കും” ശൗൽ വിചാരിച്ചു. 27അമാവാസിയുടെ പിറ്റേ ദിവസവും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; ശൗൽ യോനാഥാനോടു ചോദിച്ചു: “യിശ്ശായിയുടെ പുത്രൻ ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാഞ്ഞതെന്ത്?” 28യോനാഥാൻ ശൗലിനോടു പറഞ്ഞു: “ദാവീദ് ബേത്‍ലഹേമിൽ പോകാൻ എന്നോടു നിർബന്ധപൂർവം അനുവാദം ചോദിച്ചു; 29‘ഞങ്ങളുടെ കുടുംബം പട്ടണത്തിൽ ഒരു യാഗമർപ്പിക്കുന്നതുകൊണ്ട് ഞാനും അവിടെ ചെല്ലണമെന്നു എന്റെ സഹോദരൻ ആവശ്യപ്പെട്ടിരിക്കുന്നു; അതിനാൽ ദയ തോന്നി എന്റെ സഹോദരന്മാരെ പോയിക്കാണാൻ എനിക്ക് അനുവാദം നല്‌കണം’ എന്ന് അയാൾ പറഞ്ഞു; അതുകൊണ്ടാണ് രാജാവിന്റെ വിരുന്നിന് അവൻ വരാഞ്ഞത്.” 30അപ്പോൾ ശൗലിന്റെ കോപം യോനാഥാനെതിരേ ജ്വലിച്ചു; രാജാവ് അവനോടു പറഞ്ഞു: “വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ! നീ നിനക്കും നിന്റെ അമ്മയ്‍ക്കും അപമാനം വരുത്തിവയ്‍ക്കാൻ യിശ്ശായിയുടെ പുത്രന്റെ പക്ഷം ചേർന്നിരിക്കുന്നു. 31അവൻ ജീവിച്ചിരിക്കുന്നിടത്തോളം നീ രാജാവാകുകയില്ല; നിന്റെ രാജത്വം ഉറയ്‍ക്കുകയുമില്ല; ആളയച്ച് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ തീർച്ചയായും മരിക്കണം.” 32യോനാഥാൻ ചോദിച്ചു: “അവനെ എന്തിനു കൊല്ലണം? അവൻ എന്തു ചെയ്തു?” 33ശൗൽ ഉടനെ യോനാഥാനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലുവാൻ തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്നു എന്നു യോനാഥാന് അപ്പോൾ മനസ്സിലായി. 34കുപിതനായിത്തീർന്ന യോനാഥാൻ ഉടനെ ചാടി എഴുന്നേറ്റു; അമാവാസിയുടെ പിറ്റേ ദിവസമായ അന്നു ഭക്ഷണമൊന്നും കഴിച്ചില്ല; തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതിനാൽ അവനു ദുഃഖമുണ്ടായി.
35അടുത്ത ദിവസം രാവിലെ ദാവീദിനോടു പറഞ്ഞിരുന്നതുപോലെ യോനാഥാൻ ഒരു ബാലനെയുംകൊണ്ട് വയലിലേക്കു പോയി. 36ബാലനോടു താൻ എയ്യുന്ന അമ്പ് ഓടിച്ചെന്ന് എടുത്തുകൊണ്ടു വരണം എന്നു പറഞ്ഞു; ബാലൻ ഓടിയപ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. 37യോനാഥാൻ എയ്ത അമ്പു വീണ സ്ഥലത്തു ബാലൻ എത്തിയപ്പോൾ യോനാഥാൻ അവനോടു: “അമ്പു നിന്റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു ചോദിച്ചു. 38യോനാഥാൻ വീണ്ടും വിളിച്ചു പറഞ്ഞു: “വേഗമാകട്ടെ ഓടുക, അവിടെ നില്‌ക്കരുത്.” ബാലൻ അമ്പുകൾ പെറുക്കിയെടുത്ത് യോനാഥാന്റെ അടുക്കൽ കൊണ്ടുവന്നു. 39യോനാഥാനും ദാവീദുമല്ലാതെ ബാലൻ കാര്യമൊന്നും അറിഞ്ഞില്ല. 40പിന്നീട് യോനാഥാൻ തന്റെ ആയുധങ്ങൾ പട്ടണത്തിലേക്ക് കൊണ്ടുപോകാൻ ബാലനെ ഏല്പിച്ച് അവനെ പറഞ്ഞയച്ചു. 41ബാലൻ പോയ ഉടനെ ദാവീദ് കല്‌ക്കൂനയുടെ പിമ്പിൽനിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; ദാവീദു സമനില വീണ്ടെടുക്കുംവരെ അവർ പരസ്പരം ചുംബിച്ചു കരഞ്ഞു. 42പിന്നീട് യോനാഥാൻ പറഞ്ഞു: “സമാധാനത്തോടെ പോകുക; സർവേശ്വരൻ എനിക്കും നിനക്കും നമ്മുടെ സന്തതികൾക്കും മധ്യേ എന്നേക്കും സാക്ഷി ആയിരിക്കും എന്നു നാം ഇരുവരും സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തിട്ടുണ്ടല്ലോ.” ദാവീദു യാത്ര പറഞ്ഞു പിരിഞ്ഞു; യോനാഥാൻ പട്ടണത്തിലേക്കും പോയി.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 SAMUELA 20: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക