1 TIMOTHEA 1

1
1നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്തുവിന്റെയും കല്പനയാൽ, ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസ്,
2വിശ്വാസത്തിൽ യഥാർഥപുത്രനായ തിമൊഥെയോസിന് എഴുതുന്നത്:
പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും നിനക്കു ലഭിക്കട്ടെ.
ദുരുപദേശങ്ങൾക്കെതിരെ
3-4ഞാൻ മാസിഡോണിയയിലേക്കു പോകുമ്പോൾ നിന്നോട് ആവശ്യപ്പെട്ടതുപോലെ നീ എഫെസൊസിൽ താമസിക്കുക. അവിടെ അന്യഥാ ഉള്ള ഉപദേശങ്ങൾ പഠിപ്പിക്കുകയും അന്തമില്ലാത്ത വംശാവലിയിൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്ന ചിലരുണ്ട്. അവർ അങ്ങനെ ചെയ്യാതിരിക്കുവാൻ ആജ്ഞാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസത്തിലുള്ള ദൈവികവ്യവസ്ഥിതിയെക്കാൾ അധികമായി വിവാദപരമായ പ്രശ്നങ്ങൾ ഉളവാകുന്നതിനു മാത്രമേ അവ ഉപകരിക്കുകയുള്ളൂ. 5നാം അവരോട് ആജ്ഞാപിക്കുന്നതിന്റെ ആത്യന്തിക ലക്ഷ്യം ശുദ്ധഹൃദയത്തിൽനിന്നും നല്ല മനസ്സാക്ഷിയിൽനിന്നും കാപട്യമില്ലാത്ത വിശ്വാസത്തിൽനിന്നും ഉളവാകുന്ന സ്നേഹമാണ്. 6ചിലർ ഇതിൽനിന്നു വഴുതിമാറി വ്യർഥ സംവാദത്തിലേക്കു തിരിഞ്ഞ് ധർമോപദേഷ്ടാക്കളാകുവാൻ ആഗ്രഹിക്കുന്നു. 7തങ്ങൾ പറയുന്നതെന്തെന്നോ, സമർഥിക്കുന്നതെന്തെന്നോ അവർ ഒട്ടും ഗ്രഹിക്കുന്നില്ലതാനും.
8ഉചിതമായി ആചരിച്ചാൽ ധർമശാസ്ത്രം ഉത്തമമാണെന്നു നാം അറിയുന്നു. 9നിയമസംഹിത ഉണ്ടാക്കിയിരിക്കുന്നത് സജ്ജനത്തിനുവേണ്ടിയല്ല; പിന്നെയോ, നിയമലംഘനക്കാർ, അനുസരണം കെട്ടവർ, അഭക്തർ, പാപികൾ, അവിശുദ്ധർ, ലൗകികർ, പിതാവിനെയോ മാതാവിനെയോ കൊല്ലുന്നവർ, കൊലപാതകികൾ, 10അസാന്മാർഗികൾ, സ്വവർഗരതിയിലേർപ്പെടുന്നവർ, മനുഷ്യരെ തട്ടിക്കൊണ്ടുപോകുന്നവർ, വ്യാജം പറയുന്നവർ, കള്ളസത്യം ചെയ്യുന്നവർ എന്നിങ്ങനെയുള്ളവർക്കും, വിശ്വാസയോഗ്യമായ പ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയാകുന്നു. 11എന്നെ ഭരമേല്പിച്ചിരിക്കുന്ന പ്രബോധനമാകട്ടെ വാഴ്ത്തപ്പെട്ടവനായ ദൈവത്തിന്റെ മഹത്ത്വമേറിയ സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ്.
ദൈവകൃപയ്‍ക്കു കൃതജ്ഞത
12നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ഞാൻ സ്തുതിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്നെ വിശ്വസ്തനായി കരുതി തന്റെ ശുശ്രൂഷയ്‍ക്കായി നിയോഗിച്ചുകൊണ്ട് എനിക്കാവശ്യമുള്ള ശക്തി അവിടുന്നു നല്‌കിയിരിക്കുന്നു. 13നേരത്തെ ഞാൻ ക്രിസ്തുയേശുവിനെ നിന്ദിക്കുകയും പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എങ്കിലും, അവിശ്വാസി ആയിരുന്ന കാലത്ത് ഞാൻ ചെയ്തത് അറിവില്ലാതെ ആയതിനാൽ എനിക്കു കരുണ ലഭിച്ചു. 14ക്രിസ്തുയേശുവിലുള്ള സ്നേഹത്തോടും വിശ്വാസത്തോടുമൊപ്പം അവിടുത്തെ കൃപയും എന്നിലേക്കു കവിഞ്ഞൊഴുകി. 15ക്രിസ്തുയേശു ലോകത്തിൽ വന്നത് പാപികളെ രക്ഷിക്കുവാനാകുന്നു എന്നുള്ള സന്ദേശം തികച്ചും വിശ്വസനീയവും സ്വീകാര്യയോഗ്യവുമാകുന്നു. ആ പാപികളിൽ ഞാൻ ഒന്നാമനത്രേ. 16എങ്കിലും ദൈവം തന്റെ മഹാക്ഷമയാൽ എന്നോടു കരുണ കാണിച്ചു. ക്രിസ്തുയേശുവിൽ വിശ്വസിച്ച് അനശ്വരജീവൻ പ്രാപിക്കുവാനുള്ളവർക്ക് ദൈവം എന്നെ ദൃഷ്ടാന്തമാക്കി. 17നിത്യനായ രാജാവും, അനശ്വരനും, അദൃശ്യനുമായ ഏകദൈവത്തിന് ബഹുമാനവും മഹത്ത്വവും എന്നുമെന്നേക്കും ഉണ്ടാകട്ടെ. ആമേൻ.
18മകനേ, തിമൊഥെയോസേ, നിന്നെക്കുറിച്ചു മുൻകാലത്തു പ്രവചിച്ചിട്ടുള്ളതിന് അനുസൃതമായി ഈ കല്പന നിന്നെ ഭരമേല്പിക്കുന്നു. ആ വചനങ്ങളുടെ പ്രേരണയാൽ നന്നായി പോരാടുന്നതിന്, 19വിശ്വാസവും നല്ല മനസ്സാക്ഷിയും മുറുകെപ്പിടിച്ചുകൊള്ളുക. ചിലർ മനസ്സാക്ഷിയെ തിരസ്കരിച്ച് തങ്ങളുടെ വിശ്വാസം തകർത്തുകളഞ്ഞു. 20ഹുമനയൊസും അലക്സാണ്ടറും അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ഞാൻ അവരെ സാത്താനെ ഏല്പിച്ചിരിക്കുകയാണ്. ദൈവദൂഷണം ചെയ്യരുത് എന്ന് ഈ ശിക്ഷമൂലം അവർ പഠിക്കേണ്ടതിനാണ് അങ്ങനെ ചെയ്തത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 TIMOTHEA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക