1 TIMOTHEA 3

3
സഭാനേതാവിനു വേണ്ട യോഗ്യത
1ഒരുവൻ സഭയുടെ അധ്യക്ഷസ്ഥാനം ആഗ്രഹിക്കുന്നു എങ്കിൽ ശ്രേഷ്ഠമായ സേവനമാണ് അയാൾ അഭിലഷിക്കുന്നത്. അതു വാസ്തവമാണ്. 2എന്നാൽ സഭയുടെ അധ്യക്ഷൻ ആരോപണങ്ങൾക്ക് അതീതനും ഏകപത്നീവ്രതക്കാരനും ഇന്ദ്രിയവികാരങ്ങളെ ജയിക്കുന്നവനും സംയമശീലനും മാന്യനും അതിഥിസൽക്കാരതൽപരനും ഉപദേശിക്കുവാനുള്ള പ്രാഗല്ഭ്യം ഉള്ളവനും ആയിരിക്കേണ്ടതാണ്; 3അയാൾ മദ്യാസക്തനോ, അക്രമാസക്തനോ, ആയിരിക്കരുത്; പിന്നെയോ സൗമ്യനും ശാന്തശീലനും ദ്രവ്യാഗ്രഹമില്ലാത്തവനും ആയിരിക്കണം. 4അയാൾ സ്വകുടുംബത്തെ യഥായോഗ്യം ഭരിക്കണം. ഉൽകൃഷ്ടമായ പെരുമാറ്റത്താൽ മക്കളെ പൂർണഗൗരവത്തോടെ അനുസരണത്തിൽ വളർത്തുന്നവനും ആയിരിക്കണം. 5സ്വന്തം ഭവനത്തെ ഭരിച്ചു നടത്തുവാൻ കഴിയാത്തവൻ ദൈവത്തിന്റെ സഭയെ എങ്ങനെ പരിപാലിക്കും? 6അയാൾ പുതിയതായി വിശ്വാസം സ്വീകരിച്ച ആളായിരിക്കരുത്. അങ്ങനെ ആയിരുന്നാൽ അഹങ്കാരത്തിമിർപ്പുകൊണ്ട് സാത്താനു വന്ന ശിക്ഷാവിധിയിൽ അകപ്പെടും. 7സഭാധ്യക്ഷൻ സഭയ്‍ക്കു പുറത്തുള്ളവർ കൂടി സമാദരിക്കുന്ന ആളായിരിക്കണം. അങ്ങനെയുള്ളവൻ ദുഷ്കീർത്തിക്കു വിധേയനാകയില്ല; പിശാചിന്റെ കെണിയിൽ വീഴുകയുമില്ല.
ശുശ്രൂഷകർക്കു വേണ്ട യോഗ്യത
8അതുപോലെതന്നെ സഭാശുശ്രൂഷകരും ഉൽകൃഷ്ടസ്വഭാവമുള്ളവരായിരിക്കണം; സന്ദർഭത്തിനൊത്തു വാക്കു മാറ്റി സംസാരിക്കുന്നവരോ, അമിതമായി വീഞ്ഞു കുടിക്കുന്നവരോ, ഹീനമായ ലാഭേച്ഛ ഉള്ളവരോ ആയിരിക്കരുത്. 9അവർ വിശ്വാസത്തിന്റെ മർമ്മം സ്വച്ഛമായ മനസ്സാക്ഷിയോടുകൂടി മുറുകെപ്പിടിക്കുന്നവരായിരിക്കണം. 10ആദ്യം അവർ പരിശോധനയ്‍ക്കു വിധേയരാകണം. കുറ്റമറ്റവരാണെന്നു തെളിയുന്നപക്ഷം അവർ സഭയിൽ ശുശ്രൂഷ ചെയ്യട്ടെ. 11അതുപോലെതന്നെ അവരുടെ ഭാര്യമാരും ഉൽകൃഷ്ടസ്വഭാവമുള്ളവരും, പരദൂഷണത്തിൽ ഏർപ്പെടാത്തവരും, സമചിത്തതയുള്ളവരും, എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം. 12സഭാശുശ്രൂഷകൻ ഏകപത്നിയുടെ ഭർത്താവും സ്വന്തം മക്കളെയും കുടുംബത്തെയും യഥോചിതം ഭരിക്കുവാൻ പ്രാപ്തരുമായിരിക്കട്ടെ. 13നന്നായി സേവനം അനുഷ്ഠിക്കുന്ന ശുശ്രൂഷകർ നിലയും വിലയും നേടുന്നു. അവർക്കു ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെപ്പറ്റി നിർഭയം സംസാരിക്കുവാനുള്ള ധൈര്യവും ഉണ്ടായിരിക്കും.
ആ വലിയ മർമ്മം
14എത്രയും വേഗം വന്നു നിന്നെ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. 15എന്നാൽ ഒരുവേള ഞാൻ വരാൻ വൈകുന്നപക്ഷം ദൈവത്തിന്റെ സഭയിൽ ഒരുവൻ എങ്ങനെ പെരുമാറണമെന്നു നീ അറിയേണ്ടതിനാണ് ഞാൻ ഇതെഴുതുന്നത്. സഭ സത്യത്തിന്റെ തൂണും കോട്ടയും ജീവിക്കുന്ന ദൈവത്തിന്റെ ഭവനവുമാകുന്നു. 16നമ്മുടെ മതവിശ്വാസത്തിന്റെ മർമ്മം നിശ്ചയമായും മഹത്താണ്.
അവിടുന്നു മനുഷ്യജന്മമെടുത്ത് പ്രത്യക്ഷനായി;
അവിടുന്നു നീതിമാനാണെന്ന്
ആത്മാവിനാൽ സമർഥിക്കപ്പെട്ടു.
മാലാഖമാർക്ക് അവിടുന്നു ദർശനമേകി;
ജനവർഗങ്ങളുടെ ഇടയിൽ
അവിടുന്നു പ്രഘോഷിക്കപ്പെട്ടു.
ലോകമെങ്ങും അവിടുത്തെ വിശ്വസിച്ചു;
മഹത്ത്വത്തിലേക്ക് അവിടുന്ന്
ഉയർത്തപ്പെടുകയും ചെയ്തു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

1 TIMOTHEA 3: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക