2 KORINTH 12

12
പൗലൊസിന്റെ ദർശനങ്ങളും വെളിപാടുകളും
1ആത്മപ്രശംസകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കിലും എനിക്കു സ്വയം പ്രശംസിക്കേണ്ടിയിരിക്കുന്നു. 2കർത്താവ് എനിക്കു നല്‌കിയ ദർശനങ്ങളെയും വെളിപാടുകളെയും കുറിച്ച് ഞാൻ ഇനി പറയട്ടെ: പതിനാലു വർഷം മുമ്പ് മൂന്നാം സ്വർഗത്തിലേക്ക് ഉയർത്തപ്പെട്ട ഒരു ക്രൈസ്തവപുരുഷനെ എനിക്കറിയാം; ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ-ദൈവം അറിയുന്നു. 3ആ മനുഷ്യൻ പറുദീസയിലേക്ക് ഉയർത്തപ്പെട്ടു-ശരീരത്തോടുകൂടിയോ ശരീരം കൂടാതെയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. അതു ദൈവം അറിയുന്നു- 4അവാച്യവും മനുഷ്യാധരങ്ങൾക്ക് ഉച്ചരിക്കുവാനാവാത്തതുമായ കാര്യങ്ങൾ അയാൾ കേട്ടു. 5ഈ മനുഷ്യനെക്കുറിച്ചു ഞാൻ അഭിമാനംകൊള്ളും- എന്നാൽ ഞാൻ എത്ര ബലഹീനനാണെന്നു സൂചിപ്പിക്കുന്ന കാര്യങ്ങളിലല്ലാതെ മറ്റൊന്നിലും എനിക്കു പ്രശംസിക്കുവാനില്ല. 6ഞാൻ പ്രശംസിക്കുകയാണെങ്കിൽത്തന്നെ ഞാൻ ഭോഷനാകുകയില്ല. ഞാൻ പറയുന്നതു സത്യമാണല്ലോ. എങ്കിലും ഒരുവൻ എന്നിൽ കാണുകയും എന്നിൽനിന്നു കേൾക്കുകയും ചെയ്യുന്നതിൽ അധികമായി എന്നെപ്പറ്റി ചിന്തിക്കണമെന്നു ഞാൻ ആഗ്രഹിക്കാത്തതുകൊണ്ട് ആത്മപ്രശംസ ചെയ്യുന്നില്ല.
7ഞാൻ കണ്ട അദ്ഭുതകരമായ അനേകം ദർശനങ്ങളുടെ പേരിൽ അതിരുകടന്ന ആത്മാഭിമാനംകൊണ്ട് നിഗളിച്ചുപോകാതിരിക്കുന്നതിന് ശാരീരികമായ ഒരു നിശിതരോഗം എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. എന്നെ ദണ്ഡിപ്പിക്കുന്നതിന് സാത്താന്റെ ദൂതനായിട്ടത്രേ അതു വർത്തിക്കുന്നത്. ഞാൻ മതിമറന്ന് അഹങ്കരിക്കുന്നതിൽനിന്ന് അത് എന്നെ രക്ഷിക്കുകയും ചെയ്യുന്നു. 8ഇത് എന്നിൽനിന്നു നീങ്ങേണ്ടതിന് ഞാൻ മൂന്നുവട്ടം കർത്താവിനോട് അപേക്ഷിച്ചു. 9എന്നാൽ “എന്റെ കൃപ നിനക്കു മതി; എന്തെന്നാൽ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്റെ ബലഹീനതയെക്കുറിച്ച് ഞാൻ ആഹ്ലാദപൂർവം പ്രശംസിക്കും. 10ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതിൽ ഞാൻ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാൽ ഞാൻ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്.
കൊരിന്ത്യരെക്കുറിച്ചുള്ള ചിന്താഭാരം
11ഞാൻ ഒരു ഭോഷനായിത്തീർന്നു! പക്ഷേ നിങ്ങൾ അതിന് എന്നെ നിർബന്ധിച്ചു. നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു. ഞാൻ ഏതുമല്ലാത്തവനാണെങ്കിലും, നിങ്ങളുടെ അപ്പോസ്തോലശ്രേഷ്ഠന്മാരെക്കാൾ ഒരു വിധത്തിലും കുറഞ്ഞവനല്ല. 12ഞാൻ ഒരു അപ്പോസ്തോലനാണ് എന്നു തെളിയിക്കുന്ന അടയാളങ്ങളും അദ്ഭുതങ്ങളും വിസ്മയാവഹമായ പ്രവർത്തനങ്ങളും ഏറ്റവും സഹിഷ്ണുതയോടുകൂടി നിങ്ങളുടെ ഇടയിൽ നടത്തിയിട്ടുണ്ട്. 13സാമ്പത്തിക സഹായത്തിനുവേണ്ടി നിങ്ങളെ ഞാൻ ഭാരപ്പെടുത്തിയിട്ടില്ല എന്നതൊഴികെ ഇതര സഭകളെക്കാൾ നിങ്ങൾക്കു കുറവു വന്നിട്ടുള്ളത് എന്താണ്? ഈ അപരാധം നിങ്ങൾ സദയം ക്ഷമിക്കുക!
14ഇതാ മൂന്നാം പ്രാവശ്യവും നിങ്ങളെ സന്ദർശിക്കുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു- ഞാൻ നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകുകയില്ല. നിങ്ങളുടെ പണമല്ല നിങ്ങളെയാണ് എനിക്കു വേണ്ടത്. മക്കൾ മാതാപിതാക്കൾക്കല്ല, മാതാപിതാക്കൾ മക്കൾക്കാണല്ലോ കൊടുക്കേണ്ടത്. 15നിങ്ങളെ സഹായിക്കുന്നതിനുവേണ്ടി എനിക്കുള്ള എല്ലാ വകകളും മാത്രമല്ല എന്നെത്തന്നെയും ചെലവഴിക്കുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ. ഞാൻ നിങ്ങളെ അധികം സ്നേഹിക്കുന്നതുകൊണ്ടാണോ നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞുപോയത്?
16ഞാൻ നിങ്ങൾക്ക് ഒരു ഭാരമായിരുന്നില്ല എന്നുള്ളത് നിങ്ങൾ സമ്മതിക്കും. എന്നാൽ ഞാൻ തന്ത്രശാലിയാണെന്നും വ്യാജങ്ങൾകൊണ്ടു നിങ്ങളെ വഞ്ചിച്ചു എന്നും ചിലർ പറയുമായിരിക്കും. അതെങ്ങനെയാണ്? 17ഞാൻ നിങ്ങളുടെ അടുക്കൽ അയച്ച ദൂതന്മാർ മുഖേന നിങ്ങളുടെ വക വല്ലതും വഞ്ചിച്ചെടുത്തുവോ? 18തീത്തോസിനോടു നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ അഭ്യർഥിക്കുകയും മറ്റേ ക്രൈസ്തവ സഹോദരനെ അവന്റെ കൂടെ അയയ്‍ക്കുകയും ചെയ്തു. തീത്തോസ് നിങ്ങളെ ചൂഷണം ചെയ്തു എന്നു നിങ്ങൾ പറയുമോ? ഒരേ ലക്ഷ്യവും മാർഗവും അനുസരിച്ചല്ലേ അവരും ഞാനും പ്രവർത്തിച്ചത്?
19ഇതുവരെയും ഞങ്ങളെത്തന്നെ ന്യായീകരിക്കുവാൻ ഞങ്ങൾ ശ്രമിക്കുകയായിരുന്നു എന്ന് ഒരുവേള നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. ദൈവമുമ്പാകെ ഞങ്ങൾ എങ്ങനെ സംസാരിക്കണമെന്നു ക്രിസ്തു ആഗ്രഹിക്കുന്നുവോ അങ്ങനെയാണു ഞങ്ങൾ സംസാരിക്കുന്നത്. പ്രിയ സ്നേഹിതരേ, നിങ്ങളുടെ ഉന്നമനത്തിനുവേണ്ടിയാണു ഞങ്ങൾ ചെയ്യുന്നതെല്ലാം. 20ഞാൻ അവിടെയെത്തുമ്പോൾ ഞാൻ ഇച്ഛിക്കുന്നതിൽനിന്നു വ്യത്യസ്തമായ വിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ഇച്ഛിക്കുന്ന വിധത്തിൽ അല്ലാതെ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു. പരസ്പരം ശണ്ഠ, അസൂയ, ക്ഷിപ്രകോപം, സ്വാർഥത, അധിക്ഷേപം, ഏഷണി, അഹങ്കാരം, അച്ചടക്കമില്ലായ്മ ഇവയെല്ലാം നിങ്ങളുടെ ഇടയിലുണ്ടായിരിക്കുമോ എന്നാണ് എന്റെ ഭയം. 21അടുത്ത തവണ ഞാൻ വരുമ്പോൾ നിങ്ങളുടെ മുമ്പിൽവച്ച് എന്റെ ദൈവം എന്നെ അപമാനിതനാക്കുമെന്നും കഴിഞ്ഞ കാലത്തു പാപം ചെയ്തിട്ട് തങ്ങളുടെ അസാന്മാർഗികമായ നടപടികൾ, വിഷയാസക്തി, ലൈംഗികമായ പാപങ്ങൾ മുതലായവയെക്കുറിച്ച് അനുതപിക്കാത്ത അനേകമാളുകളെ പ്രതി ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 KORINTH 12: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക