2 KORINTH 2

2
1വീണ്ടും സന്ദർശിച്ചു നിങ്ങൾക്കു മനോവേദന ഉണ്ടാക്കരുതെന്നു ഞങ്ങൾ നിശ്ചയിച്ചു. 2ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചാൽ എന്നെ സമാശ്വസിപ്പിക്കുന്നതിന് ഞാൻ ദുഃഖിപ്പിച്ച നിങ്ങളല്ലാതെ മറ്റാരാണുള്ളത്? 3ഞാൻ വരുമ്പോൾ എനിക്കു സന്തോഷം നല്‌കേണ്ടവർ എന്നെ ദുഃഖിപ്പിക്കാതിരിക്കുവാൻവേണ്ടിയാണു ഞാൻ ആ കത്തെഴുതിയത്. എന്തെന്നാൽ ഞാൻ സന്തോഷിക്കുമ്പോൾ നിങ്ങളെല്ലാവരുംതന്നെ സന്തോഷിക്കുമെന്ന് എനിക്കു ബോധ്യമുണ്ട്. 4അത്യധികമായ ദുഃഖത്തോടും ഹൃദയവേദനയോടും കണ്ണുനീരോടുംകൂടി ഞാൻ നിങ്ങൾക്ക് എഴുതിയത് നിങ്ങളെ ദുഃഖിപ്പിക്കുന്നതിനല്ല, പിന്നെയോ നിങ്ങളെ എല്ലാവരെയും ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമാകുന്നതിനുവേണ്ടിയാണ്.
കുറ്റം ചെയ്തവനു മാപ്പ്
5ദുഃഖിപ്പിച്ചവൻ എന്നെയല്ല, നിങ്ങളെ എല്ലാവരെയുമാണ് ഒരളവിൽ ദുഃഖിപ്പിച്ചത്- അയാളെ കൂടുതൽ വേദനിപ്പിക്കരുതല്ലോ. 6നിങ്ങളിൽ ഭൂരിപക്ഷം പേർ അയാൾക്കു നല്‌കിയ ശിക്ഷ ധാരാളം മതി. 7ഏതായാലും അയാൾ നിലയില്ലാത്ത ദുഃഖത്തിൽ നിമഗ്നനായി നശിച്ചു പോകാതിരിക്കേണ്ടതിന് നിങ്ങൾ അയാളോടു ക്ഷമിക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം. 8അതുകൊണ്ട് അയാളോടുള്ള നിങ്ങളുടെ സ്നേഹം വീണ്ടും ഉറപ്പിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. 9എന്റെ നിർദേശങ്ങൾ അനുസരിക്കുവാൻ നിങ്ങൾ എപ്പോഴും സന്നദ്ധരാണോ എന്നു പരീക്ഷിക്കുന്നതിനാണ് ഞാൻ അങ്ങനെ എഴുതിയത്. 10നിങ്ങൾ ക്ഷമിച്ച ഏതൊരുവനോടും ഞാനും ക്ഷമിക്കുന്നു; ഞാൻ എന്തെങ്കിലും ക്ഷമിച്ചിരിക്കുന്നെങ്കിൽ, നിങ്ങളെ പ്രതി ക്രിസ്തുവിന്റെ സാന്നിധ്യത്തിലത്രേ അപ്രകാരം ചെയ്തത്. 11ഇത് സാത്താൻ നമ്മെ അടിമപ്പെടുത്താതിരിക്കുന്നതിനാണ്. സാത്താന്റെ തന്ത്രങ്ങളെപ്പറ്റി നാം അറിവില്ലാത്തവരല്ലല്ലോ.
പൗലൊസിന്റെ ഉൽക്കണ്ഠ
12ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിനായി ഞാൻ ത്രോവാസിലെത്തിയപ്പോൾ അവിടെ പ്രവർത്തനത്തിനുള്ള വാതിൽ കർത്താവ് തുറന്നിരിക്കുന്നതായി ഞാൻ കണ്ടു. 13എന്നാൽ എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണാഞ്ഞതുകൊണ്ടു ഞാൻ അസ്വസ്ഥനായി. അതുകൊണ്ട് അവിടത്തെ ജനത്തോടു യാത്രപറഞ്ഞ് ഞാൻ മാസിഡോണിയയിലേക്കു പോയി.
ക്രിസ്തുവിലൂടെ വിജയം
14ദൈവത്തിനു സ്തോത്രം! ക്രിസ്തുവിനോട് ഐക്യപ്പെട്ടുകൊണ്ടുള്ള ഞങ്ങളുടെ ജൈത്രയാത്രയിൽ ദൈവം ഞങ്ങളെ എപ്പോഴും നയിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനം സൗരഭ്യം എന്നപോലെ എല്ലായിടത്തും പരത്തുന്നതിന് ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു. 15എന്തെന്നാൽ ക്രിസ്തു ദൈവത്തിനു സമർപ്പിച്ച നറുമണം ചൊരിയുന്ന ധൂപംപോലെയുള്ളവരാണ് ഞങ്ങൾ. ആ ധൂപത്തിന്റെ വാസന രക്ഷിക്കപ്പെടുന്നവരുടെയും നഷ്ടപ്പെടുന്നവരുടെയും ഇടയിൽ വ്യാപിക്കുന്നു. 16നശിച്ചുപോകുന്നവർക്ക് അത് മാരകമായ ദുർഗന്ധമായിരിക്കും; എന്നാൽ രക്ഷിക്കപ്പെടുന്നവർക്ക് അത് ജീവൻ കൈവരുത്തുന്ന സൗരഭ്യമത്രേ. ഇതുപോലെയുള്ള പ്രവർത്തനത്തിന് ആരാണു യോഗ്യൻ? 17മായം ചേർത്ത വ്യാപാരച്ചരക്കെന്നോണം ദൈവത്തിന്റെ സന്ദേശം കൈകാര്യം ചെയ്യുന്ന വളരെയാളുകളുണ്ട്. അവരെപ്പോലെയല്ല ഞങ്ങൾ. ദൈവം ഞങ്ങളെ അയച്ചിരിക്കുന്നതുകൊണ്ട് ക്രിസ്തുവിന്റെ ദാസന്മാരെന്നവണ്ണം അവിടുത്തെ സാന്നിധ്യത്തിൽ ആത്മാർഥതയോടുകൂടി സംസാരിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 KORINTH 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക