2 SAMUELA 12:19-25
2 SAMUELA 12:19-25 MALCLBSI
ഭൃത്യന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചു എന്നു രാജാവു മനസ്സിലാക്കി. “കുഞ്ഞു മരിച്ചുവോ” എന്ന് അദ്ദേഹം ചോദിച്ചു. “മരിച്ചുപോയി” എന്നവർ പറഞ്ഞു. ഉടൻ തന്നെ ദാവീദ് നിലത്തുനിന്നെഴുന്നേറ്റു; കുളിച്ചു തൈലം പൂശി വസ്ത്രം മാറി ദേവാലയത്തിൽ ചെന്നു സർവേശ്വരനെ ആരാധിച്ചു. പിന്നീടു കൊട്ടാരത്തിൽ മടങ്ങിവന്നു. അദ്ദേഹത്തിന്റെ കല്പനപ്രകാരം അവർ ഭക്ഷണം കൊണ്ടുവന്നുവച്ചു; അദ്ദേഹം അതു ഭക്ഷിച്ചു. ഭൃത്യന്മാർ ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? കുഞ്ഞു ജീവനോടിരുന്നപ്പോൾ അവിടുന്ന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചപ്പോൾ അങ്ങ് എഴുന്നേറ്റു ഭക്ഷണം കഴിച്ചല്ലോ?” രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോൾ ഞാൻ ഉപവസിച്ചു കരഞ്ഞു. സർവേശ്വരൻ കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാൻ ആശിച്ചു. ഇപ്പോഴാകട്ടെ അവൻ മരിച്ചുപോയി; ഇനിയും ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ വീണ്ടും ജീവിപ്പിക്കാൻ എനിക്കു കഴിയുമോ? എനിക്ക് അവന്റെ അടുക്കലേക്കു പോകാമെന്നല്ലാതെ അവൻ എന്റെ അടുക്കലേക്ക് മടങ്ങി വരികയില്ലല്ലോ.” ദാവീദു തന്റെ ഭാര്യ ബത്ത്-ശേബയെ സമാശ്വസിപ്പിച്ചു; അദ്ദേഹം വീണ്ടും അവളെ പ്രാപിച്ചു. അവൾ ഒരു മകനെ പ്രസവിച്ചു. രാജാവ് അവനു ശലോമോൻ എന്നു പേരിട്ടു. സർവേശ്വരൻ അവനെ സ്നേഹിച്ചു; സർവേശ്വരൻ നിയോഗിച്ചതനുസരിച്ചു നാഥാൻപ്രവാചകൻ അവന് യദീദ്യാ എന്നു പേർ വിളിച്ചു.

