2 SAMUELA 24
24
ദാവീദ് ജനസംഖ്യ എടുക്കുന്നു
(1 ദിന. 21:1-27)
1സർവേശ്വരന്റെ കോപം ഇസ്രായേലിന്റെ നേരേ ജ്വലിച്ചു. അവർക്കെതിരെ പ്രവർത്തിക്കാൻ ദാവീദിനെ അവിടുന്നു പ്രേരിപ്പിച്ചു. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങളുടെ എണ്ണമെടുക്കാൻ സർവേശ്വരൻ ദാവീദിനോടു കല്പിച്ചു. 2അദ്ദേഹം യോവാബിനോടും തന്റെ സൈന്യാധിപന്മാരോടും പറഞ്ഞു: “ദാൻമുതൽ ബേർ-ശേബാവരെ ഇസ്രായേലിലുള്ള എല്ലാ ഗോത്രക്കാരുടെ ഇടയിലും ചെന്ന് അവരുടെ ജനസംഖ്യ എടുത്ത് എന്നെ അറിയിക്കണം.” 3എന്നാൽ രാജാവിനോട് യോവാബ് ഇങ്ങനെ ചോദിച്ചു: “അങ്ങയുടെ കാലത്തുതന്നെ ദൈവമായ സർവേശ്വരൻ ജനത്തെ ഇന്നുള്ളതിന്റെ നൂറിരട്ടിയായി വർധിപ്പിക്കട്ടെ; അതു കാണാൻ അങ്ങേക്ക് ഇടയാകട്ടെ; എന്നാൽ അങ്ങ് ഇക്കാര്യത്തിൽ ഇത്ര താൽപര്യം കാണിക്കുന്നത് എന്ത്?” 4യോവാബ് അങ്ങനെ പറഞ്ഞെങ്കിലും അയാളും സേനാനായകന്മാരും രാജകല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ അവർ ജനത്തിന്റെ എണ്ണമെടുക്കാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു. 5അവർ യോർദ്ദാൻനദി കടന്നു ഗാദ്ദേശത്ത് താഴ്വരയുടെ നടുവിലുള്ള പട്ടണമായ അരോവേരിൽ ആരംഭിച്ചു 6വടക്കോട്ട് യസേരിലേക്കും ഗിലെയാദിലേക്കും ഹിത്യരുടെ ദേശമായ കാദേശിലേക്കും ചെന്നു; അവിടെനിന്നു ദാനിലേക്കും പിന്നീട് സീദോനിലേക്കും പോയി. 7പിന്നീട് അവർ കോട്ട കെട്ടി ഉറപ്പിച്ചിരുന്ന സോരിലും ഹിവ്യരുടെയും കനാന്യരുടെയും സകല പട്ടണങ്ങളിലും ചെന്നതിനുശേഷം യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലെത്തി. 8അവർ ദേശമെല്ലാം സഞ്ചരിച്ച് ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് യെരൂശലേമിലെത്തി. 9യോവാബ് ജനസംഖ്യ രാജാവിനെ അറിയിച്ചു; അതനുസരിച്ച് സൈന്യ സേവനത്തിനു പറ്റിയ എട്ടുലക്ഷം പേർ ഇസ്രായേലിലും അഞ്ചുലക്ഷം പേർ യെഹൂദ്യയിലും ഉണ്ടായിരുന്നു.
10ജനസംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു കുറ്റബോധം ഉണ്ടായി. അദ്ദേഹം സർവേശ്വരനോടു പറഞ്ഞു: “ഞാൻ കൊടുംപാപം ചെയ്തുപോയി; എന്റെ കുറ്റം ക്ഷമിക്കണമേ; ഞാൻ വലിയ ഭോഷത്തമാണു കാട്ടിയത്.” 11ദാവീദ് രാവിലെ ഉണരുമ്പോഴേക്കു തന്റെ പ്രവാചകനായ ഗാദിനോടു സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരുന്നു: 12“നീ ചെന്നു ദാവീദിനോടു പറയുക: മൂന്നു കാര്യങ്ങൾ ഞാൻ നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്നു നീ തിരഞ്ഞെടുക്കണം; അതു ഞാൻ നിന്നോടു ചെയ്യും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” 13ഗാദ് ദാവീദിന്റെ അടുക്കൽ ചെന്നു പറഞ്ഞു: “നിന്റെ രാജ്യത്ത് #24:13 മൂന്നു വർഷം = ഏഴു വർഷം എന്ന് മൂലപാഠത്തിൽ (1 ദിന. 21:12)മൂന്നു വർഷം ക്ഷാമമുണ്ടാകുകയോ, നീ മൂന്നു മാസം ശത്രുക്കളിൽനിന്നു ഒളിച്ചുപാർക്കുകയോ, നിന്റെ രാജ്യത്തു മൂന്നു ദിവസം പകർച്ചവ്യാധി ഉണ്ടാകുകയോ വേണം. ഏതാണു നീ തിരഞ്ഞെടുക്കുന്നത്? എന്നെ അയച്ചവനോട് മറുപടി നല്കത്തക്കവിധം നീ ആലോചിച്ച് ഉത്തരം പറയണം.” 14ദാവീദ് ഗാദിനോട് പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; സർവേശ്വരന്റെ കരം നമ്മുടെമേൽ പതിക്കട്ടെ; അവിടുന്നു മഹാദയാലുവാകുന്നു; മനുഷ്യരുടെ കൈയിൽ ഞാൻ അകപ്പെടാതിരിക്കട്ടെ.” 15അങ്ങനെ അന്നു പ്രഭാതം മുതൽ നിശ്ചിത സമയംവരെ ഇസ്രായേലിൽ സർവേശ്വരൻ അയച്ച ഒരു പകർച്ചവ്യാധി അവരെ ബാധിച്ചു. ദാൻമുതൽ ബേർ-ശേബാവരെയുള്ള ജനത്തിൽ എഴുപതിനായിരം പേർ മരിച്ചു. 16യെരൂശലേമിനെയും പകർച്ചവ്യാധി ബാധിക്കാൻ ദൈവദൂതൻ കൈ നീട്ടിയപ്പോൾ സർവേശ്വരൻ അവിടെ ഉണ്ടാകാൻ പോകുന്ന അനർഥത്തെക്കുറിച്ചു ദുഃഖിച്ചു സംഹാരദൂതനോടു “മതി, നീ കൈ പിൻവലിക്കുക” എന്നു കല്പിച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിന്റെ അടുത്തായിരുന്നു. 17സംഹാരദൂതനെ കണ്ടപ്പോൾ ദാവീദ് സർവേശ്വരനോട് അപേക്ഷിച്ചു: “ഞാനല്ലേ പാപം ചെയ്തത്; കുറ്റം ചെയ്തതു ജനങ്ങളല്ലല്ലോ. അതുകൊണ്ട് എന്നെയും എന്റെ കുടുംബത്തെയും ശിക്ഷിച്ചാലും.” 18അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു പറഞ്ഞു: “യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ചെന്നു സർവേശ്വരന് ഒരു യാഗപീഠം ഉണ്ടാക്കുക.” 19അവിടുത്തെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടെ പോയി; 20അരവ്നാ നോക്കിയപ്പോൾ രാജാവും ഭൃത്യന്മാരും തന്റെ അടുക്കലേക്ക് വരുന്നതു കണ്ടു; അയാൾ പോയി രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. 21അയാൾ ചോദിച്ചു: “അവിടുന്ന് എന്തിനാണ് അടിയന്റെ അടുക്കലേക്കു വന്നത്?” അപ്പോൾ ദാവീദു പറഞ്ഞു: “പകർച്ചവ്യാധി ജനത്തെ വിട്ടുമാറുന്നതിനുവേണ്ടി സർവേശ്വരന് ഒരു യാഗപീഠം പണിയണം; അതിനായി നിന്റെ മെതിക്കളം വാങ്ങുന്നതിനാണു ഞാൻ വന്നിരിക്കുന്നത്.” 22അരവ്നാ ദാവീദിനോടു പറഞ്ഞു: “അങ്ങ് ആഗ്രഹിക്കുന്നതെന്തും എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിന് കാളകളും വിറകിനു മെതിവണ്ടികളും നുകങ്ങളും ഉണ്ട്. 23പ്രഭോ, ഇതെല്ലാം അടിയൻ അങ്ങേക്കു തരുന്നു. അങ്ങയുടെ ദൈവമായ സർവേശ്വരൻ അങ്ങയിൽ പ്രസാദിക്കട്ടെ” എന്നും അരവ്നാ ആശംസിച്ചു. 24ദാവീദ് അരവ്നായോടു പറഞ്ഞു: “അങ്ങനെയല്ല, ഞാൻ അതു നിന്നോടു വിലയ്ക്കേ വാങ്ങുകയുള്ളൂ. എനിക്ക് ഒരു ചെലവുമില്ലാത്ത യാഗം എന്റെ ദൈവമായ സർവേശ്വരനു ഞാൻ അർപ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അമ്പതു ശേക്കെൽ വെള്ളി കൊടുത്തു മെതിക്കളവും കാളകളും വാങ്ങി. 25അവിടെ ദാവീദ് സർവേശ്വരന് ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അപ്പോൾ സർവേശ്വരൻ ദാവീദിന്റെ പ്രാർഥന കേട്ടു; പകർച്ചവ്യാധി ഇസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
2 SAMUELA 24: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.