2 TIMOTHEA 1

1
1ക്രിസ്തുയേശുവിനോടുള്ള ഐക്യം മുഖേന നാം ജീവൻ പ്രാപിക്കുമെന്ന വാഗ്ദാനം അനുസരിച്ച് ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പോസ്തോലനായ പൗലൊസ്, പ്രിയപ്പെട്ട പുത്രനായ തിമൊഥെയോസിന് എഴുതുന്നത്:
2പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നും നിനക്കു കൃപയും കാരുണ്യവും സമാധാനവും ലഭിക്കട്ടെ.
വിശ്വാസസ്ഥിരത
3എന്റെ പ്രാർഥനകളിൽ ഞാൻ അഹോരാത്രം സദാ നിന്നെ അനുസ്മരിക്കുമ്പോൾ ദൈവത്തിനു സ്തോത്രം അർപ്പിക്കുന്നു. എന്റെ പൂർവപിതാക്കൾ ചെയ്തതുപോലെ നിർമ്മലമനസ്സാക്ഷിയോടുകൂടി ഞാൻ ആ ദൈവത്തെ സേവിക്കുന്നു. 4നിന്റെ കണ്ണീരിനെക്കുറിച്ച് ഓർക്കുമ്പോൾ, നിന്നെ കണ്ട് ആനന്ദപൂർണനായിത്തീരുവാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. 5നിന്റെ ആത്മാർഥമായ വിശ്വാസം ഞാൻ ഓർമിക്കുന്നു. ആ വിശ്വാസം മുമ്പുതന്നെ നിന്റെ പിതാമഹിയായ ലോവീസിനും അമ്മ യുനീക്കയ്‍ക്കും ഉണ്ടായിരുന്നു. ആ വിശ്വാസം നിന്നിലും കുടികൊള്ളുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. 6അതിനാൽ എന്റെ കൈവയ്പിലൂടെ നിനക്കു ലഭിച്ച കൃപാവരം ഉദ്ദീപിപ്പിക്കണമെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു. 7എന്തെന്നാൽ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മസംയമനത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു നല്‌കിയത്.
8അതുകൊണ്ട്, നമ്മുടെ കർത്താവിനെക്കുറിച്ച് സാക്ഷ്യം വഹിക്കുന്നതിനു നീ ലജ്ജിക്കരുത്. അവിടുത്തേക്കുവേണ്ടി കാരാഗൃഹവാസിയായ എന്നെപ്പറ്റിയും നീ ലജ്ജിക്കേണ്ടതില്ല. ദൈവം നിനക്കു നല്‌കുന്ന ശക്തിക്കൊത്തവണ്ണം സുവിശേഷത്തിനുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ നിന്റെ പങ്കു വഹിക്കുക. 9ദൈവം നമ്മെ രക്ഷിക്കുകയും വിശുദ്ധ ജീവിതം നയിക്കുന്നതിനുവേണ്ടി നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അത് നമ്മുടെ പ്രവൃത്തികളുടെ നന്മകൊണ്ടല്ല, പ്രത്യുത അവിടുത്തെ ഉദ്ദേശ്യമനുസരിച്ചും കൃപമൂലവും ആകുന്നു. യുഗങ്ങൾക്കു മുമ്പുതന്നെ ക്രിസ്തുയേശു മുഖേന ഈ കൃപ നല്‌കപ്പെട്ടു. 10എന്നാൽ ഇപ്പോൾ നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്റെ ആഗമനത്തിൽകൂടി അതു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു. അവിടുന്നു മരണത്തിന് അറുതി വരുത്തി; അനശ്വരജീവൻ സുവിശേഷത്തിൽകൂടി വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു.
11ഈ സുവിശേഷം പ്രഖ്യാപനം ചെയ്യുന്നതിനുവേണ്ടി അപ്പോസ്തോലനും ഉപദേഷ്ടാവുമായി ഞാൻ നിയമിക്കപ്പെട്ടിരിക്കുന്നു. 12അതുകൊണ്ട് ഞാൻ ഈ പീഡനങ്ങൾ സഹിക്കുന്നു എങ്കിലും ബന്ധനസ്ഥനായിരിക്കുന്നതിൽ ലജ്ജിക്കുന്നില്ല. ഞാൻ വിശ്വസിക്കുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. എന്നെ ഏല്പിച്ചിരിക്കുന്നത് ആ ദിവസംവരെ കാത്തുസൂക്ഷിക്കുവാൻ അവിടുന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്. 13എന്നിൽനിന്നു കേട്ട ആശ്വാസദായകമായ പ്രബോധനങ്ങൾ മാതൃകയായി നീ മുറുകെ പിടിച്ചുകൊള്ളുക; ക്രിസ്തുയേശുവിനോടുള്ള നമ്മുടെ ഐക്യത്തിൽ നമുക്കുള്ള വിശ്വാസത്തിലും സ്നേഹത്തിലും നിലനില്‌ക്കുകയും ചെയ്യുക. 14നമ്മിൽ നിവസിക്കുന്ന പരിശുദ്ധാത്മാവ് ഭരമേല്പിച്ചിരിക്കുന്ന സത്യം നീ കാത്തു സൂക്ഷിച്ചു കൊള്ളണം.
15ഏഷ്യാദേശത്തുള്ള എല്ലാവരും എന്നെ വിട്ടുപോയി എന്നു നിനക്ക് അറിയാമല്ലോ. ഫുഗലൊസും ഹെർമ്മൊഗനേസും അക്കൂട്ടത്തിലുൾപ്പെടുന്നു. 16പലപ്പോഴും എനിക്ക് ഉന്മേഷം പകർന്നുതന്നിട്ടുള്ള ഒനേസിഫൊരൊസിന്റെ കുടുംബത്തോടു കർത്താവു കരുണ കാണിക്കട്ടെ. 17ഞാൻ ബന്ധനസ്ഥനായതിൽ ലജ്ജിക്കാതെ അയാൾ റോമിൽ വന്നയുടനെ എന്നെ അന്വേഷിച്ചു കണ്ടുപിടിച്ചു. 18വിധിനാളിൽ കർത്താവ് അയാളുടെമേൽ കാരുണ്യം ചൊരിയട്ടെ. എഫെസൊസിൽവച്ചും അയാൾ എനിക്ക് എന്തെല്ലാം ശുശ്രൂഷകൾ ചെയ്തു എന്നുള്ളത് നിനക്ക് അറിയാമല്ലോ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 TIMOTHEA 1: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക