TIRHKOHTE 11

11
യെരൂശലേമിലെ സഭയെ വിവരം അറിയിക്കുന്നു
1വിജാതീയർകൂടി ദൈവവചനം സ്വീകരിച്ചു എന്ന് അപ്പോസ്തോലന്മാരും യെഹൂദ്യയിലെ സഹോദരന്മാരും കേട്ടു. 2പത്രോസ് യെരൂശലേമിൽ ചെന്നപ്പോൾ പരിച്ഛേദനകർമവാദികളായ യെഹൂദന്മാർ അദ്ദേഹത്തെ വിമർശിച്ചു. 3പരിച്ഛേദനകർമം സ്വീകരിക്കാത്തവരുടെ അടുക്കൽ താങ്കൾ പോകുകയും, അവരോടുകൂടി ഭക്ഷണം കഴിക്കുകയും ചെയ്തത് എന്തുകൊണ്ട്?” എന്ന് അവർ ചോദിച്ചു. 4നടന്ന സംഭവങ്ങൾ പത്രോസ് അവരോട് യഥാക്രമം വിവരിച്ചു.
5“യോപ്പാപട്ടണത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. വിസ്താരമേറിയ കപ്പൽപായ്പോലെയുള്ള ഒരു പാത്രം നാലു മൂലയ്‍ക്കും കെട്ടി ആകാശത്തുനിന്ന് എന്റെ അടുക്കലേക്ക് ഇറക്കുന്നതായി ദർശനത്തിൽ ഞാൻ കണ്ടു. 6ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ, അതിൽ ഭൂമിയിലുള്ള സകല വളർത്തുമൃഗങ്ങളെയും, വന്യമൃഗങ്ങളെയും, ഇഴജന്തുക്കളെയും, ആകാശത്തിലെ പക്ഷികളെയും കണ്ടു. 7“പത്രോസേ, എഴുന്നേറ്റു കൊന്നു തിന്നുകൊള്ളുക” എന്നൊരു അശരീരി ഞാൻ കേട്ടു. 8ഞാനാകട്ടെ, ഒരിക്കലും ഇല്ല കർത്താവേ, നിഷിദ്ധമോ അശുദ്ധമോ ആയ യാതൊന്നും എന്റെ വായിൽ തൊട്ടിട്ടുപോലുമില്ല’ എന്നു പറഞ്ഞു. 9‘ദൈവം ശുദ്ധീകരിച്ചത് നിഷിദ്ധമെന്നു നീ കരുതരുത്’ എന്ന ശബ്ദം പിന്നെയും ആകാശത്തുനിന്നു കേട്ടു. ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി. 10പിന്നീട് അവയെല്ലാം തിരിച്ച് ആകാശത്തേക്കു വലിച്ചെടുക്കപ്പെട്ടു. 11അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് അയയ്‍ക്കപ്പെട്ട മൂന്നു പേർ #11:11 ‘ഞങ്ങൾ പാർത്തിരുന്ന’-ചില കൈയെഴുത്തു പ്രതികളിൽ ‘ഞാൻ പാർത്തിരുന്ന’ എന്നാണ്.ഞങ്ങൾ പാർത്തിരുന്ന വീടിന്റെ മുമ്പിൽ എത്തിയിരുന്നു; 12ഒന്നും സംശയിക്കാതെ അവരോടുകൂടി പോകുവാൻ ആത്മാവ് എന്നോട് ആജ്ഞാപിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടി പോന്നു. ഞങ്ങൾ കൊർന്നല്യോസിന്റെ ഭവനത്തിലേക്കാണു പോയത്. 13ഒരു ദൈവദൂതൻ തന്റെ വീട്ടിൽ നില്‌ക്കുന്നതായി അദ്ദേഹം കണ്ടു എന്നും ‘യോപ്പയിലേക്ക് ആളയച്ചു ശിമോൻ പത്രോസിനെ വിളിപ്പിക്കുക; 14നീയും നിന്റെ കുടുംബവും രക്ഷിക്കപ്പെടുവാനുള്ള വാക്കുകൾ അദ്ദേഹം നിന്നോടു പറയും’ എന്നു ദൂതൻ അദ്ദേഹത്തോടു പറഞ്ഞതായി ഞങ്ങളെ അറിയിച്ചു. 15ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ, പരിശുദ്ധാത്മാവു നമ്മുടെമേൽ ആദ്യം വന്നതുപോലെ അവരുടെമേലും വന്നു. 16“യോഹന്നാൻ വെള്ളംകൊണ്ടു സ്നാപനം ചെയ്തു; നിങ്ങളോ പരിശുദ്ധാത്മാവിനാൽ സ്നാപനം ചെയ്യപ്പെടും’ എന്ന കർത്താവിന്റെ വചനം ഞാൻ അപ്പോൾ ഓർത്തു. 17അതുകൊണ്ടു കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്ന അതേ ദാനം അവർക്കും ദൈവം നല്‌കിയെങ്കിൽ, ദൈവത്തെ വിലക്കുവാൻ ഞാൻ ആരാണ്?”
18ഇതു കേട്ട് അവർ നിശ്ശബ്ദരായി. “ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവം നല്‌കിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ പ്രകീർത്തിച്ചു.
അന്ത്യോക്യയിലെ സഭ
19സ്തേഫാനോസ് നിമിത്തമുണ്ടായ പീഡനത്തിൽ ചിതറിപ്പോയവരിൽ ചിലർ ഫൊയ്നിക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ എത്തിയിരുന്നു. അവർ യെഹൂദന്മാരോടു മാത്രമേ സുവിശേഷം പ്രസംഗിച്ചിരുന്നുള്ളൂ. 20എന്നാൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നും അന്ത്യോക്യയിലെത്തിയിരുന്ന ചിലർ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം #11:20 ‘ഗ്രീക്കുകാരെയും’ - ചില കൈയെഴുത്തു പ്രതികളിൽ ‘വിജാതീയരെയും’ എന്നാണ്. ഗ്രീക്കുകാരെയും അറിയിച്ചു. 21കർത്താവിന്റെ ശക്തി അവരോടുകൂടി ഉണ്ടായിരുന്നതിനാൽ ഒട്ടേറെ ആളുകൾ വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു.
22അവരെക്കുറിച്ചുള്ള വാർത്ത യെരൂശലേമിലെ സഭ കേട്ടു; അവർ ബർനബാസിനെ അന്ത്യോക്യയിലേക്കു പറഞ്ഞയച്ചു. 23-24ഉത്തമനായ അദ്ദേഹം പരിശുദ്ധാത്മാവിന്റെ പൂർണമായ അധിവാസമുള്ളവനും തികഞ്ഞ വിശ്വാസിയും ആയിരുന്നു. ബർനബാസ് അവിടെയെത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ടു സന്തോഷിച്ചു. സുദൃഢമായ ലക്ഷ്യത്തോടുകൂടി കർത്താവിനോടു ചേർന്നു നിലകൊള്ളുവാൻ അദ്ദേഹം എല്ലാവരെയും ഉദ്ബോധിപ്പിച്ചു. അങ്ങനെ ഒരു വലിയ ജനസഞ്ചയം കർത്താവിനോടു ചേർന്നു.
25പിന്നീടു ബർനബാസ് ശൗലിനെ അന്വേഷിച്ചു തർസൊസിലേക്കു പോയി; 26അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുപോന്നു. അവർ ഇരുവരും ഒരു വർഷം മുഴുവൻ അവിടത്തെ സഭായോഗങ്ങളിൽ പങ്കെടുക്കുകയും ഒരു വലിയ ജനസമൂഹത്തെ പ്രബോധിപ്പിക്കുകയും ചെയ്തു. അന്ത്യോക്യയിലാണു ക്രിസ്തുശിഷ്യന്മാരെ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കുവാൻ തുടങ്ങിയത്.
27ആയിടയ്‍ക്ക് യെരൂശലേമിൽനിന്നു ചില പ്രവാചകന്മാർ അന്ത്യോക്യയിലെത്തി. 28അവരിൽ അഗബൊസ് എന്നൊരാൾ ലോകത്തെമ്പാടും ഒരു മഹാക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിന്റെ ശക്തിയാൽ പ്രവചിച്ചു. ക്ലൗദിയൊസ് കൈസറുടെ കാലത്ത് ഈ പ്രവചനം സംഭവിച്ചു. 29അന്ന് യെഹൂദ്യയിലുണ്ടായിരുന്ന സഹോദരന്മാർക്ക് ശിഷ്യന്മാർ അവരവരുടെ കഴിവനുസരിച്ചുള്ള സംഭാവന അയച്ചുകൊടുക്കുവാൻ നിശ്ചയിച്ചു. 30അവർ ബർനബാസിന്റെയും ശൗലിന്റെയും കൈയിൽ തങ്ങളുടെ സംഭാവനകൾ സഭയുടെ മുഖ്യന്മാർക്കു കൊടുത്തയച്ചു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

TIRHKOHTE 11: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക