TIRHKOHTE 17
17
തെസ്സലോനിക്യയിൽ
1അവർ അംഫിപൊലീസിലും അപ്പൊലോന്യയിലും കൂടി സഞ്ചരിച്ചു തെസ്സലോനിക്യയിലെത്തി. അവിടെ യെഹൂദന്മാരുടെ ഒരു സുനഗോഗുണ്ടായിരുന്നു. 2പൗലൊസ് പതിവുപോലെ അവിടെപോയി. വേദഗ്രന്ഥത്തെ ആധാരമാക്കി അദ്ദേഹം മൂന്നു ശബത്തു ദിവസം അവരോടു സംവാദം നടത്തി. 3ക്രിസ്തു കഷ്ടതയനുഭവിച്ച് മരിച്ച് ഉയിർത്തെഴുന്നേല്ക്കേണ്ടതാണെന്നു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു. “ഞാൻ ആരെക്കുറിച്ചു നിങ്ങളോടു പ്രസ്താവിക്കുന്നുവോ ആ യേശുതന്നെയാണു ക്രിസ്തു” എന്നും അദ്ദേഹം പറഞ്ഞു. 4അവിടെ കൂടിയിരുന്ന ചിലർക്ക് ഇതു ബോധ്യമായി; അവർ പൗലൊസിനോടും ശീലാസിനോടും ചേർന്നു. അതുപോലെതന്നെ ഇസ്രായേലിന്റെ ദൈവത്തെ ആരാധിച്ചുവന്ന അനേകം ഗ്രീക്കുകാരും പ്രമുഖരായ ഒട്ടേറെ സ്ത്രീകളും ക്രിസ്തുവിൽ വിശ്വസിച്ചു.
5ഇത് യെഹൂദന്മാരിൽ അമർഷം ഉളവാക്കി. അവർ കമ്പോളത്തിലുള്ള ചട്ടമ്പികളെ വിളിച്ചുകൂട്ടി ജനങ്ങളുടെയിടയിൽ പ്രക്ഷോഭമുണ്ടാക്കി. പൗലൊസിനെയും ശീലാസിനെയും ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനുവേണ്ടി അവർ യാസോൻ എന്ന ആളിന്റെ വീട് ആക്രമിച്ചു. 6എന്നാൽ അവരെ അവിടെ കാണാഞ്ഞതിനാൽ യാസോനെയും മറ്റുചില സഹോദരന്മാരെയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് നഗരാധിപന്മാരുടെ മുമ്പിൽ ഹാജരാക്കി. “ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ ഇവിടെയും വന്നിരിക്കുന്നു. 7യാസോൻ അവരെ ഇവിടെ അതിഥികളായി സ്വീകരിച്ചിരിക്കുന്നു; യേശു എന്ന മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവർ കൈസറിന്റെ കല്പനകൾക്കെതിരെ പ്രവർത്തിക്കുന്നു” എന്നിങ്ങനെ അവർ ആക്രോശിച്ചു. 8ഇതുകേട്ടപ്പോൾ നഗരാധിപന്മാരും പൗരജനങ്ങളും അമ്പരന്നു. 9ഒടുവിൽ അധികാരികൾ യാസോനെയും മറ്റുള്ളവരെയും ജാമ്യത്തിൽ വിട്ടയച്ചു.
ബെരോവയിൽ
10രാത്രിയായ ഉടനെ സഹോദരന്മാർ പൗലൊസിനെയും ശീലാസിനെയും ബെരോവയിലേക്കയച്ചു. അവിടെയെത്തിയപ്പോൾ അവർ യെഹൂദന്മാരുടെ സുനഗോഗിലേക്കു പോയി. 11അവിടെയുള്ളവർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വിശാലമനസ്കരായിരുന്നു. അവർ അതീവതാത്പര്യത്തോടെ വചനം സ്വീകരിക്കുകയും, അതു ശരിയാണോ എന്നറിയുന്നതിനു ദിവസംതോറും വേദഭാഗങ്ങൾ പരിശോധിക്കുകയും ചെയ്തുപോന്നു. 12അങ്ങനെ അനേകമാളുകൾ വിശ്വാസികളായിത്തീർന്നു. അക്കൂട്ടത്തിൽ കുലീനരായ ധാരാളം ഗ്രീക്കുവനിതകളും പുരുഷന്മാരും ഉണ്ടായിരുന്നു. 13ബെരോവയിലും പൗലൊസ് ദൈവവചനം പ്രസംഗിക്കുന്നു എന്ന വിവരം തെസ്സലോനിക്യയിലെ യെഹൂദന്മാർ അറിഞ്ഞ് അവിടെയുമെത്തി ജനത്തെ പറഞ്ഞിളക്കി പ്രക്ഷോഭമുണ്ടാക്കി. 14പെട്ടെന്ന് അവിടത്തെ സഹോദരന്മാർ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു. എന്നാൽ ശീലാസും തിമൊഥെയോസും ബെരോവയിൽതന്നെ പാർത്തു. 15പൗലൊസിനെ കൊണ്ടുപോയവർ ആഥൻസുവരെ അദ്ദേഹത്തിന്റെകൂടെ പോയി. പിന്നീട് അവർ ബെരോവയിലേക്കു തിരിച്ചുപോയി. ശീലാസും തിമൊഥെയോസും എത്രയുംവേഗം തന്റെ അടുക്കൽ എത്തിച്ചേരണമെന്നു പൗലൊസ് അവരോടു പറഞ്ഞയച്ചു.
ആഥൻസിൽ
16ശീലാസും തിമൊഥെയോസും വരുന്നതിന് പൗലൊസ് ആഥൻസിൽ കാത്തിരിക്കുകയായിരുന്നു. ആ പട്ടണം വിഗ്രഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതായി അദ്ദേഹം കണ്ടു. 17അത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. സുനഗോഗിൽ വന്നുകൂടുന്ന യെഹൂദന്മാരോടും അവരോടൊത്ത് ആരാധിച്ചുവന്ന വിജാതീയരായ ഭക്തജനങ്ങളോടും പട്ടണത്തിലെ പൊതുസ്ഥലത്ത് ദിനംതോറും കൂടിവന്നവരോടും അദ്ദേഹം വാദപ്രതിവാദം നടത്തിപ്പോന്നു. 18എപ്പിക്കൂര്യരും സ്തോയിക്കുകളുമായ ദാർശനികരും അദ്ദേഹത്തോടു വാദിച്ചു. “ഈ വിടുവായൻ എന്താണു പറയുവാൻ പോകുന്നത്?” എന്നു ചിലരും യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ച് പ്രസംഗിക്കുന്നതുകൊണ്ട് “അന്യദൈവങ്ങളെക്കുറിച്ചാണ് ഇയാൾ പ്രസംഗിക്കുന്നതെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു.
19പിന്നീട് അവർ അദ്ദേഹത്തെ പിടിച്ച് നഗരസഭ സമ്മേളിക്കുന്ന അരയോപഗക്കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പറഞ്ഞു: “താങ്കൾ പ്രസംഗിക്കുന്ന ഈ നവീനോപദേശം എന്തെന്നു ഞങ്ങൾക്കറിഞ്ഞാൽ കൊള്ളാം; 20വളരെ വിചിത്രമായ സിദ്ധാന്തങ്ങളാണല്ലോ ഞങ്ങൾ കേൾക്കുന്നത്. ഇതിന്റെ അർഥം എന്താണെന്നറിയുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്” എന്നു പറഞ്ഞു. 21ആഥൻസുകാർക്കും, ആ പട്ടണത്തിൽ നിവസിച്ചിരുന്ന വിദേശീയർക്കും പുതുമയുള്ള കാര്യങ്ങൾ പറയുകയോ കേൾക്കുകയോ ചെയ്യുന്നതിനു മാത്രമേ താത്പര്യമുണ്ടായിരുന്നുള്ളൂ.
പൗലൊസിന്റെ പ്രഭാഷണം
22അരയോപഗസ്സിന്റെ മധ്യത്തിൽ നിന്നുകൊണ്ട് പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “ആഥൻസിലെ പൗരജനങ്ങളേ, നിങ്ങൾ എല്ലാ പ്രകാരത്തിലും മതനിഷ്ഠരാണെന്നു ഞാൻ മനസ്സിലാക്കുന്നു. 23ഞാൻ ചുറ്റിനടന്നപ്പോൾ നിങ്ങളുടെ പൂജാവസ്തുക്കളെല്ലാം കണ്ടു; ‘അജ്ഞാതദേവന്’ എന്ന് ആലേഖനം ചെയ്തിട്ടുള്ള ഒരു ബലിപീഠവും അതിനിടയ്ക്കു കാണാനിടയായി. നിങ്ങൾ അറിവില്ലാതെ പൂജിക്കുന്ന ആ അജ്ഞാതദേവനെപ്പറ്റിയാണ് ഞാൻ പ്രഖ്യാപനം ചെയ്യുന്നത്. 24പ്രപഞ്ചവും അതിലുള്ള സകലവും ഉണ്ടാക്കിയ ഈശ്വരൻ, ആകാശത്തിന്റെയും ഭൂമിയുടെയും അധിനാഥനായതുകൊണ്ട്, മനുഷ്യകരങ്ങളാൽ നിർമിക്കപ്പെട്ട ക്ഷേത്രങ്ങളിൽ നിവസിക്കുന്നില്ല. 25മനുഷ്യനു ജീവനും ശ്വാസവും എന്നല്ല, സമസ്തവും നല്കുന്നത് അവിടുന്നാണ്. അതിനാൽ വല്ലതിനും ബുദ്ധിമുട്ടുള്ളവന് എന്നപോലെ മനുഷ്യകരങ്ങൾക്കൊണ്ടുള്ള സേവനം അവിടുത്തേക്ക് ഒട്ടാവശ്യവുമില്ല. 26ഭൂതലത്തെ മുഴുവനും അധിവസിക്കുന്നതിനായി ഒരുവനിൽനിന്ന് മനുഷ്യജാതിയെ മുഴുവൻ അവിടുന്നു സൃഷ്ടിച്ചു. മനുഷ്യൻ എത്രകാലം എവിടെയൊക്കെ പാർക്കണമെന്നു സ്ഥലകാല പരിധികളും അവിടുന്നു കൃത്യമായി നിർണയിച്ചിട്ടുണ്ട്. 27അവർ ഈശ്വരനെ തപ്പിത്തിരഞ്ഞു കണ്ടെത്താമെന്ന പ്രതീക്ഷയോടെ അവിടുത്തെ അന്വേഷിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. എങ്കിലും അവിടുന്ന് നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നവനല്ല.
28ഈശ്വരനിലാണു നാം ജീവിക്കുന്നതും ചരിക്കുന്നതും;
നമ്മുടെ അസ്തിത്വം തന്നെയും ഈശ്വരനിലാകുന്നു.
നിങ്ങളുടെ കവികളിൽ ഒരാൾ പറഞ്ഞിരിക്കുന്നതുപോലെ,
നാം ദൈവത്തിന്റെ സന്താനങ്ങൾ തന്നെ.
29“അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കെ മനുഷ്യന്റെ ശില്പകലാ വൈദഗ്ധ്യവും കല്പനാവൈഭവവുംകൊണ്ട് സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ നിർമിക്കുന്ന വിഗ്രഹത്തെപ്പോലെയാണു ദൈവമെന്നു ചിന്തിക്കുവാൻ പാടില്ല. 30അനുതപിച്ച് പാപമാർഗങ്ങളിൽനിന്നു പിന്തിരിയണമെന്ന് ലോകത്തെങ്ങുമുള്ള സകല മനുഷ്യരോടും അവരുടെ അജ്ഞതയുടെ കാലങ്ങളെ കണക്കിലെടുക്കാതെ, ഇപ്പോൾ ദൈവം ആജ്ഞാപിക്കുന്നു. 31അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന് സകല ലോകത്തെയും അവിടുന്നു നീതിപൂർവം വിധിക്കും. അതിനുവേണ്ടി ഒരു മനുഷ്യനെയും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരിൽ നിന്നുയിർപ്പിച്ചതിനാൽ, എല്ലാവർക്കും അതിനുള്ള ഉറപ്പും നല്കിയിരിക്കുന്നു.”
32മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി അദ്ദേഹം പറഞ്ഞതു കേട്ടപ്പോൾ ചിലർ പരിഹസിച്ചു. എന്നാൽ മറ്റുചിലരാകട്ടെ, “ഈ വിഷയത്തെക്കുറിച്ചു താങ്കൾ ചെയ്യുന്ന പ്രസംഗം ഇനിയും കേട്ടാൽ കൊള്ളാം എന്നു പറഞ്ഞു. 33അങ്ങനെ പൗലൊസ് അവരുടെ മധ്യത്തിൽനിന്നു പോയി. 34ഏതാനുമാളുകൾ പൗലൊസിനോടു ചേർന്നു വിശ്വാസികളായിത്തീർന്നു. നഗരസഭാംഗമായ ഡയോനിഷ്യസും ദമരിസ് എന്ന വനിതയും മറ്റുചിലരും അവരിൽ ഉൾപ്പെട്ടിരുന്നു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
TIRHKOHTE 17: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: