DANIELA 10
10
ടൈഗ്രീസ് നദീതീരത്തുവച്ചുണ്ടായ ദർശനം
1പേർഷ്യൻരാജാവായ സൈറസിന്റെ വാഴ്ചയുടെ മൂന്നാം വത്സരം ബേൽത്ത്ശസ്സർ എന്നു വിളിച്ചുവന്ന ദാനിയേലിന് ഒരു വെളിപാടുണ്ടായി. അതു സത്യവും സംഭവിക്കാൻ പോകുന്ന ഒരു യുദ്ധത്തെക്കുറിച്ചുള്ളതും ആയിരുന്നു. ഒരു ദർശനത്തിലൂടെ അതിന്റെ പൊരുൾ അദ്ദേഹത്തിനു വ്യക്തമായി.
2ദാനിയേൽ എന്ന ഞാൻ മൂന്നാഴ്ചക്കാലം വിലാപം ആചരിച്ചു. 3ആ സമയത്തു ഞാൻ സ്വാദിഷ്ഠങ്ങളായ ഭോജ്യങ്ങൾ കഴിക്കുകയോ മാംസമോ വീഞ്ഞോ ആസ്വദിക്കുകയോ സുഗന്ധതൈലം പൂശുകയോ ചെയ്തില്ല. 4എന്നാൽ ഒന്നാം മാസം ഇരുപത്തിനാലാം ദിവസം ഞാൻ ടൈഗ്രീസ് മഹാനദിയുടെ തീരത്ത് നില്‌ക്കെ 5ലിനൻവസ്ത്രവും ഊഫാസ് തങ്കം കൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്ന ഒരു മനുഷ്യനെ കണ്ടു. 6അയാളുടെ ശരീരം ഗോമേദകം പോലെയും മുഖം മിന്നലൊളിപോലെയും കണ്ണുകൾ കത്തുന്ന പന്തങ്ങൾപോലെയും കൈകാലുകൾ മിനുക്കിയ ഓടുപോലെയും ശോഭിച്ചു. അയാളുടെ ‘ശബ്ദം’ ഒരു ജനക്കൂട്ടത്തിന്റെ ആരവംപോലെയും ആയിരുന്നു. ഞാൻ മാത്രമേ ഈ ദർശനം കണ്ടുള്ളൂ. 7എന്റെ കൂടെയുണ്ടായിരുന്നവർ അതു കണ്ടില്ല. എന്നാൽ അവർ സംഭീതരായി ഓടി ഒളിച്ചു. 8ഞാൻ ഏകനായി ആ മഹാദർശനം കണ്ടു. എന്റെ ശക്തിമുഴുവൻ ചോർന്നുപോയി; എന്റെ മുഖശോഭ മങ്ങി. എന്റെ ശക്തി അറ്റു. എങ്കിലും ഞാൻ അയാളുടെ ശബ്ദം കേട്ടു. 9അയാളുടെ സ്വരംകേട്ട് ഞാൻ പ്രജ്ഞയറ്റ് നിലത്തുവീണു.
10ഒരു കരം എന്നെ സ്പർശിക്കുകയും പിടിച്ച് എഴുന്നേല്പിക്കുകയും ചെയ്തു. വിറച്ചുകൊണ്ടെങ്കിലും മുട്ടും കൈയും ഊന്നി ഞാൻ നിന്നു. 11ആ ദിവ്യപുരുഷൻ എന്നോടു പറഞ്ഞു: “പ്രിയപ്പെട്ട ദാനിയേലേ, ഞാൻ പറയുന്ന വാക്കുകൾ ഗ്രഹിക്കുക. നീ നില്‌ക്കുന്നിടത്തു നിവർന്നു നില്‌ക്കുക; ഞാൻ നിന്റെ അടുക്കൽ അയയ്‍ക്കപ്പെട്ടിരിക്കുന്നു.” ഇതു പറഞ്ഞപ്പോൾ വിറച്ചുകൊണ്ട് ഞാൻ നിവർന്നു നിന്നു. 12ദാനിയേലേ ഭയപ്പെടേണ്ടാ, നീ വിവേകത്തിനായി നിന്റെ ദൈവത്തിന്റെ സന്നിധിയിൽ സ്വയം എളിമപ്പെടുത്തിയ ദിവസംമുതൽ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. അതുകൊണ്ടാണ് ഞാനിപ്പോൾ നിന്റെ അടുക്കൽ വന്നിരിക്കുന്നത്. 13പേർഷ്യാരാജ്യത്തിന്റെ കാവൽദൂതൻ ഇരുപത്തൊന്നു ദിവസം എന്നെ എതിർത്തു. ഞാൻ അവിടെ ഏകനാണെന്നറിഞ്ഞ് എന്നെ സഹായിക്കാനായി പ്രധാന ദൂതനായ മിഖായേൽ വന്നു. 14നിന്റെ ജനത്തിനു ഭാവി കാലത്തു സംഭവിക്കാൻ പോകുന്നത് എന്തെന്ന് നിന്നെ അറിയിക്കാൻ ഞാൻ വന്നിരിക്കുന്നു. ഈ ദർശനം ഭാവികാലത്തെക്കുറിച്ചുള്ളതാണല്ലോ.”
15ദൂതൻ ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ തലകുനിച്ചു മൂകനായിനിന്നു. 16മനുഷ്യസദൃശനായ ഒരുവൻ എന്റെ അധരത്തിൽ സ്പർശിച്ചു. ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു: “പ്രഭോ, ഈ ദർശനം നിമിത്തം എനിക്ക് അതിവേദന പിടിപ്പെട്ട് എന്റെ ശക്തി ക്ഷയിച്ചു പോയിരിക്കുന്നു. 17അങ്ങയോടു സംസാരിക്കാൻ അടിയന് എങ്ങനെ കഴിയും? ശക്തിയോ ശ്വാസമോ എന്നിൽ ശേഷിച്ചിട്ടില്ല.”
18അപ്പോൾ ആ ദിവ്യപുരുഷൻ എന്നെ വീണ്ടും സ്പർശിച്ചു. ഞാൻ വീണ്ടും ശക്തി പ്രാപിച്ചു. 19ദൂതൻ പറഞ്ഞു: “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ടാ, നിനക്ക് സമാധാനം; ധൈര്യമായിരിക്കുക, ധൈര്യമായിരിക്കുക.” ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ ബലം പ്രാപിച്ച്: “പ്രഭോ, സംസാരിച്ചാലും; അങ്ങ് എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു. 20“ഞാൻ എന്തിനു നിന്റെ അടുക്കൽ വന്നു എന്നറിയാമോ? സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്നു ഞാൻ നിന്നോടു പറയാം. എനിക്ക് ഇപ്പോൾ പേർഷ്യയുടെ കാവൽദൂതനെതിരെ പൊരുതാൻ പോകേണ്ടിയിരിക്കുന്നു. അതിനുശേഷം ഗ്രീസിന്റെ കാവൽദൂതൻ പ്രത്യക്ഷപ്പെടും. 21നിങ്ങളുടെ കാവൽദൂതനായ മിഖായേൽ അല്ലാതെ എന്റെ പക്ഷത്തുനിന്നു പടവെട്ടുവാൻ മറ്റാരുമില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DANIELA 10: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.