DEUTERONOMY 29
29
സർവേശ്വരന്റെ ഉടമ്പടി
1സീനായ്മലയിൽ വച്ചു സർവേശ്വരൻ ഇസ്രായേൽജനത്തോടു ചെയ്ത ഉടമ്പടി കൂടാതെ മോവാബ്ദേശത്തുവച്ച് അവരോടു ചെയ്യാൻ അവിടുന്നു മോശയോടു കല്പിച്ച ഉടമ്പടിയിലെ വചനങ്ങൾ ഇവയാകുന്നു; 2മോശ ഇസ്രായേൽജനത്തെയെല്ലാം വിളിച്ചുകൂട്ടി പറഞ്ഞു: “ഈജിപ്തിൽവച്ചു ഫറവോയോടും അയാളുടെ സേവകരോടും അയാളുടെ ദേശത്തോടും സർവേശ്വരൻ ചെയ്തതെല്ലാം നിങ്ങൾ കണ്ടതാണല്ലോ. 3നിങ്ങൾ നേരിട്ടു കണ്ട മഹാപരീക്ഷകളായ അടയാളങ്ങളും അദ്ഭുതപ്രവൃത്തികളുംതന്നെ. 4എങ്കിലും ഗ്രഹിക്കാനുള്ള ഹൃദയവും കാണാനുള്ള കണ്ണും കേൾക്കാനുള്ള ചെവിയും സർവേശ്വരൻ ഇന്നുവരെ നിങ്ങൾക്കു നല്കിയിട്ടില്ല. 5നാല്പതു സംവത്സരങ്ങൾ മരുഭൂമിയിലൂടെ അവിടുന്നു നിങ്ങളെ വഴി നടത്തി; എങ്കിലും നിങ്ങൾ ധരിച്ചിരുന്ന വസ്ത്രം ജീർണിക്കുകയോ കാലിലെ ചെരുപ്പു തേഞ്ഞു പോകുകയോ ചെയ്തില്ല. 6നിങ്ങൾക്കു ഭക്ഷിക്കാൻ അപ്പമോ കുടിക്കാൻ വീഞ്ഞോ, ലഹരിപാനീയങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും അവിടുന്നു നിങ്ങളുടെ ദൈവമാകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനു നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അവിടുന്നു നല്കി. 7നാം ഇവിടേക്കു വരുമ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനു വന്നു; എന്നാൽ നാം അവരെ പരാജയപ്പെടുത്തി. 8അവരുടെ ദേശം പിടിച്ചടക്കി രൂബേന്റെയും ഗാദിന്റെയും ഗോത്രങ്ങൾക്കും മനശ്ശെയുടെ പകുതി ഗോത്രത്തിനും അവകാശമായി കൊടുത്തു. 9അതുകൊണ്ട് നിങ്ങളുടെ പ്രവൃത്തികളിലെല്ലാം വിജയിക്കുന്നതിന് ഈ ഉടമ്പടിയിലെ എല്ലാ വചനങ്ങളും ശ്രദ്ധാപൂർവം പാലിക്കണം.
10നിങ്ങളുടെ ഗോത്രത്തലവന്മാരും നഗരനേതാക്കന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേൽജനം മുഴുവനും നിങ്ങളുടെ സ്ത്രീകളും കുട്ടികളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശികളും മരംവെട്ടുകാരും വെള്ളം കോരുന്നവരും എല്ലാം 11ഇപ്പോൾ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിൽ നില്ക്കുന്നു. 12-13അവിടുന്ന് നിങ്ങളോട് അരുളിച്ചെയ്തതുപോലെയും നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെയും ഇന്നു നിങ്ങളെ അവിടുത്തെ സ്വന്തം ജനമാക്കും. അവിടുന്നു നിങ്ങളുടെ ദൈവമായിരിക്കും. ഇതിനുവേണ്ടി അവിടുന്ന് ഇന്ന് ഏർപ്പെടുത്തുന്ന പ്രതിജ്ഞാപൂർവമായ ഉടമ്പടിയിലേക്ക് നിങ്ങൾ പ്രവേശിക്കാൻ പോകുകയാണ്. സർവേശ്വരൻ പ്രതിജ്ഞാപൂർവമായ ഈ ഉടമ്പടി ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല, 14ഇന്ന് ഇവിടെ സർവേശ്വരന്റെ സന്നിധിയിൽ നമ്മോടൊത്തു നില്ക്കുന്നവരോടും, ഇവിടെ നമ്മോടൊത്തു ഇല്ലാത്തവരോടും കൂടിയാണ്. 15ഈജിപ്തിലെ ജീവിതവും അന്യജനതകളുടെ ദേശത്തുകൂടിയുള്ള യാത്രയും എങ്ങനെ ആയിരുന്നു എന്നു നിങ്ങൾക്ക് അറിയാമല്ലോ. 16മരം, കല്ല്, വെള്ളി, സ്വർണം എന്നിവകൊണ്ടു നിർമ്മിച്ച അവരുടെ മ്ലേച്ഛവിഗ്രഹങ്ങൾ നിങ്ങൾ കണ്ടു. 17ഇവിടെ കൂടിയിരിക്കുന്ന ഏതെങ്കിലും സ്ത്രീയോ പുരുഷനോ കുലമോ ഗോത്രമോ നിങ്ങളുടെ ദൈവമായ സർവേശ്വരനെ വിട്ട് ആ ജനതകളുടെ ദേവന്മാരെ ആരാധിക്കരുത്. കയ്പുള്ള വിഷഫലം കായ്ക്കുന്ന വൃക്ഷത്തിന്റെ വേര് നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്. 18അങ്ങനെയുള്ളവൻ ഈ മുന്നറിയിപ്പുകൾ കേൾക്കുമ്പോൾ “ഞാൻ എന്റെ ദുശ്ശാഠ്യത്തിനനുസരിച്ചു ജീവിച്ചാലും സകലവും ശുഭമായിരിക്കും” എന്നു പറഞ്ഞു സ്വയം ആശ്വസിക്കും. അതു സജ്ജനങ്ങളും ദുർജ്ജനങ്ങളും ഒരുപോലെ നശിക്കുന്നതിന് ഇടയാക്കും; 19അങ്ങനെയുള്ളവനോടു സർവേശ്വരൻ ക്ഷമിക്കുകയില്ല; അവിടുത്തെ കോപവും തീക്ഷ്ണതയും അവന്റെ നേരെ ആളിക്കത്തും. അവിടുന്ന് അവന്റെ നാമം ആകാശത്തിൻ കീഴിൽനിന്ന് തുടച്ചുമാറ്റും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപമെല്ലാം അവന്റെമേൽ പതിക്കും. 20ഇസ്രായേലിലെ സകല ഗോത്രങ്ങളിൽനിന്നും സർവേശ്വരൻ അവനെ ശാപത്തിനായി വേർതിരിക്കും. ഈ ധർമശാസ്ത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല ശാപത്തിനും അനുസൃതമായി അവിടുന്ന് അവനെ നശിപ്പിക്കും. 21നിങ്ങൾക്കു ഭാവിയിൽ ജനിക്കുന്ന സന്താനങ്ങളും വിദൂരദേശങ്ങളിൽനിന്നു വരുന്ന പരദേശികളും സർവേശ്വരൻ നിങ്ങളുടെ ദേശത്തു വരുത്തിയ ബാധകളും രോഗങ്ങളും കാണും. 22പാഴ്നിലങ്ങൾ ഗന്ധകത്തിന്റെയും ഉപ്പിന്റെയും കത്തിയെരിയുന്ന കട്ടകൾകൊണ്ടു നിറഞ്ഞിരിക്കും. അവിടെ യാതൊന്നും നടാൻ കഴിയുകയില്ല; പുല്ലുപോലും മുളയ്ക്കുകയില്ല. സർവേശ്വരൻ തന്റെ കോപത്താൽ നശിപ്പിച്ച സൊദോം, ഗൊമോറാ, അദ്മ, സെബോയീം എന്നീ പട്ടണങ്ങൾ പോലെയായിരിക്കും നിങ്ങളുടെ ദേശം. 23സർവേശ്വരൻ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ട്? അവിടുന്ന് ഇത്രമാത്രം കോപിക്കാൻ കാരണമെന്ത് എന്നു സകല ജനതകളും ചോദിക്കും. 24അതിനുള്ള മറുപടി ഇതായിരിക്കും. അവരുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരൻ അവരെ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടു വന്നപ്പോൾ അവിടുന്ന് അവരോടു ചെയ്ത ഉടമ്പടി അവർ ഉപേക്ഷിച്ചു. 25അവർ മുമ്പൊരിക്കലും ആരാധിച്ചിട്ടില്ലാത്തതും അവിടുന്ന് വിലക്കിയിട്ടുള്ളതുമായ ദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു. 26അതുകൊണ്ട് അവിടുന്ന് അവരോടു കോപിക്കുകയും ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകല ശാപങ്ങളും അവരുടെമേൽ വരുത്തുകയും ചെയ്തു. 27സർവേശ്വരൻ ഉഗ്രകോപത്തോടും ക്രോധത്തോടും അവരെ വിദേശത്തേക്ക് പിഴുതെറിഞ്ഞു. അവർ ഇന്ന് അവിടെ പാർക്കുന്നു. 28നമ്മുടെ ദൈവമായ സർവേശ്വരൻ ചില നിഗൂഢകാര്യങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. എന്നാൽ അവിടുത്തെ ധർമശാസ്ത്രം എന്നേക്കുമായി നമുക്കും നമ്മുടെ സന്താനങ്ങൾക്കും വെളിപ്പെടുത്തി തന്നിരിക്കുന്നു; അവ നാം അനുസരിച്ചു ജീവിക്കേണ്ടതാണ്.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
DEUTERONOMY 29: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.