DEUTERONOMY 30:1-10

DEUTERONOMY 30:1-10 MALCLBSI

ഞാൻ നിങ്ങളോടു പറഞ്ഞ അനുഗ്രഹവും ശാപവും നിങ്ങൾക്ക് സംഭവിക്കുകയും സർവേശ്വരൻ നിങ്ങളെ ചിതറിച്ച ജനതകളുടെ നടുവിൽ നിങ്ങൾ പാർക്കുകയും ചെയ്യുമ്പോൾ ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ ഓർക്കും. നിങ്ങളും നിങ്ങളുടെ സന്താനങ്ങളും സർവേശ്വരനിലേക്കു തിരിഞ്ഞ് ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ കല്പനകൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും കൂടെ അനുസരിച്ചാൽ, നിങ്ങളുടെ ദൈവമായ സർവേശ്വരനു നിങ്ങളോടു കനിവുതോന്നും; നിങ്ങളുടെ അടിമത്തം അവസാനിപ്പിക്കും. അവിടുന്ന് നിങ്ങളെ ചിതറിച്ച സകല ജനതകളിൽനിന്നും നിങ്ങളെ തിരിച്ചുകൊണ്ടുവരികയും ചെയ്യും. ആകാശത്തിന്റെ അറുതികൾ വരെ നിങ്ങളെ ചിതറിച്ചാലും നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവിടെനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടി തിരിച്ചുകൊണ്ടുവരും. നിങ്ങളുടെ പിതാക്കന്മാർ അവകാശമാക്കിയിരുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളെ കൊണ്ടുവരും. അതു നിങ്ങൾ വീണ്ടും കൈവശമാക്കും. അവിടുന്ന് നിങ്ങൾക്കു നന്മ ചെയ്യുകയും നിങ്ങളുടെ പിതാക്കന്മാരെക്കാൾ കൂടുതൽ സംഖ്യാബലം ഉള്ളവരാക്കുകയും ചെയ്യും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെയും നിങ്ങളുടെ സന്താനങ്ങളുടെയും മനം തിരിയുമാറാക്കും; നിങ്ങൾ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സ്നേഹിക്കും; അങ്ങനെ നിങ്ങൾ തുടർന്നു ജീവിക്കും; നിങ്ങളുടെ ദൈവമായ സർവേശ്വരൻ ഈ ശാപങ്ങളെല്ലാം നിങ്ങളെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്ത ശത്രുക്കളുടെമേൽ വരുത്തും. നിങ്ങൾ സർവേശ്വരനിലേക്ക് തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങൾക്കു നല്‌കുന്ന അവിടുത്തെ കല്പനകളെല്ലാം പാലിക്കുകയും ചെയ്യും. നിങ്ങളുടെ സകല പ്രവൃത്തികളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കും; നിങ്ങൾക്കു സന്താനങ്ങളിലും ആടുമാടുകളിലും നിലങ്ങളിലെ വിളവുകളിലും സമൃദ്ധി വരുത്തും. നിങ്ങളുടെ പിതാക്കന്മാരുടെ ഐശ്വര്യത്തിൽ സന്തോഷിച്ചിരുന്നതുപോലെ സർവേശ്വരൻ നിങ്ങളുടെ ഐശ്വര്യത്തിലും സന്തോഷിക്കും. എന്നാൽ നിങ്ങൾ പൂർണഹൃദയത്തോടും പൂർണമനസ്സോടും നിങ്ങളുടെ ദൈവമായ സർവേശ്വരനിലേക്കു തിരിയുകയും അവിടുത്തെ അനുസരിക്കുകയും ഈ ധർമശാസ്ത്രഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന കല്പനകളും ചട്ടങ്ങളും പാലിക്കുകയും വേണം.

DEUTERONOMY 30 വായിക്കുക