THUHRILTU 10

10
1ചത്ത ഈച്ച പരിമളതൈലത്തിനു ദുർഗന്ധം വരുത്തുന്നു. അതുപോലെ ജ്ഞാനവും പ്രശസ്തിയും കെടുത്താൻ അല്പം ഭോഷത്തം മതി. 2ജ്ഞാനിയുടെ മനസ്സ് അയാളെ നന്മയിലേക്കും മൂഢന്റെ മനസ്സ് അയാളെ തിന്മയിലേക്കും നയിക്കുന്നു. 3മൂഢൻ വെറുതെ നടന്നാൽ മതി അവന്റെ ഭോഷത്തം വിളംബരം ചെയ്യപ്പെടും. 4രാജാവു കോപിച്ചാൽ സ്വസ്ഥാനം വിടരുത്. വിധേയത്വം കാണിക്കുന്നത് അപരാധത്തിനു പരിഹാരമാകും. 5സൂര്യനു കീഴെ ഒരു തിന്മ ഞാൻ കണ്ടു; രാജാക്കന്മാർക്കു സംഭവിക്കുന്ന ഒരു തെറ്റ്. 6മൂഢനു പലപ്പോഴും ഉന്നതസ്ഥാനം നല്‌കപ്പെടുന്നു; സമ്പന്നനു കിട്ടുന്നതു താണസ്ഥാനവും. 7അടിമകൾ കുതിരപ്പുറത്തും പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായും പോകുന്നത് ഞാൻ കണ്ടു. 8താൻ കുഴിക്കുന്ന കുഴിയിൽ താൻതന്നെ വീഴും; മതിൽ പൊളിച്ചുകടക്കുന്നവനെ പാമ്പു കടിക്കും. 9കല്ലു വെട്ടുന്നവന് അതുമൂലം ക്ഷതമേല്‌ക്കും; വിറകു വെട്ടുകാരന് അതുമൂലം അപകടമുണ്ടാകും. 10വായ്ത്തല തേഞ്ഞ ഇരുമ്പായുധത്തിനു മൂർച്ച വരുത്തിയില്ലെങ്കിൽ കൂടുതൽ ശക്തി പ്രയോഗിക്കേണ്ടിവരും. ജ്ഞാനമാകട്ടെ, വിജയം എളുപ്പമാക്കും. 11മെരുക്കുംമുമ്പു പാമ്പു കടിച്ചാൽ പാമ്പാട്ടിയെക്കൊണ്ടു പ്രയോജനമില്ല. 12ജ്ഞാനിയുടെ വാക്കുകൾ പ്രീതി ഉളവാക്കുന്നു. മൂഢന്റെ വാക്കാകട്ടെ, അവനെ നശിപ്പിക്കുന്നു. 13ഭോഷത്തം പറഞ്ഞുകൊണ്ട് അവൻ സംഭാഷണം ആരംഭിക്കുന്നു; അവസാനം ഭ്രാന്തു പുലമ്പുന്നു. 14വരാൻ പോകുന്നതെന്തെന്ന് ആർക്കും അറിവില്ല; തന്റെ കാലം കഴിഞ്ഞാൽ എന്തുണ്ടാകുമെന്ന് ആർക്കറിയാം; എന്നിട്ടും ഭോഷൻ അതിഭാഷണം തുടരുന്നു. 15നഗരത്തിലേക്കുള്ള വഴി അറിയാതെ കഷ്ടപ്പെട്ടു ഭോഷൻ തളരുന്നു. 16ബാലനായ രാജാവു ഭരിക്കുകയും പ്രഭുക്കന്മാർ പ്രഭാതത്തിൽതന്നെ വിരുന്നിൽ മുഴുകുകയും ചെയ്യുന്ന ദേശമേ, നിനക്കു, ഹാ ദുരിതം! 17കുലീനനായ രാജാവു ഭരിക്കുന്ന രാജ്യം അനുഗൃഹീതം; പ്രഭുക്കന്മാർ ശാരീരികാരോഗ്യത്തിനുവേണ്ടി, മദോന്മത്തരാകാൻ വേണ്ടിയല്ല, യഥാസമയം ഭക്ഷിക്കുന്ന ദേശം അനുഗൃഹീതം. 18അലസത നിമിത്തം മേൽപ്പുര ഇടിയുന്നു; കുഴിമടിയന്റെ വീടു ചോരുന്നു. 19സദ്യ ഒരുക്കുന്നതു സന്തോഷിക്കാനാണ്. വീഞ്ഞ് ജീവിതത്തിന് ഉല്ലാസം വരുത്തുന്നു. എന്നാൽ ഇവയ്‍ക്കെല്ലാം പണം വേണം. 20മനസ്സുകൊണ്ടുപോലും രാജാവിനെ ശപിക്കരുത് ഉറക്കറയിൽവച്ചുപോലും ധനവാനെ ദുഷിക്കരുത്; ആകാശത്തിലെ പക്ഷി നിന്റെ വാക്കുകൾ വഹിച്ചുകൊണ്ടുപോകും; പറവകൾ അതു വിളംബരം ചെയ്യും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

THUHRILTU 10: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക