EFESI 5

5
വെളിച്ചത്തിലുള്ള ജീവിതം
1നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ട മക്കൾ ആയതുകൊണ്ട് ദൈവത്തെ അനുകരിക്കുക. 2ദൈവത്തിനു പ്രസാദകരമായ യാഗവും സുരഭിലമായ വഴിപാടുമായി തന്റെ ജീവൻ നമുക്കു നല്‌കി ക്രിസ്തു നമ്മെ സ്നേഹിച്ചു. അതുപോലെ സ്നേഹം നിങ്ങളുടെ ജീവിതത്തെ ഭരിക്കട്ടെ.
3നിങ്ങൾ ദൈവത്തിന്റെ ജനമായതുകൊണ്ട് ലൈംഗികമായ ദുർന്നടപ്പ്, അയോഗ്യമായ നടപടികൾ, അത്യാഗ്രഹം ഇവയെപ്പറ്റി നിങ്ങളുടെ ഇടയിൽ സംസാരിക്കുന്നതുപോലും അനുചിതമാകുന്നു. 4അശ്ലീലവും അസഭ്യവും സംസ്കാരശൂന്യവുമായ സംഭാഷണവും ഉപേക്ഷിക്കണം. നിങ്ങളുടെ നാവിൽ ദൈവത്തിനു സ്തോത്രം പറയുക അത്രേ വേണ്ടത്. 5അധർമിക്കും അയോഗ്യമായി ജീവിക്കുന്നവനും അത്യാഗ്രഹിക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ ഒരു പങ്കുമുണ്ടായിരിക്കുകയില്ലെന്നു നിങ്ങൾ അറിഞ്ഞിരിക്കണം. വിഗ്രഹാരാധനയുടെ മറ്റൊരു രൂപമാണല്ലോ അത്യാഗ്രഹം.
6വ്യർഥവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ; ഇവ നിമിത്തമാണല്ലോ തന്നെ അനുസരിക്കാത്തവരുടെമേൽ ദൈവത്തിന്റെ കോപം വന്നുചേരുന്നത്. 7അതിനാൽ അങ്ങനെയുള്ളവരുമായി യാതൊരു സമ്പർക്കവും പാടില്ല. 8ഒരിക്കൽ നിങ്ങൾ ഇരുട്ടിലായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കർത്താവിന്റെ ജനമായതുകൊണ്ട് വെളിച്ചത്തിലായിരിക്കുന്നു. അതുകൊണ്ട് പ്രകാശത്തിന് ഉള്ളവരെപ്പോലെ നിങ്ങൾ ജീവിക്കണം. 9എന്തെന്നാൽ #5:9 ‘പ്രകാശത്തിന്റെ ഫലമാണ്’ - ചില കൈയെഴുത്തു പ്രതികളിൽ ‘ആത്മാവിന്റെ ഫലമാണ്’ എന്നാണ്. പ്രകാശത്തിന്റെ ഫലമാണ് സകലവിധ നന്മയും നീതിയും സത്യവും. 10കർത്താവിനു പ്രസാദകരമായത് എന്തെന്നു പഠിക്കുക. 11അന്ധകാരത്തിന്റെ നിഷ്ഫലപ്രവൃത്തികളിൽ നിങ്ങൾ പങ്കുചേരരുത്. മറിച്ച് അവയെ വെളിച്ചത്തു കൊണ്ടുവരികയത്രേ ചെയ്യേണ്ടത്. 12വാസ്തവത്തിൽ അവർ ഗോപ്യമായി ചെയ്യുന്ന കാര്യങ്ങളെപ്പറ്റി പറയുന്നതുപോലും ലജ്ജാവഹമത്രേ. 13എല്ലാ സംഗതികളും വെളിച്ചത്തു കൊണ്ടുവരുമ്പോൾ അവയുടെ തനിസ്വഭാവം വ്യക്തമാകും. വ്യക്തമായി വെളിപ്പെടുന്നതെല്ലാം വെളിച്ചമായിത്തീരുന്നു. 14അതുകൊണ്ടാണ്,
ഉറങ്ങുന്നവരേ ഉണരുക;
മരണത്തിൽനിന്ന് എഴുന്നേല്‌ക്കുക;
എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും
എന്നു പറയുന്നത്.
15അതുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെപ്പറ്റി നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. അജ്ഞാനികളെപ്പോലെയല്ല, ജ്ഞാനികളെപ്പോലെ നിങ്ങൾ ജീവിക്കുക. 16നിങ്ങൾക്കു ലഭിക്കുന്ന എല്ലാ അവസരങ്ങളും യഥായോഗ്യം പ്രയോജനപ്പെടുത്തുക; എന്തെന്നാൽ ഇത് ദുഷ്കാലമാണ്. 17നിങ്ങൾ ബുദ്ധിശൂന്യരാകാതെ നിങ്ങൾ ചെയ്യണമെന്നു കർത്താവ് ഇച്ഛിക്കുന്നത് എന്താണെന്നു കണ്ടുപിടിക്കുക.
18വീഞ്ഞുകുടിച്ചു മത്തരാകരുത്; അതു നിങ്ങളെ നശിപ്പിക്കും; ആത്മാവിലാണ് നിങ്ങൾ നിറയേണ്ടത്. 19സങ്കീർത്തനങ്ങളുടെയും ഗീതങ്ങളുടെയും ആത്മീയഗാനങ്ങളുടെയും വാക്കുകളാൽ നിങ്ങൾ അന്യോന്യം സംസാരിക്കുകയും, പൂർണഹൃദയത്തോടെ ഗീതങ്ങളും സങ്കീർത്തനങ്ങളും പാടി കർത്താവിനെ സ്തുതിക്കുകയും, 20നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാറ്റിനുംവേണ്ടി സ്തോത്രം ചെയ്യുകയും വേണം.
ഭാര്യാഭർത്താക്കന്മാരുടെ ധർമം
21ക്രിസ്തുവിനോടുള്ള ഭക്തി നിമിത്തം നിങ്ങൾ അന്യോന്യം വഴങ്ങുക.
22ഭാര്യമാരേ, കർത്താവിനെന്നവണ്ണം നിങ്ങളുടെ ഭർത്താക്കന്മാർക്കു സ്വയം വഴങ്ങുക. 23ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും രക്ഷകനുമാണല്ലോ. സഭയുടെമേൽ കർത്താവിന് അധികാരമുള്ളതുപോലെ ഭാര്യയുടെമേൽ ഭർത്താവിന് അധികാരമുണ്ട്. 24അതുകൊണ്ട് സഭ ക്രിസ്തുവിനു സ്വയം സമർപ്പിക്കുന്നതുപോലെതന്നെ, ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു പൂർണമായും സ്വയം സമർപ്പിക്കേണ്ടതാണ്.
25ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും സഭയ്‍ക്കുവേണ്ടി സ്വജീവൻ അർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക. 26സഭയെ ജലസ്നാനം ചെയ്ത്, വചനത്താൽ ശുദ്ധീകരിച്ച്, 27മാലിന്യമോ, ഊനമോ, മറ്റേതെങ്കിലും കുറവോ ഇല്ലാതെ അണിഞ്ഞൊരുങ്ങിയവളും പരിശുദ്ധയും നിഷ്കളങ്കയുമായി തന്റെ മുമ്പിൽ നിറുത്തുന്നതിനുവേണ്ടിയാണ് ക്രിസ്തു അപ്രകാരം ചെയ്തത്. 28പുരുഷന്മാർ സ്വന്തം ശരീരത്തെ എന്നവണ്ണം തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കേണ്ടതാണ്. ഭാര്യയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ തന്നെത്തന്നെയാണു സ്നേഹിക്കുന്നത്. 29സ്വന്തം ശരീരത്തെ ആരും വെറുക്കുന്നില്ല. പകരം ക്രിസ്തു സഭയെ എന്നവണ്ണം അവൻ ഭക്ഷണം നല്‌കി ശരീരത്തെ പോഷിപ്പിക്കുകയാണല്ലോ ചെയ്യുന്നത്. 30നാം ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. 31ഇതുകൊണ്ടാണ്, മനുഷ്യൻ മാതാപിതാക്കളെ വിട്ടു തന്റെ ഭാര്യയോട് ഏകീഭവിക്കുമെന്നും അവർ ഇരുവരും ഒന്നായിത്തീരുമെന്നും വേദപുസ്തകത്തിൽ പറയുന്നത്. 32ഇതിൽ അന്തർഭവിച്ചിട്ടുള്ള മർമ്മം വളരെ വലുതാണ്; ഞാൻ പറയുന്നത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ചാണ്. 33അതു നിങ്ങളെ സംബന്ധിച്ചും വാസ്തവമത്രേ. ഭർത്താവ് തന്നെപ്പോലെ തന്നെ തന്റെ ഭാര്യയെ സ്നേഹിക്കുകയും ഭാര്യ തന്റെ ഭർത്താവിനെ ബഹുമാനിക്കുകയും വേണം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EFESI 5: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക