EXODUS 16

16
മന്നയും കാടപ്പക്ഷിയും
1ഇസ്രായേൽജനം ഏലീമിൽനിന്നു യാത്ര തുടർന്നു. ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ രണ്ടാം മാസം പതിനഞ്ചാം ദിവസം അവർ ഏലീമിനും സീനായിക്കും ഇടയ്‍ക്കുള്ള സീൻ മരുഭൂമിയിൽ എത്തി. 2മരുഭൂമിയിൽവച്ച് ഇസ്രായേൽജനം മോശയ്‍ക്കും അഹരോനുമെതിരെ പിറുപിറുത്തു. 3അവർ പറഞ്ഞു: “ഈജിപ്തിൽവച്ചുതന്നെ സർവേശ്വരൻ ഞങ്ങളെ കൊന്നിരുന്നെങ്കിൽ നന്നായിരുന്നു. അവിടെ ഞങ്ങൾ അപ്പവും ഇറച്ചിയും വേണ്ടുവോളം ഭക്ഷിച്ചിരുന്നു; പട്ടിണികൊണ്ടു മരിക്കാൻ ജനത്തെ മുഴുവനും നിങ്ങൾ ഈ മരുഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നു.” 4അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ആകാശത്തുനിന്നു ഞാൻ നിങ്ങൾക്കു ഭക്ഷണം വർഷിക്കും; ജനം പുറത്തിറങ്ങി അതതു ദിവസത്തേക്കു വേണ്ടതു ശേഖരിക്കട്ടെ. അവർ എന്റെ കല്പന അനുസരിക്കുമോ എന്ന് ഇങ്ങനെ ഞാൻ പരീക്ഷിച്ചുനോക്കും. 5ആറാം ദിവസം ശേഖരിച്ചതു പാകം ചെയ്യുമ്പോൾ ദിവസംതോറും ശേഖരിച്ചതിന്റെ ഇരട്ടി ഉണ്ടായിരിക്കും.” 6മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു വിടുവിച്ചു കൊണ്ടുവന്നതു സർവേശ്വരൻ തന്നെയെന്നു നിങ്ങൾ ഇന്നു വൈകിട്ടു മനസ്സിലാക്കും. 7പ്രഭാതത്തിൽ നിങ്ങൾ സർവേശ്വരന്റെ മഹത്ത്വം ദർശിക്കും; അവിടുത്തേക്ക് എതിരായി നിങ്ങൾ പിറുപിറുക്കുന്നത് അവിടുന്നു കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരേ പിറുപിറുക്കാൻ ഞങ്ങൾ ആരാണ്? 8രാവിലെ നിങ്ങൾക്കു വേണ്ടിടത്തോളം അപ്പവും വൈകിട്ടു മാംസവും സർവേശ്വരൻ നല്‌കുമ്പോൾ അവിടുത്തേക്കെതിരെ നിങ്ങൾ പിറുപിറുത്തത് അവിടുന്നു കേട്ടിരിക്കുന്നു എന്നു നിങ്ങൾ അറിയും. നിങ്ങളുടെ പിറുപിറുപ്പ്, ഞങ്ങൾക്കെതിരെയല്ല വാസ്തവത്തിൽ സർവേശ്വരനെതിരെയാണ്.” 9മോശ അഹരോനോടു പറഞ്ഞു: “ഇസ്രായേൽജനങ്ങളോടു പറയുക. സർവേശ്വരന്റെ സന്നിധിയിലേക്കു വരിക; നിങ്ങളുടെ ആവലാതി അവിടുന്ന് കേട്ടിരിക്കുന്നു.” 10അഹരോൻ ജനത്തോടു സംസാരിക്കുമ്പോൾ തന്നെ അവർ മരുഭൂമിയിലേക്ക് നോക്കി; അപ്പോൾ സർവേശ്വരന്റെ തേജസ്സ് മേഘത്തിൽ അവർക്ക് ദൃശ്യമായി. 11സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഞാൻ ഇസ്രായേൽജനങ്ങളുടെ ആവലാതി കേട്ടിരിക്കുന്നു; 12ഇന്നു വൈകുന്നേരം അവർക്കു മാംസം ലഭിക്കുമെന്ന് അവരോടു പറയുക; പ്രഭാതത്തിൽ അവർ അപ്പംകൊണ്ടും തൃപ്തരാകും. അപ്പോൾ ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരനെന്ന് നിങ്ങൾ അറിയും.” 13വൈകുന്നേരം കാടപ്പക്ഷികൾ വന്നു പാളയം മൂടി. പ്രഭാതമായപ്പോൾ പാളയത്തിനു ചുറ്റും മഞ്ഞു വീണു കിടന്നു; 14മഞ്ഞു മാറിയപ്പോൾ അവലുപോലെ നേരിയ ശകലങ്ങൾ ഉറഞ്ഞ മഞ്ഞുപോലെ മൂടിയിരിക്കുന്നത് അവർ കണ്ടു. 15അതുകണ്ട് ‘ഇതെന്ത്’ എന്ന് അവർ പരസ്പരം ചോദിച്ചു; അത് എന്തെന്ന് അവർക്ക് മനസ്സിലായില്ല. 16അപ്പോൾ മോശ പറഞ്ഞു: ‘ഇതാണ് സർവേശ്വരൻ നിങ്ങൾക്കു തന്നിരിക്കുന്ന ഭക്ഷണം.’ അവിടുത്തെ കല്പന ഇതാകുന്നു: നിങ്ങളിൽ ഓരോരുവനും ഭക്ഷിക്കാവുന്നിടത്തോളം ശേഖരിച്ചുകൊള്ളുക; ഓരോ കൂടാരത്തിലും ഉള്ളവരുടെ എണ്ണമനുസരിച്ച് ആളൊന്നിന് ഇടങ്ങഴി വീതം ശേഖരിക്കാം.” 17ഇസ്രായേൽജനം അപ്രകാരം ചെയ്തു; അവരവർക്കു വേണ്ടുവോളം ഓരോരുത്തരും ശേഖരിച്ചു. ചിലർ കൂടുതലും ചിലർ കുറച്ചും പെറുക്കി. 18എന്നാൽ അളന്നുനോക്കിയപ്പോൾ കൂടുതൽ പെറുക്കിയവർക്കു കൂടുതലോ കുറച്ചു പെറുക്കിയവർക്കു കുറവോ കണ്ടില്ല; 19മോശ അവരോടു പറഞ്ഞു: “ആരും അതിൽ നിന്നു പിറ്റേദിവസത്തേക്ക് നീക്കിവയ്‍ക്കരുത്. 20എന്നാൽ ചിലർ അതു കൂട്ടാക്കാതെ അടുത്ത ദിവസത്തേക്കു കുറെ ശേഷിപ്പിച്ചു; അതെല്ലാം പുഴുത്തു നാറി; മോശ അവരെ ശകാരിച്ചു. 21അവർക്കു ഭക്ഷിക്കാവുന്നിടത്തോളം പ്രഭാതംതോറും അവർ ശേഖരിച്ചുവന്നു; വെയിലുറയ്‍ക്കുമ്പോൾ അത് ഉരുകിപ്പോകുമായിരുന്നു. 22ആറാം ദിവസം പതിവിൽ ഇരട്ടി, രണ്ടിടങ്ങഴി വീതം അവർ ശേഖരിച്ചു. 23ജനപ്രമാണികൾ വന്ന് വിവരം അറിയിച്ചപ്പോൾ മോശ അവരോടു പറഞ്ഞു: “സർവേശ്വരന്റെ കല്പന ഇതാണ്: നാളെ വിശ്രമദിനമാണ്. അവിടുത്തെ വിശുദ്ധമായ ശബത്തുദിനം പ്രമാണിച്ച്. ഇന്നുതന്നെ ചുടാനുള്ളതു ചുടുകയും പുഴുങ്ങാനുള്ളതു പുഴുങ്ങുകയും ചെയ്യുക. അധികമുള്ള ഭക്ഷണം പിറ്റേദിവസത്തേക്കു സൂക്ഷിക്കുക.” 24മോശ കല്പിച്ചതുപോലെ പിറ്റേദിവസത്തേക്ക് അവർ കരുതിവച്ച ഭക്ഷണം കേടായില്ല; അവയിൽ കൃമി ഉണ്ടായതുമില്ല. 25മോശ പറഞ്ഞു: “അത് ഇന്നു ഭക്ഷിക്കാം; ഇന്നു സർവേശ്വരന്റെ ശബത്താകുന്നു. പാളയത്തിനു പുറത്ത് ആ വസ്തു ഇന്നു കാണുകയില്ല. 26ആറു ദിവസം നിങ്ങൾ അതു ശേഖരിക്കണം; ഏഴാം ദിവസം ശബത്താകയാൽ അതു കാണുകയില്ല. 27ശബത്തിൽ ചിലർ അതു ശേഖരിക്കാൻ പോയെങ്കിലും അത് കണ്ടില്ല. 28സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “എന്റെ ആജ്ഞയും പ്രമാണങ്ങളും നിങ്ങൾ എത്രനാൾ ധിക്കരിക്കും? 29ശബത്തുദിനം നിങ്ങൾക്കു തന്നതു സർവേശ്വരനാണെന്ന് ഓർക്കുക; അതുകൊണ്ടാണ് ആറാം ദിവസം രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം അവിടുന്ന് തരുന്നത്; ഏഴാം ദിവസം ആരും തന്റെ ഭവനത്തിൽനിന്നോ സ്ഥലത്തുനിന്നോ പുറത്തുപോകരുത്. 30അതനുസരിച്ച് ഏഴാം ദിവസം ജനങ്ങൾ വിശ്രമിച്ചു. 31ഇസ്രായേൽജനങ്ങൾ ആ ഭക്ഷണപദാർഥത്തിനു ‘മന്ന’ എന്നു പേരിട്ടു; അത് കൊത്തമല്ലിയുടെ ആകൃതിയുള്ളതും വെളുത്തതും തേൻചേർത്ത അടപോലെ രുചികരവും ആയിരുന്നു. 32മോശ പറഞ്ഞു: “നിങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നപ്പോൾ മരുഭൂമിയിൽവച്ചു ഞാൻ നിങ്ങൾക്കു ഭക്ഷിക്കാൻ നല്‌കിയത് ഇതായിരുന്നു എന്നു ഭാവിതലമുറ മനസ്സിലാക്കുന്നതിന് ഇടങ്ങഴി മന്ന സൂക്ഷിച്ചുവയ്‍ക്കണമെന്നു സർവേശ്വരൻ കല്പിക്കുന്നു.” 33മോശ അഹരോനോടു പറഞ്ഞു: “ഒരു ഭരണിയിൽ ഇടങ്ങഴി മന്ന നിറച്ച് നിങ്ങളുടെ ഭാവിതലമുറയ്‍ക്ക് കാണാൻ സർവേശ്വരന്റെ സന്നിധിയിൽ വയ്‍ക്കുക.” 34സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യപേടകത്തിന്റെ മുമ്പിൽ സൂക്ഷിച്ചുവച്ചു. 35ആവാസയോഗ്യമായ കനാൻദേശത്ത് എത്തുന്നതുവരെ നാല്പതു വർഷം ജനങ്ങൾ മന്ന ഭക്ഷിച്ചു. 36അന്ന് അളവുപാത്രമായി ഉപയോഗിച്ചിരുന്ന #16:36 ഓമർ = ഏകദേശം രണ്ടു ലിറ്റർ ഓമർ ഏഫെയുടെ പത്തിലൊന്നായിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EXODUS 16: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക