EXODUS 9
9
മൃഗങ്ങൾ ചാകുന്നു
1സർവേശ്വരൻ മോശയോട് കല്പിച്ചു: “നീ ഫറവോയോട് ഇങ്ങനെ പറയണം: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്‍ക്കണമെന്ന് എബ്രായരുടെ സർവേശ്വരനായ ദൈവം കല്പിക്കുന്നു. 2നീ അവരെ വിട്ടയയ്‍ക്കാൻ കൂട്ടാക്കാതെ തടഞ്ഞുനിർത്തിയാൽ 3നിങ്ങളുടെ വളർത്തുമൃഗങ്ങളായ കുതിര, കഴുത, ഒട്ടകം, കന്നുകാലികൾ, ആട്ടിൻപറ്റങ്ങൾ എന്നിവയുടെമേൽ അതികഠിനമായ വ്യാധി വരുത്തി അവിടുന്നു നിങ്ങളെ ശിക്ഷിക്കും. 4ഇസ്രായേൽജനങ്ങളുടെയും ഈജിപ്തുകാരുടെയും കന്നുകാലികൾക്കു തമ്മിൽ സർവേശ്വരൻ ഭേദം കല്പിക്കും; ഇസ്രായേല്യരുടെ കന്നുകാലികളിൽ ഒന്നുപോലും ചാകുകയില്ല. 5നാളെ ഈ ദേശത്ത് ഇപ്രകാരം ചെയ്യുമെന്ന് അവിടുന്ന് കല്പിച്ചുറച്ചിരിക്കുന്നു. 6സർവേശ്വരൻ പിറ്റന്നാൾതന്നെ അങ്ങനെ പ്രവർത്തിച്ചു. ഈജിപ്തിലെ കന്നുകാലികളെല്ലാം ചത്തൊടുങ്ങി. എന്നാൽ ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒന്നുപോലും നശിച്ചില്ല; 7ഈ വിവരം ഫറവോ ആളയച്ചന്വേഷിച്ചറിഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയം കഠിനപ്പെട്ടു; ജനത്തെ വിട്ടയച്ചതുമില്ല.
വ്രണങ്ങൾ
8സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ചൂളയിൽനിന്നു കൈ നിറയെ വെണ്ണീർ വാരി ഫറവോ കാൺകെ മോശ ആകാശത്തേക്കു വിതറണം. 9അതു കാറ്റിൽ പറന്ന് ഈജിപ്തിലെ ജനങ്ങളുടെയും മൃഗങ്ങളുടെയുംമേൽ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കും.” 10അവർ വെണ്ണീറുമായി ഫറവോയുടെ മുമ്പിൽ ചെന്നു; മോശ അത് ആകാശത്തേക്കു വിതറി; അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി. 11മന്ത്രവാദികളുടെയും സകല ഈജിപ്തുകാരുടെയുംമേൽ വ്രണങ്ങൾ ഉണ്ടായി. അതുകൊണ്ട് മന്ത്രവാദികൾക്ക് മോശയുടെ മുമ്പിൽ നില്‌ക്കാൻപോലും കഴിഞ്ഞില്ല. 12മോശയോടു പറഞ്ഞിരുന്നതുപോലെ സർവേശ്വരൻ ഫറവോയുടെ ഹൃദയം കഠിനമാക്കി. ഫറവോ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
കന്മഴ
13സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റുചെന്ന് രാജാവിനോടു പറയുക: എബ്രായരുടെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു: എന്നെ ആരാധിക്കാൻവേണ്ടി എന്റെ ജനത്തെ വിട്ടയയ്‍ക്കുക. 14ഇത്തവണ നിന്റെയും ഉദ്യോഗസ്ഥന്മാരുടെയും നിന്റെ ജനങ്ങളുടെയുംമേൽ ഞാൻ സകല വ്യാധികളും അയയ്‍ക്കും. ഞാൻ ഭൂമിയിൽ അതുല്യനെന്നു നീ അറിയും. 15നിന്നെയും നിന്റെ ജനങ്ങളെയും ബാധകളാൽ ശിക്ഷിച്ച് ഭൂമിയിൽനിന്ന് എനിക്കു നീക്കിക്കളയാമായിരുന്നു. 16എങ്കിലും എന്റെ ശക്തി നീ മനസ്സിലാക്കാനും എന്റെ നാമം ഭൂമി മുഴുവൻ പ്രസിദ്ധമാക്കാനും ഞാൻ നിന്നെ ഇതുവരെ ജീവിക്കാൻ അനുവദിച്ചു. 17നീ ഇപ്പോഴും അഹങ്കാരത്തോടെ എന്റെ ജനത്തെ വിട്ടയയ്‍ക്കാതെ തടഞ്ഞു വച്ചിരിക്കുന്നു. 18ഈജിപ്തിന്റെ ആരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം അതികഠിനമായ കന്മഴ നാളെ ഈ നേരത്തുണ്ടാകും. 19ഇപ്പോൾ ആളയച്ചു കന്നുകാലികളെയും വയലിലുള്ള സകലതിനെയും സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുക; വീട്ടിലെത്താതെ വയലിൽ നില്‌ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ കന്മഴ പെയ്യിക്കും. 20അവയെല്ലാം ചത്തുപോകും.” ഫറവോയുടെ ജോലിക്കാരിൽ സർവേശ്വരന്റെ വാക്കുകൾ കേട്ടു ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വീടുകൾക്കുള്ളിലാക്കി രക്ഷിച്ചു; 21എന്നാൽ അവിടുത്തെ വാക്കുകൾ ശ്രദ്ധിക്കാതെയിരുന്നവർ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വയലിൽത്തന്നെ നിർത്തി.
22സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിൽ എങ്ങുമുള്ള വയലുകളിലെ ചെടികളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയുംമേൽ കന്മഴ പെയ്യിക്കാൻ കൈ ആകാശത്തേക്കു നീട്ടുക.” 23അപ്പോൾ മോശ തന്റെ വടി ആകാശത്തേക്കുയർത്തി; അവിടുന്ന് ഇടിയും കന്മഴയും അയച്ചു. തീ ഭൂമിയിലേക്കിറങ്ങി. ഈജിപ്തിലെല്ലാം സർവേശ്വരൻ കന്മഴ പെയ്യിച്ചു. 24അതികഠിനമായ കന്മഴയും അതോടൊപ്പം ഇടിമിന്നലും തുടരെ ഉണ്ടായി. ഈജിപ്തുകാർ ഒരു ജനത ആയതിനുശേഷം ഇതുപോലൊരു കന്മഴ വർഷിച്ചിട്ടില്ല. 25വയലുകളിലുണ്ടായിരുന്ന സകലവും കന്മഴ നശിപ്പിച്ചു; മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും നശിച്ചു; മരങ്ങളെല്ലാം തകർന്നു. 26ഇസ്രായേൽജനം വസിച്ചിരുന്ന ഗോശെൻപ്രദേശത്തു മാത്രം കന്മഴ പെയ്തില്ല. 27ഫറവോ മോശയെയും അഹരോനെയും വിളിപ്പിച്ചു പറഞ്ഞു: “ഇത്തവണ എനിക്കു തെറ്റുപറ്റി; സർവേശ്വരൻതന്നെ യഥാർഥ ദൈവം. ഞാനും എന്റെ ജനങ്ങളും മത്സരികളായിപ്പോയി. 28ഇടിയും കന്മഴയും ദുർവഹമായിരിക്കയാൽ അവിടുത്തോടു പ്രാർഥിച്ചാലും; ഞാൻ നിങ്ങളെ വിട്ടയയ്‍ക്കാം. ഇനി ഒട്ടും താമസിപ്പിക്കുകയില്ല.” 29മോശ പറഞ്ഞു: “ഞാൻ പട്ടണത്തിനു പുറത്തു ചെന്നാലുടൻ എന്റെ കൈ ഉയർത്തി സർവേശ്വരനോടു പ്രാർഥിക്കും; ഇടിയും കന്മഴയും അവസാനിക്കും; അപ്പോൾ ഭൂമി മുഴുവനും സർവേശ്വരൻറേതാണെന്ന് അങ്ങു മനസ്സിലാക്കും. 30എന്നാൽ അങ്ങും അങ്ങയുടെ ഭൃത്യന്മാരും ഇപ്പോഴും ദൈവമായ സർവേശ്വരനെ ഭയപ്പെടുന്നില്ലെന്ന് എനിക്കറിയാം. 31ബാർലിയും ചണവും നശിച്ചുപോയി. ബാർലി കതിരിട്ടിരുന്നു; ചണം പൂത്തിരുന്നു. 32എന്നാൽ കോതമ്പും ചോളവും മുളച്ചിട്ടില്ലായിരുന്നതിനാൽ നശിച്ചില്ല. 33മോശ ഫറവോയുടെ അടുത്തുനിന്നു പട്ടണത്തിനു പുറത്തു വന്നു സർവേശ്വരന്റെ നേർക്ക് കൈകൾ ഉയർത്തി പ്രാർഥിച്ചു; ഉടനെ മഴയും ഇടിയും കന്മഴയും നിലച്ചു. 34മഴയും കന്മഴയും ഇടിയും നിലച്ചതോടെ ഫറവോ വീണ്ടും മത്സരിക്കാൻ തുടങ്ങി; രാജാവിന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമായി. 35ഫറവോയുടെ ഹൃദയം കഠിനപ്പെട്ടതിനാൽ സർവേശ്വരൻ മോശയോടു പറഞ്ഞിരുന്നതുപോലെ ഫറവോ ഇസ്രായേൽജനത്തെ വിട്ടയച്ചില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EXODUS 9: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.