EZEKIELA 16
16
യെരൂശലേമിന്റെ അവിശ്വസ്തത
1സർവേശ്വരന്റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി: 2മനുഷ്യപുത്രാ, യെരൂശലേമിനെ അതിന്റെ മ്ലേച്ഛതകൾ ബോധ്യപ്പെടുത്തുക. 3സർവേശ്വരനായ കർത്താവ് യെരൂശലേമിനോട് അരുളിച്ചെയ്യുന്നു: നിന്റെ ഉദ്ഭവവും ജനനവും കനാൻദേശത്തായിരുന്നു. നിന്റെ പിതാവ് അമോര്യനും മാതാവ് ഹിത്യയും ആയിരുന്നു. 4നിന്റെ ജനനത്തെപ്പറ്റി പറയുകയാണെങ്കിൽ, നീ ജനിച്ച ദിവസം നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല; നിന്നെ കുളിപ്പിച്ച് ശുദ്ധിവരുത്തിയിരുന്നില്ല; ഉപ്പു തേക്കുകയോ, തുണിയിൽ പൊതിയുകയോ ചെയ്തിരുന്നില്ല. 5ഇവയിൽ ഒന്നുപോലും നിനക്കു ചെയ്തു തരാൻ ആർക്കും കനിവുണ്ടായില്ല. ജനിച്ചദിവസംതന്നെ അവർക്കു നിന്നോടു വെറുപ്പു തോന്നിയതിനാൽ അവർ നിന്നെ വെളിമ്പ്രദേശത്ത് ഉപേക്ഷിച്ചു.
6നിന്റെ സമീപത്തുകൂടി ഞാൻ പോയപ്പോൾ നീ ചോരയിൽ കുളിച്ചുകിടക്കുന്നതു കണ്ടു. ഞാൻ നിന്നെ മരിക്കാൻ അനുവദിച്ചില്ല. 7വയലിലെ പുൽക്കൊടിയെപ്പോലെ ഞാൻ നിന്നെ വളർത്തി. അങ്ങനെ നീ വളർന്ന് പൂർണയൗവനത്തിൽ എത്തി, നിന്റെ മാറിടം വികസിച്ചു; മുടി വളർന്നു. എന്നിട്ടും നീ അനാവൃതയും നഗ്നയും ആയിരുന്നു.
8ഞാൻ വീണ്ടും നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെ നോക്കി; വിവാഹപ്രായത്തിൽ നീ എത്തിയിരുന്നു. എന്റെ അങ്കികൊണ്ടു നിന്റെ നഗ്നത ഞാൻ മറച്ചു. സ്നേഹവാഗ്ദാനത്തോടുകൂടി ഞാൻ നിന്നോടു വിവാഹഉടമ്പടി ചെയ്തു. അങ്ങനെ നീ എൻറേതായിത്തീർന്നു എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 9ഞാൻ നിന്നെ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു നിന്റെമേൽ തൈലം പൂശി. 10ചിത്രത്തയ്യലുള്ള വസ്ത്രം ഞാൻ നിന്നെ ധരിപ്പിച്ചു. തുകൽചെരുപ്പ് അണിയിച്ചു. നേർത്ത ചണനാടകൊണ്ടു നിന്റെ തല കെട്ടി; പട്ടു പുതപ്പിച്ചു; 11ഞാൻ നിന്നെ ആഭരണങ്ങൾ അണിയിച്ചു. കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു. 12മൂക്കുത്തിയും കമ്മലും ധരിപ്പിച്ചു. തലയിൽ അഴകുള്ള കിരീടം അണിയിച്ചു. 13ഇങ്ങനെ നീ പൊന്നും വെള്ളിയുംകൊണ്ട് അലംകൃതയായി. നേർമയുള്ള ചണവും പട്ടും ചിത്രത്തയ്യലുള്ള തുണിയും നീ ധരിച്ചു. നേർത്തമാവും തേനും എണ്ണയും നീ ഭക്ഷിച്ചു. നീ വളർന്ന് അതിസുന്ദരിയായി; രാജകീയ പ്രൗഢി ആർജിച്ചു.
14സൗന്ദര്യം നിമിത്തം ജനതകളുടെ ഇടയിൽ നിന്റെ കീർത്തി പരന്നു. കാരണം ഞാൻ നിന്നെ അണിയിച്ച ഭൂഷണങ്ങൾ നിന്നെ പൂർണസുന്ദരിയാക്കി എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 15എന്നാൽ നീ നിന്റെ സൗന്ദര്യത്തെ ആശ്രയിച്ചു; നിന്റെ കീർത്തി നിന്നെ അഭിസാരികയാക്കിത്തീർത്തു. ഏതു വഴിപോക്കനുമായും നീ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. 16നിന്റെ വസ്ത്രങ്ങളിൽ ചിലതെടുത്തു പൂജാമണ്ഡപങ്ങൾ അലങ്കരിച്ച് അവിടെ വ്യഭിചാരം ചെയ്തു. ഇങ്ങനെ ഒരിക്കലും ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല. 17ഞാൻ നല്കിയ സ്വർണാഭരണങ്ങളും വെള്ളിആഭരണങ്ങളുംകൊണ്ടു നീ പുരുഷവിഗ്രഹങ്ങൾ നിർമിച്ച് അവയുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. 18നീ ആ വിഗ്രഹങ്ങളെ നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ചു. എന്റെ തൈലവും സുഗന്ധധൂപവും അവയുടെ മുമ്പിൽ അർപ്പിച്ചു. 19ഞാൻ നിനക്കു ഭക്ഷിക്കാൻ തന്ന നേർത്തമാവും തേനും എണ്ണയും നീ അവയുടെ മുമ്പിൽ സൗരഭ്യദ്രവ്യങ്ങളായി നിവേദിച്ചു എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 20എനിക്കു നിന്നിൽ ജനിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ അവയുടെ മുമ്പിൽ ബലി അർപ്പിച്ചു. 21നിന്റെ വേശ്യാവൃത്തി പോരാഞ്ഞിട്ടാണോ എന്റെ മക്കളെ നീ ദഹനബലിയായി അവയ്ക്ക് അർപ്പിച്ചത്? 22ചെറുപ്പത്തിൽ നഗ്നയും അനാവൃതയുമായി ചോരയിൽ കിടന്നുരുണ്ട കാര്യം നിന്റെ മ്ലേച്ഛതകളുടെയും വ്യഭിചാരത്തിന്റെയും ഇടയ്ക്കു നീ മറന്നുകളഞ്ഞു.
23നിനക്കു ദുരിതം, ദുരിതം! എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. എല്ലാ ദുഷ്കൃത്യങ്ങളും ചെയ്തശേഷം പൊതുസ്ഥലങ്ങളിലെല്ലാം 24നീ വ്യഭിചാരത്തിനും വിഗ്രഹാരാധനയ്ക്കുംവേണ്ടി മണ്ഡപങ്ങൾ സ്ഥാപിച്ചു. 25എല്ലാ തെരുവുകളിലും നീ പൂജാമണ്ഡപം നിർമിച്ചു. നിന്റെ സൗന്ദര്യത്തെ നീ ദുരുപയോഗപ്പെടുത്തി. വഴിപോക്കർക്കെല്ലാം വഴങ്ങിക്കൊടുത്തുകൊണ്ടു നീ വേശ്യാവൃത്തി വളർത്തി. 26നിന്റെ അയൽക്കാരും ഭോഗാസക്തരുമായ ഈജിപ്തുകാരുമൊത്തു നീ രമിച്ചു. നീ വേശ്യാവൃത്തിയിൽ മുഴുകി എന്നെ പ്രകോപിപ്പിച്ചു. 27അതുകൊണ്ട് ഞാൻ നിന്റെ അനുഗ്രഹങ്ങളുടെ ഓഹരി വെട്ടിക്കുറച്ചു. നിന്നെ വെറുക്കുന്നവരും നിന്റെ ദുർമാർഗത്തെക്കുറിച്ചു ലജ്ജിക്കുന്നവരുമായ ഫെലിസ്ത്യരുടെ കൈയിൽ നിന്നെ ഞാൻ ഏല്പിച്ചു. 28വേശ്യാവൃത്തിയിൽ മതിവരാത്തവളായ നീ അസ്സീറിയാക്കാരോടു വ്യഭിചാരത്തിൽ ഏർപ്പെട്ടു. എന്നിട്ടും നിനക്കു തൃപ്തി വന്നില്ല. 29വ്യാപാരികളായ ബാബിലോണ്യരുമായും നീ വ്യഭിചാരത്തിൽ മുഴുകി; എന്നിട്ടും നീ സംതൃപ്തയായില്ല.
30സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നാണംകെട്ട വേശ്യയെപ്പോലെ പ്രവർത്തിക്കുന്ന നീ എത്രമാത്രം കാമാസക്തയാണ്. വഴിക്കവലകളിലെല്ലാം വ്യഭിചാരത്തിനും വിഗ്രഹാരാധനയ്ക്കുംവേണ്ടി മണ്ഡപങ്ങൾ നീ സ്ഥാപിച്ചു. 31എങ്കിലും അഭിസാരികയെപ്പോലെ നീ പ്രതിഫലം ഇച്ഛിച്ചില്ല. 32ഭർത്താവിനു പകരം പരപുരുഷന്മാരെ സ്വീകരിക്കുന്ന വ്യഭിചാരിണിയായ ഭാര്യയെപ്പോലെയാണു നീ. 33വേശ്യകൾ പ്രതിഫലം വാങ്ങുന്നു; എന്നാൽ നീ നിന്റെ കാമുകന്മാർക്കു പ്രതിഫലം നല്കുന്നു. നിന്നോടൊത്തു രമിക്കാനായി എല്ലാ ദിക്കുകളിൽനിന്നും അവർ വരുന്നതിനുവേണ്ടി നീ അവർക്കു പണം നല്കുന്നു. 34വേശ്യാവൃത്തിയിൽ മറ്റു സ്ത്രീകളിൽനിന്നു നീ വിഭിന്നയാണ്; വ്യഭിചാരത്തിനുവേണ്ടി നിന്നെ ആരും ക്ഷണിക്കുന്നില്ല; നിനക്കു പ്രതിഫലം ലഭിക്കുന്നുമില്ല; മറിച്ച് നിന്റെ കാമുകന്മാർക്കു നീ പ്രതിഫലം നല്കുന്നു. അതാണ് നിനക്കുള്ള വ്യത്യാസം.
35അതിനാൽ അഭിസാരികയായ സ്ത്രീയേ, സർവേശ്വരന്റെ അരുളപ്പാടു കേൾക്കുക! 36സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: കാമുകരോടൊത്തു വ്യഭിചരിച്ചു നിർലജ്ജം നീ നിന്റെ നഗ്നത തുറന്നു കാട്ടി; മ്ലേച്ഛവിഗ്രഹങ്ങളെ നീ ആരാധിച്ചു. നിന്റെ മക്കളുടെ രക്തം അവയ്ക്ക് അർപ്പിക്കുകയും ചെയ്തു. 37അതിനാൽ നിന്നോടൊപ്പം രമിച്ച എല്ലാ കാമുകരെയും നീ പ്രേമിക്കുകയും വെറുക്കുകയും ചെയ്ത എല്ലാവരെയും തന്നെ ഞാൻ എല്ലാ ദിക്കിൽനിന്നും നിനക്കെതിരെ ഒരുമിച്ചുകൂട്ടും. അവരുടെ മുമ്പിൽ ഞാൻ നിന്റെ നഗ്നത അനാവൃതമാക്കും. 38വ്യഭിചാരവും കൊലപാതകവും നടത്തുന്ന സ്ത്രീയെ എന്നപോലെ ഞാൻ നിന്നെ വിധിക്കും. ക്രോധവും അധർമത്തിലുള്ള അസഹ്യതയും നിമിത്തം ഞാൻ നിന്റെ രക്തം ചിന്തും. 39നിന്റെ കാമുകന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏല്പിക്കും. വ്യഭിചാരത്തിനും വിഗ്രഹാരാധനയ്ക്കുംവേണ്ടി നീ നിർമിച്ച മണ്ഡപങ്ങൾ അവർ പൊളിച്ചു കളയുകയും ഇടിച്ചു നിരത്തുകയും ചെയ്യും. അവർ നിന്റെ വസ്ത്രങ്ങൾ ഉരിയുകയും ആഭരണങ്ങൾ അപഹരിക്കുകയും ചെയ്ത് നിന്നെ നഗ്നയാക്കി ഉപേക്ഷിക്കും. 40അവർ നിനക്കെതിരെ ഒരു ജനസമൂഹത്തെ വിളിച്ചുകൂട്ടും; അവർ നിന്നെ കല്ലെറിയുകയും വാളുകൊണ്ട് വെട്ടി നുറുക്കുകയും ചെയ്യും. 41അവർ നിന്റെ വീടുകൾക്കു തീ വയ്ക്കും. അനേകം സ്ത്രീകൾ കാൺകെ നിന്റെമേലുള്ള ശിക്ഷാവിധി നടത്തും. നിന്റെ വേശ്യാവൃത്തിക്കു ഞാൻ വിരാമം ഇടും. നീ ഇനി കാമുകന്മാർക്കു പ്രതിഫലം നല്കുകയില്ല. 42നിന്റെമേൽ ക്രോധം ചൊരിഞ്ഞു ഞാൻ തൃപ്തനാകും. എന്റെ വെറുപ്പു നിന്നിൽനിന്നു വിട്ടുമാറും. ഞാൻ പ്രശാന്തനാകും; ഇനി ഞാൻ കോപിക്കുകയില്ല. 43നീ നിന്റെ ചെറുപ്പകാലത്തെക്കുറിച്ചു വിസ്മരിച്ചു നിന്റെ പ്രവൃത്തികളാൽ എന്നെ പ്രകോപിപ്പിച്ചതുകൊണ്ടു ഞാൻ നിന്നെ ശിക്ഷിക്കും. നിന്റെ എല്ലാ മ്ലേച്ഛതകൾക്കും പുറമേ നീ വേശ്യാവൃത്തിയിലും ഏർപ്പെട്ടല്ലോ.
44സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ‘അമ്മയെപ്പോലെ മകളും’ എന്ന പഴമൊഴി നിന്നെക്കുറിച്ചു പറയും. 45ഭർത്താവിനെയും കുട്ടികളെയും വെറുത്ത അമ്മയുടെ മകളാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും കുട്ടികളെയും വെറുത്തവരുടെ സഹോദരിയാണു നീ. നിന്റെ മാതാവ് ഹിത്യയും പിതാവ് അമ്മോര്യനും ആകുന്നു. 46നിന്റെ ജ്യേഷ്ഠസഹോദരി ശമര്യ തന്റെ പുത്രികളോടൊത്തു നിന്റെ വടക്കുവശത്തും ഇളയ സഹോദരി സൊദോം തന്റെ പുത്രികളോടൊത്തു തെക്കുവശത്തും പാർത്തു. 47നീ അവരെപ്പോലെ ജീവിക്കുകയും അവരുടെ മ്ലേച്ഛതകളെ അനുകരിക്കുകയും ചെയ്തു. എന്നിട്ടും നിനക്കു തൃപ്തിവന്നില്ല. വളരെ ചുരുങ്ങിയ സമയംകൊണ്ട് നീ അവരെക്കാൾ കൂടുതൽ വഷളായി ജീവിച്ചു. 48നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു സർവേശ്വരനായ കർത്താവ് സത്യം ചെയ്തു പറയുന്നു. 49നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യം ഇതായിരുന്നു; പ്രതാപവും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിരുന്നിട്ടും അവളും അവളുടെ പുത്രിമാരും നിർധനരെയും അഗതികളെയും സഹായിച്ചില്ല. 50അവർ ഗർവിഷ്ടരായിരുന്നു; എന്റെ മുമ്പിൽ അവർ മ്ലേച്ഛകൃത്യങ്ങൾ ചെയ്തു. അതു കണ്ടപ്പോൾ ഞാൻ അവരെ തുടച്ചുനീക്കി. 51നീ ചെയ്ത പാപങ്ങളുടെ പകുതിപോലും ശമര്യ ചെയ്തില്ല. അവർ ചെയ്തതിനെക്കാൾ വളരെയധികം മ്ലേച്ഛകൃത്യങ്ങൾ നീ ചെയ്തു. നിന്റെ മ്ലേച്ഛതകൾ കണക്കിലെടുത്താൽ നിന്റെ സഹോദരിമാർ നീതിയുള്ളവരാണ്. 52നിന്റെ സഹോദരിമാരെ നീതിയുള്ളവരാണെന്നു വിധിക്കപ്പെടാൻ ഇടയാക്കിയതുകൊണ്ടു നീ അപമാനം സഹിക്കുക; നിന്റെ സഹോദരിമാർ ചെയ്തതിനെക്കാൾ അധികം മ്ലേച്ഛകൃത്യങ്ങൾ നീ ചെയ്തതിനാൽ അവർ നിന്നെക്കാൾ നീതിയുള്ളവരാണല്ലോ.
സൊദോമിന്റെയും ശമര്യയുടെയും പുനരുദ്ധാരണം
53,54സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും ഐശ്വര്യം ഞാൻ പുനഃസ്ഥാപിക്കും. അവരുടെ മധ്യത്തിൽ നിന്റെ ഐശ്വര്യവും ഞാൻ പുനഃസ്ഥാപിക്കും. നീ സ്വന്തം പ്രവൃത്തികളെക്കുറിച്ചു ലജ്ജിക്കുകയും അപമാനം ഏല്ക്കുകയും ചെയ്യും. അത് അവർക്ക് ആശ്വാസമായിത്തീരും. 55നിന്റെ സഹോദരിമാരായ സൊദോമും ശമര്യയും അവരുടെ പുത്രിമാരും തങ്ങളുടെ പൂർവസ്ഥിതിയിലേക്കു മടങ്ങിവരും. അതുപോലെതന്നെ നീയും നിന്റെ പുത്രിമാരും പൂർവസ്ഥിതിയെ പ്രാപിക്കും. 56,57നിന്റെ ദുഷ്ടത തുറന്നു കാട്ടപ്പെടുന്നതിനു മുമ്പ് നിന്റെ പ്രതാപത്തിന്റെ നാളുകളിൽ നിന്റെ സഹോദരിയായ സൊദോമിന്റെ പേരുച്ചരിക്കാൻപോലും നിനക്കു ലജ്ജയായിരുന്നില്ലേ? ഇപ്പോൾ നിന്നെ നിന്ദിക്കുന്ന നിന്റെ ചുറ്റുമുള്ള എദോംപുത്രിമാർക്കും അവരുടെ അയൽക്കാർക്കും ഫെലിസ്ത്യദേശത്തിന്റെ പുത്രിമാർക്കും നീയും അവളെപ്പോലെ പരിഹാസപാത്രമായിരിക്കുന്നു. 58നിന്റെ ദുഷ്കർമത്തിന്റെയും മ്ലേച്ഛതയുടെയും ശിക്ഷ നീ അനുഭവിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”
ശാശ്വതമായ ഉടമ്പടി
59സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “നീ ചെയ്തതുപോലെ ഞാൻ നിന്നോടും ചെയ്യും. നീ ഉടമ്പടി ലംഘിക്കുകയും പ്രതിജ്ഞയെ നിന്ദിക്കുകയും ചെയ്തു. 60എങ്കിലും നിന്റെ ബാല്യത്തിൽ നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാൻ സ്ഥാപിക്കും. 61നിന്റെ ജ്യേഷ്ഠത്തിയെയും ഇളയസഹോദരിയെയും നീ സ്വീകരിക്കുമ്പോൾ നിന്റെ പൂർവകാലത്തെ ഓർത്തു നീ ലജ്ജിക്കും. ഞാൻ അവരെ നിനക്ക് ഉടമ്പടിപ്രകാരമല്ലാതെ തന്നെ പുത്രിമാരായി നല്കും. 62-63നീയുമായി ഞാൻ ഒരു ഉടമ്പടി ഉണ്ടാക്കും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നീ അറിയും. ഞാൻ നിന്റെ പ്രവൃത്തികൾ ക്ഷമിക്കുമ്പോൾ നീ അവയെ ഓർത്തു ലജ്ജിച്ചു മൗനം അവലംബിക്കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
EZEKIELA 16: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.