EZEKIELA 18

18
വ്യക്തിപരമായ ഉത്തരവാദിത്വം
(യെഹെ. 33:10-20)
1സർവേശ്വരന്റെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി. 2പിതാക്കന്മാർ പച്ച മുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേൽദേശത്തു നിങ്ങൾ പഴഞ്ചൊല്ലു പറയുന്നതെന്തിന്? 3സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഈ പഴഞ്ചൊല്ല് ഇനിമേൽ ഇസ്രായേലിൽ നിങ്ങൾ ആവർത്തിക്കുകയില്ല എന്ന് ഞാൻ സത്യം ചെയ്തു പറയുന്നു. 4എല്ലാവരുടെയും ജീവൻ എൻറേതാണ്. പിതാവിന്റെയും പുത്രന്റെയും ജീവൻ എനിക്കുള്ളതാകുന്നു. പാപം ചെയ്യുന്നവൻ മരിക്കും.
5-6നീതിയും ന്യായവും അനുസരിച്ചു മാത്രം പ്രവർത്തിക്കുന്ന ഒരു നീതിനിഷ്ഠൻ പൂജാഗിരികളിൽ വച്ചു ഭക്ഷണം കഴിക്കുകയോ, ഇസ്രായേലിലെ വിഗ്രഹങ്ങളുടെ മുമ്പിൽ നമസ്കരിക്കുകയോ അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുകയോ ഒരു സ്‍ത്രീ അശുദ്ധയായിരിക്കുമ്പോൾ അവളെ പ്രാപിക്കുകയോ ചെയ്യുന്നില്ല. അവൻ ആരെയും പീഡിപ്പിക്കുകയില്ല; 7അവൻ കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കുന്നു. അവൻ കവർച്ച നടത്തുന്നില്ല; വിശക്കുന്നവന് ആഹാരം നല്‌കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. 8അവൻ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അയാളുടെ കരങ്ങൾ അകൃത്യം ചെയ്യുന്നില്ല. വ്യവഹാരങ്ങളിൽ സത്യസന്ധതയോടെ തീർപ്പു കല്പിക്കുന്നു. 9എന്റെ ചട്ടങ്ങൾ അനുസരിക്കുകയും കല്പനകൾ പാലിക്കുകയും ചെയ്യുന്നതിൽ അവൻ ശ്രദ്ധിക്കുന്നു. അവൻ നീതിമാനാണ്. അവൻ നിശ്ചയമായും ജീവിക്കും എന്ന് സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 10എന്നാൽ അവന്റെ പുത്രൻ കൊള്ളക്കാരനും കൊലപാതകിയുമായിത്തീർന്നു എന്നിരിക്കട്ടെ. 11അവൻ തന്റെ പിതാവ് ചെയ്ത നന്മകൾ ഒന്നും ചെയ്യുന്നില്ല. പൂജാഗിരിയിൽവച്ച് അവൻ ഭക്ഷണം കഴിക്കുന്നു. അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുന്നു; 12ദരിദ്രരെയും അഗതികളെയും പീഡിപ്പിക്കുന്നു; കൊള്ള ചെയ്യുന്നു; അവൻ കടക്കാരനു പണയം തിരിച്ചു കൊടുക്കുന്നില്ല. അവൻ വിഗ്രഹങ്ങളിലേക്കു കണ്ണുകളുയർത്തുകയും മ്ലേച്ഛതകൾ പ്രവർത്തിക്കുകയും ചെയ്യുന്നു. 13അവൻ പണം പലിശയ്‍ക്കു കൊടുക്കുകയും അധികം തിരിച്ചു വാങ്ങുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നവൻ ജീവിക്കുമോ? അവൻ ജീവിക്കുകയില്ല. ഈ മ്ലേച്ഛകൃത്യങ്ങളെല്ലാം അവൻ ചെയ്യുന്നുവല്ലോ. നിശ്ചയമായും അവൻ മരിക്കും; അവന്റെ രക്തം അവന്റെമേൽതന്നെ പതിക്കും.
14എന്നാൽ ഈ മനുഷ്യന് ഒരു പുത്രൻ ജനിക്കയും തന്റെ പിതാവു ചെയ്ത എല്ലാ പാപകർമങ്ങളും കണ്ടു ഭയപ്പെട്ട് അവൻ അപ്രകാരം പ്രവർത്തിക്കാതിരിക്കയും ചെയ്യുന്നു എന്നിരിക്കട്ടെ. 15അവൻ പൂജാഗിരികളിൽ വച്ചു ഭക്ഷണം കഴിക്കയോ, ഇസ്രായേലിലെ വിഗ്രഹങ്ങളെ ആരാധിക്കയോ, അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കയോ ചെയ്യുന്നില്ല; 16ആരോടും അനീതി പ്രവർത്തിക്കുന്നില്ല. കടക്കാരനു പണയം തിരിച്ചുകൊടുക്കാതിരിക്കുന്നില്ല; കവർച്ച ചെയ്യുന്നതുമില്ല. അവൻ വിശക്കുന്നവന് ആഹാരം നല്‌കുകയും നഗ്നനെ വസ്ത്രം ധരിപ്പിക്കുകയും ചെയ്യുന്നു. 17അവൻ അകൃത്യം ചെയ്യുന്നില്ല; അവൻ പലിശ വാങ്ങുകയോ ലാഭം എടുക്കുകയോ ചെയ്യുന്നില്ല. അവൻ എന്റെ കല്പനകൾ പാലിക്കുകയും എന്റെ ചട്ടങ്ങൾ അനുസരിച്ചു നടക്കുകയും ചെയ്യുന്നു. സ്വപിതാവിന്റെ അകൃത്യം നിമിത്തം അവൻ മരിക്കുകയില്ല; നിശ്ചയമായും അവൻ ജീവിക്കും. 18അവന്റെ പിതാവാകട്ടെ അക്രമം പ്രവർത്തിക്കുകയും സഹോദരനെ കൊള്ളയടിക്കുകയും സ്വജനങ്ങളുടെ ഇടയിൽ അയോഗ്യമായതു പ്രവർത്തിക്കുകയും ചെയ്തതുകൊണ്ടു തന്റെ അപരാധംമൂലം അയാൾ മരിക്കും.
19പിതാവിന്റെ ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷ പുത്രൻ അനുഭവിക്കാത്തതെന്തുകൊണ്ട് എന്നു നിങ്ങൾ ചോദിച്ചേക്കാം. മകൻ നീതിയും ന്യായവും പ്രവർത്തിക്കുകയും എന്റെ ചട്ടങ്ങൾ പാലിക്കുകയും ചെയ്തതിനാൽ നിശ്ചയമായും ജീവിക്കും. 20പാപം ചെയ്യുന്നവൻ മരിക്കും. പിതാവിന്റെ അപരാധത്തിനു പുത്രനോ, പുത്രന്റെ അപരാധത്തിനു പിതാവോ ശിക്ഷ അനുഭവിക്കുകയില്ല. നീതിമാൻ തന്റെ നീതിയുടെ ഫലവും ദുഷ്ടൻ തന്റെ ദുഷ്പ്രവൃത്തിയുടെ ഫലവും അനുഭവിക്കും.
21ദുഷ്ടൻ താൻ ചെയ്തിട്ടുള്ള പാപകർമങ്ങളിൽനിന്നു പിന്തിരിയുകയും എന്റെ ചട്ടങ്ങളെല്ലാം അനുസരിച്ചു നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ അവൻ നിശ്ചയമായും ജീവിക്കും. അവൻ മരിക്കയില്ല. 22അവൻ ചെയ്ത അതിക്രമങ്ങൾ ഒന്നും തന്നെ അവനെതിരെ കണക്കിലെടുക്കയില്ല. അവൻ നീതി പ്രവർത്തിച്ചതുകൊണ്ടു ജീവിക്കും. ദുഷ്ടന്റെ മരണത്തിലല്ല, 23അവൻ തന്റെ ദുർമാർഗം വിട്ടു ജീവിക്കുന്നതിലാണ് ഞാൻ സന്തോഷിക്കുന്നത്. 24എന്നാൽ നീതിമാൻ അപഥസഞ്ചാരം ചെയ്യുകയും അധർമം പ്രവർത്തിക്കുകയും ദുഷ്ടൻ ചെയ്യുന്ന അതേ മ്ലേച്ഛകൃത്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ അവൻ ജീവിക്കുമോ? അവൻ ചെയ്തിട്ടുള്ള സൽപ്രവൃത്തികൾ ഒന്നുംതന്നെ ഓർമിക്കപ്പെടുകയില്ല; അവൻ ചെയ്ത ദ്രോഹവും പാപവും മൂലം അവൻ മരിക്കും.
25സർവേശ്വരന്റെ വഴി നീതിപൂർവമല്ല എന്നു നിങ്ങൾ പറയുന്നു. ഇസ്രായേൽജനമേ, കേൾക്കുക; എന്റെ വഴി നീതിപൂർവകമല്ലേ? നിങ്ങളുടെ മാർഗമല്ലേ നീതികെട്ടത്? 26നീതിമാൻ നീതിയുടെ മാർഗം വെടിഞ്ഞ് അധർമം പ്രവർത്തിച്ചാൽ അവൻ തന്മൂലം മരിക്കും. താൻ ചെയ്ത അകൃത്യം നിമിത്തം അവൻ മരിക്കുകതന്നെ ചെയ്യും. 27ദുഷ്ടൻ താൻ ചെയ്ത ദുഷ്പ്രവൃത്തികളിൽനിന്നു പിന്തിരിയുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ അവൻ തന്റെ ജീവനെ രക്ഷിക്കും. 28താൻ ചെയ്തിട്ടുള്ള അതിക്രമങ്ങളെക്കുറിച്ചോർത്ത് അവയിൽനിന്നു പിന്തിരിഞ്ഞതുകൊണ്ടു നിശ്ചയമായും അവൻ ജീവിക്കും; അവൻ മരിക്കയില്ല. 29എന്നിട്ടും സർവേശ്വരന്റെ മാർഗം നീതിപൂർവകമല്ലെന്ന് ഇസ്രായേൽജനം പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിപൂർവകമല്ലേ? നിങ്ങളുടെ വഴികളല്ലേ നീതിരഹിതമായിട്ടുള്ളത്?
30അതുകൊണ്ട് ഇസ്രായേൽജനമേ, നിങ്ങളെ ഓരോരുത്തരെയും നിങ്ങളുടെ പ്രവർത്തിക്കൊത്തവിധം ഞാൻ വിധിക്കും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: അനുതപിച്ചു നിങ്ങളുടെ എല്ലാ അതിക്രമങ്ങളിൽനിന്നും പിന്തിരിയുവിൻ. അല്ലെങ്കിൽ നിങ്ങളുടെ അകൃത്യങ്ങൾ നിങ്ങൾക്കു നാശഹേതുവായിത്തീരും. 31എല്ലാ അകൃത്യങ്ങളും നിങ്ങൾ ഉപേക്ഷിക്കുവിൻ. ഒരു പുതിയ ഹൃദയവും ആത്മാവും നേടുവിൻ. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കണം? 32ആരുടെയും മരണത്തിൽ ഞാൻ സന്തോഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ പശ്ചാത്തപിച്ചു ജീവിക്കുക എന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 18: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക