EZEKIELA 25

25
അമ്മോന്യർക്കെതിരെ പ്രവചനം
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരെ തിരിഞ്ഞ് അവർക്കെതിരെ പ്രവചിക്കുക. 3‘സർവേശ്വരനായ കർത്താവിന്റെ വചനം കേൾക്കുക’ എന്ന് അവരോടു പറയുക. അവിടുന്ന് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കപ്പെടുകയും ഇസ്രായേൽദേശം ശൂന്യമാക്കപ്പെടുകയും യെഹൂദ്യയിലെ ജനം പ്രവാസികളായി പോവുകയും ചെയ്ത അവസരങ്ങളിൽ നീ അവയിൽ ഓരോന്നിനെയുംകുറിച്ച് ‘ആഹാ’ എന്നു പറഞ്ഞു പരിഹസിച്ചു. അതുകൊണ്ട് പൂർവദേശത്തെ ജനം നിന്നെ ആക്രമിച്ചു കീഴടക്കാൻ ഞാൻ അനുവദിക്കും. 4അവർ നിന്റെ മധ്യേ താവളമടിക്കുകയും വാസമുറപ്പിക്കുകയും ചെയ്യും. അവർ നിനക്കു ഭക്ഷിക്കാനുള്ള പഴങ്ങൾ ഭക്ഷിക്കുകയും പാൽ കുടിക്കുകയും ചെയ്യും. 5ഞാൻ രബ്ബാനഗരത്തെ ഒട്ടകങ്ങളുടെ മേച്ചിൽസ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആടുകളുടെ ആലയും ആക്കിത്തീർക്കും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ അറിയും.” 6അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ എല്ലാ മ്ലേച്ഛതകളും നിമിത്തം ഇസ്രായേൽദേശത്തിനെതിരെ നീ കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാൽ, 7ഞാൻ നിനക്കെതിരെ എന്റെ കൈ നീട്ടി നിന്നെ അന്യജനതകൾക്കു കൊള്ളമുതലായി ഏല്പിച്ചുകൊടുക്കും. ജനപദങ്ങളിൽനിന്നു നിന്നെ വിച്ഛേദിക്കും; രാജ്യങ്ങളുടെ ഇടയിൽനിന്നു നിന്നെ പിഴുതെറിയും. ഞാൻ നിന്നെ നശിപ്പിക്കും. ഞാനാണു സർവേശ്വരനെന്ന് അപ്പോൾ നീ ഗ്രഹിക്കും.”
മോവാബ്യർക്കെതിരെ പ്രവചനം
8സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “യെഹൂദാജനത മറ്റു ജനതകളെപ്പോലെയാണെന്നു മോവാബു പറഞ്ഞു. 9അതുകൊണ്ട് മോവാബിന്റെ പാർശ്വങ്ങളിലുള്ള അതിർത്തിനഗരങ്ങൾ ഞാൻ വെട്ടിത്തുറക്കും. രാജ്യത്തിന്റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യത്തയീം എന്നീ നഗരങ്ങൾതന്നെ. 10അമ്മോന്യരോടൊപ്പം മോവാബിനെയും ഞാൻ പൂർവദേശത്തെ ജനങ്ങളുടെ അധീനതയിലാക്കും. ജനതകളുടെ ഇടയിൽ അത് അനുസ്മരിക്കപ്പെടുകയില്ല. 11മോവാബിന്റെമേൽ ഞാൻ ശിക്ഷാവിധി നടത്തും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ ഗ്രഹിക്കും.”
എദോമിനെതിരെ പ്രവചനം
12സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: യെഹൂദാജനതയോടു പ്രതികാരം ചെയ്ത് എദോം ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നു. 13അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: എദോമിനു നേരെ, ഞാൻ കൈ നീട്ടും. അതിലെ മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിച്ചു ദേശം ശൂന്യമാക്കും. തേമാൻമുതൽ ദേദാൻവരെയുള്ളവർ വാളിനിരയാകും. 14എന്റെ ജനമായ ഇസ്രായേലിന്റെ കരങ്ങളാൽ എദോമിനോടു ഞാൻ പ്രതികാരം ചെയ്യും; എന്റെ ക്രോധത്തിനും രോഷത്തിനും അനുസൃതമായി അവർ പ്രവർത്തിക്കും. അപ്പോൾ എന്റെ പ്രതികാരം എദോം മനസ്സിലാക്കുമെന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”
ഫെലിസ്ത്യർക്കെതിരെ പ്രവചനം
15സർവേശ്വരനായ കർത്താവ് വീണ്ടും അരുളിച്ചെയ്യുന്നു: “ഫെലിസ്ത്യർ പ്രതികാരം ചെയ്തു. ഒരിക്കലും ഒടുങ്ങാത്ത ശത്രുതയാൽ നശിപ്പിക്കാൻവേണ്ടി ദുഷ്ടഹൃദയത്തോടെ അവർ പ്രതികാരം ചെയ്തിരിക്കുന്നു. 16അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഫെലിസ്ത്യരുടെ നേരെ ഞാൻ കൈ നീട്ടും. ക്രേത്യരെ ഞാൻ കൊന്നൊടുക്കും കടൽത്തീരത്തു ശേഷിക്കുന്നവരെയും നശിപ്പിക്കും. 17ക്രോധപൂർവമുള്ള ശിക്ഷകളാൽ ഞാൻ അവരോടു കഠിനമായി പ്രതികാരം ചെയ്യും. അപ്പോൾ ഞാനാണു സർവേശ്വരനെന്ന് അവർ അറിയും.” ഇതു സർവേശ്വരനായ കർത്താവിന്റെ വചനം.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 25: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക