EZEKIELA 30

30
ഈജിപ്തിനെ ശിക്ഷിക്കും
1സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, പ്രവചിക്കുക; സർവേശ്വരനായ കർത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു എന്നു പറയുക. 3ആ ദിവസം എത്ര ദുരിതപൂർണം എന്നു നിലവിളിക്കുക. അത് അടുത്തിരിക്കുന്നു; അതേ, സർവേശ്വരന്റെ ദിവസം ആഗതമായിരിക്കുന്നു. അതു മേഘാവൃതമായ ദിവസമായിരിക്കും; ജനതകളുടെ വിനാശസമയം! 4ഈജിപ്തിന്റെമേൽ ഒരു വാൾ നിപതിക്കും; എത്യോപ്യ കൊടുംവേദനയിൽ അകപ്പെടും. ഈജിപ്തിൽ അനേകംപേർ കൊല്ലപ്പെടും. അതിന്റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും അടിസ്ഥാനങ്ങൾ തകർക്കപ്പെടുകയും ചെയ്യും. 5അവരോടൊപ്പം എത്യോപ്യ, പൂത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയിലെയും സഖ്യ ദേശങ്ങളിലെയും ജനങ്ങൾ സംഹരിക്കപ്പെടും.
6സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈജിപ്തിനു പിന്തുണ നല്‌കുന്നവർ വീഴും. ഈജിപ്തിന്റെ അഹങ്കാരത്തിമർപ്പ് അടങ്ങും. മിഗ്ദോൻമുതൽ സെവേനെവരെയുള്ളവർ വാളിനിരയാകുമെന്നു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു. 7വിജനമാക്കപ്പെട്ട ദേശങ്ങളുടെ മധ്യേ അവൾ വിജനമായി കിടക്കും. ശൂന്യമാക്കപ്പെട്ട നഗരങ്ങളുടെ നടുവിൽ അവളുടെ നഗരങ്ങളും ശൂന്യമായി കിടക്കും. 8ഞാൻ ഈജിപ്തിനെ അഗ്നിക്കിരയാക്കുകയും അവളുടെ സഹായികളെ തകർക്കുകയും ചെയ്യുമ്പോൾ ഞാനാണു സർവേശ്വരനെന്ന് അവർ അറിയും. 9അന്ന് അപകടഭീതി കൂടാതെ കഴിയുന്ന എത്യോപ്യരെ പരിഭ്രാന്തരാക്കാൻവേണ്ടി എന്റെ അടുക്കൽനിന്നു ദൂതന്മാർ കപ്പൽ കയറി പുറപ്പെടും. ഈജിപ്തിന്റെ വിനാശദിനത്തിൽ എത്യോപ്യർക്കു കഠിനവേദനയുണ്ടാകും. ആ ദിവസം ഇതാ, ആഗതമായിരിക്കുന്നു. 10സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെ കൈകളാൽ ഈജിപ്തിന്റെ സമൃദ്ധിക്ക് ഞാൻ അറുതി വരുത്തും. 11ദേശത്തെ നശിപ്പിക്കാൻ അയാളെയും അയാളോടൊപ്പം ജനതകളിൽ ഏറ്റവും ഭീകരന്മാരായ അയാളുടെ ജനങ്ങളെയും കൊണ്ടുവരും. അവർ ഈജിപ്തിനുനേരെ വാൾ ഊരും; ദേശത്തെ മൃതശരീരങ്ങൾകൊണ്ടു നിറയ്‍ക്കും. 12നൈൽ നദി ഞാൻ വറ്റിക്കും; ദേശം ദുഷ്ടജനങ്ങൾക്കു വിറ്റുകളയും. വിദേശീയരുടെ കരങ്ങളാൽ ദേശവും അതിലുള്ള സമസ്തവും ഞാൻ ശൂന്യമാക്കും;” സർവേശ്വരനാണ് ഇതു പറയുന്നത്.
13സർവേശ്വരനായ കർത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നു: ഞാൻ വിഗ്രഹങ്ങൾ നശിപ്പിക്കും. മെംഫീസിലെ പ്രതിമകൾ ഇല്ലാതാക്കും. ഈജിപ്തിൽ ഇനിമേൽ ഒരു രാജാവും ഉണ്ടായിരിക്കുകയില്ല. ഈജിപ്തിലെങ്ങും ഞാൻ ഭീതി പരത്തും. 14ഞാൻ പത്രോസ് ശൂന്യമാക്കും; സോവാൻ അഗ്നിക്കിരയാക്കും. തേബസിൽ ഞാൻ ന്യായവിധി നടത്തും. 15ഈജിപ്തിന്റെ ശക്തിദുർഗമായ സീൻപട്ടണത്തിന്മേൽ ഞാൻ എന്റെ ക്രോധം ചൊരിയും. തേബസിലെ ജനങ്ങളെ സംഹരിക്കും. 16ഈജിപ്തിനു ഞാൻ തീ വയ്‍ക്കും. സീൻ അതിവേദനയിൽ അമരും. തേബസ് ഭേദിക്കപ്പെടും. അതിന്റെ മതിലുകൾ ഇടിഞ്ഞുവീഴും. 17ആവെനിലെയും പിബേസെത്തിലെയും യുവാക്കൾ വാളിനിരയാകും. മറ്റുള്ളവർ തടവുകാരാക്കപ്പെടും. 18തഹഫ്നേഹെസിൽ ഈജിപ്തിന്റെ ആധിപത്യം തകർക്കുമ്പോൾ അവിടെ പകൽ ഇരുണ്ടുപോകും. അവളുടെ അഹങ്കാരത്തിനു ഞാൻ അറുതി വരുത്തും. ഒരു മേഘം അവളെ മൂടും; അവളുടെ പുത്രിമാർ തടവുകാരാക്കപ്പെടും. 19അങ്ങനെ ഈജിപ്തിന്റെമേൽ ഞാൻ ന്യായവിധിനടത്തും. അപ്പോൾ ഞാനാണു സർവേശ്വരനെന്ന് അവർ ഗ്രഹിക്കും.”
ഫറവോയുടെ ബലം തകരും
20പ്രവാസത്തിന്റെ പതിനൊന്നാം വർഷം ഒന്നാംമാസം ഏഴാം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 21“മനുഷ്യപുത്രാ, ഈജിപ്തിലെ രാജാവായ ഫറവോന്റെ കൈ ഞാൻ ഒടിച്ചിരിക്കുന്നു. വാൾ പിടിക്കത്തക്കവിധം ആ ഭുജം ആരും വച്ചുകെട്ടുകയോ ചികിത്സിക്കുകയോ ചെയ്കയില്ല. 22അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ഈജിപ്തിലെ രാജാവായ ഫറവോയ്‍ക്ക് എതിരാണ്. അവന്റെ ഇരുകൈകളും ബലമുള്ളതും ഒടിഞ്ഞതും ഞാൻ തകർത്തുകളയും. അവന്റെ കൈയിൽനിന്ന് ഞാൻ വാൾ താഴെ വീഴുമാറാക്കും. 23ഈജിപ്തുകാരെ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും. രാജ്യാന്തരങ്ങളിൽ ഞാൻ അവരെ നടും. 24ബാബിലോൺരാജാവിന്റെ ഭുജങ്ങൾ ഞാൻ ബലിഷ്ഠമാക്കും. അവന്റെ കൈയിൽ എന്റെ വാൾ കൊടുക്കും. ഫറവോയുടെ ഭുജങ്ങൾ ഞാൻ ഒടിക്കും. മാരകമായ ക്ഷതമേറ്റവനെപ്പോലെ അയാൾ ഞരങ്ങും. 25ബാബിലോൺ രാജാവിന്റെ ഭുജങ്ങൾ ഞാൻ ബലപ്പെടുത്തും. എന്നാൽ ഫറവോയുടെ കൈകൾ നിർജീവമായിത്തീരും. അപ്പോൾ ഞാനാണു സർവേശ്വരനെന്ന് അവർ ഗ്രഹിക്കും. ബാബിലോൺ രാജാവിന്റെ കൈയിൽ എന്റെ വാൾ കൊടുക്കും. 26അയാൾ ഈജിപ്തിന്റെ നേരെ അതു വീശും. ഞാൻ ജനതകളുടെ ഇടയിൽ ഈജിപ്തുകാരെ ചിതറിക്കും. രാജ്യാന്തരങ്ങളിൽ അവരെ നടും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ അറിയും.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 30: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക