EZEKIELA 48

48
ദേശത്തിന്റെ വിഭജനം
1ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശപ്പെട്ട ദേശങ്ങൾ: വടക്കേ അറ്റംമുതൽ ഹെത്‍ലോൻ വഴി ഹാമാത്തിലേക്കുള്ള പ്രവേശനദ്വാരംവരെയും ഹാമാത്തിനെതിരെ ദമാസ്കസിന്റെ വടക്കേ അതിർത്തിയിലുള്ള ഹസർ-ഏനാൻവരെയും കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഭാഗം ദാൻഗോത്രത്തിനാണ്. 2അതിനോടു ചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറേ അറ്റംവരെ കിടക്കുന്ന ഭാഗം ആശേർ ഗോത്രത്തിനുള്ളതാണ്. 3അതിനോടു ചേർന്ന് കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭാഗം നഫ്താലിഗോത്രത്തിൻറേതും 4അതിനോട് തൊട്ടു കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ഭാഗം മനശ്ശെഗോത്രത്തിൻറേതുമാണ്. 5അതിനോടു ചേർന്ന് കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെ എഫ്രയീംഗോത്രത്തിൻറേതും 6അതിനോടു ചേർന്നു കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെ രൂബേൻഗോത്രത്തിൻറേതും 7അതിനോട് ചേർന്നു കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെയുള്ള ഭാഗം യെഹൂദാഗോത്രത്തിൻറേതുമാണ്.
വിശുദ്ധ ഓഹരി
8യെഹൂദാഗോത്രത്തിന്റെ ഓഹരിയോടു ചേർന്ന് കിഴക്കേ അറ്റംമുതൽ പടിഞ്ഞാറുവരെ ഒരു ഗോത്രത്തിന്റെ ഓഹരിയുടെ നീളത്തിലും ഇരുപത്തയ്യായിരം മുഴം വീതിയിലുമുള്ള പ്രദേശം കിഴക്കു പടിഞ്ഞാറായി പ്രത്യേകം വേർതിരിക്കണം. 9അതിന്റെ മധ്യത്തിലായിരിക്കും വിശുദ്ധമന്ദിരം. സർവേശ്വരനായി വേർതിരിക്കുന്ന സ്ഥലത്തിന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉണ്ടായിരിക്കണം. 10വിശുദ്ധഓഹരി ഇങ്ങനെ ഭാഗിക്കണം: വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഭാഗം പുരോഹിതന്മാർക്കുള്ളതാണ്. ഇതിന്റെ മധ്യത്തിലാണ് സർവേശ്വരന്റെ വിശുദ്ധമന്ദിരം. 11സാദോക്കിന്റെ പുത്രന്മാരായ അഭിഷിക്ത പുരോഹിതന്മാർക്കുവേണ്ടിയുള്ളതാണ് ഇത്. ഇസ്രായേൽജനങ്ങളും ലേവ്യരുടെ വഴിതെറ്റിപോയപ്പോൾ അവരെപ്പോലെ അപഥസഞ്ചാരം ചെയ്യാതെ എന്റെ കാര്യവിചാരകനായിരുന്ന സാദോക്കിന്റെ പുത്രന്മാരാണ് അവർ. 12ലേവ്യരുടെ പ്രദേശത്തോടു ചേർന്നുള്ള ദേശത്തിന്റെ വിശുദ്ധ ഓഹരിയിൽനിന്ന് അതിവിശുദ്ധമായി വേർതിരിച്ചെടുത്ത ഓഹരിയാണ് അവരുടേത്. 13പുരോഹിതന്മാരുടെ സ്ഥലത്തോടു ചേർന്ന് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള പ്രദേശം ലേവ്യർക്കുള്ളതാണ്. അതിന്റെ മൊത്തം നീളം ഇരുപത്തയ്യായിരം മുഴം; 14വീതി പതിനായിരം മുഴവും അതിൽ ഒരു ഭാഗം പോലും വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇതു സർവേശ്വരനുള്ളതും വിശുദ്ധവുമാകയാൽ അന്യാധീനപ്പെടുത്തുകയും അരുത്.
15ശേഷിക്കുന്ന അയ്യായിരം മുഴം വീതിയും ഇരുപത്തയ്യായിരം മുഴം നീളവുമുള്ള സ്ഥലം, പാർപ്പിടങ്ങൾ, തുറന്നസ്ഥലം എന്നിങ്ങനെ നഗരത്തിന്റെ സാധാരണ ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ്. അതിന്റെ മധ്യത്തിലായിരിക്കണം നഗരം. 16നഗരത്തിന്റെ നാലുവശങ്ങളിൽ ഓരോന്നിനും നാലായിരത്തി അഞ്ഞൂറു മുഴം വീതം നീളമുണ്ടായിരിക്കണം. 17നഗരത്തിന് വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതു മുഴം വീതമുള്ള തുറസ്സായ സ്ഥലം ഉണ്ടായിരിക്കണം. 18വിശുദ്ധഓഹരിയുടെ അരികിൽ മിച്ചമുള്ളത് കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതം നീളമുള്ള സ്ഥലം കൃഷിഭൂമിയായി ഉപയോഗിക്കണം. അവിടെ ഉത്പാദിപ്പിക്കുന്ന വിളകൾ നഗരത്തിലെ പണിക്കാരുടെ ഭക്ഷണത്തിനുള്ളതായിരിക്കണം. 19നഗരത്തിൽ പാർക്കുന്ന എല്ലാവരും ഇസ്രായേലിലെ ഏതു ഗോത്രക്കാരനായാലും അവിടെ കൃഷി ചെയ്യണം. 20നിങ്ങൾ വേർതിരിക്കുന്ന വിശുദ്ധസ്ഥലവും നഗരവും മൊത്തം ഇരുപത്തയ്യായിരം മുഴം നീളവും വീതിയുള്ള സമചതുരമായിരിക്കണം.
21വിശുദ്ധഓഹരിയുടെയും നഗരത്തിന്റെയും ഇരുവശങ്ങളിലും ശേഷിക്കുന്ന സ്ഥലം രാജാവിനുള്ളതാണ്. അത് വിശുദ്ധഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്ഥലത്തുനിന്നു കിഴക്കേ അതിർത്തിവരെയും ഇരുപത്തയ്യായിരം മുഴം പടിഞ്ഞാറോട്ട് പടിഞ്ഞാറെ അതിർത്തിവരെയും ഗോത്രങ്ങളുടെ ഓഹരിക്കു സമാന്തരമായി കിടക്കുന്ന പ്രദേശമാണ്. വിശുദ്ധസ്ഥലവും വിശുദ്ധമന്ദിരവും അതിന്റെ മധ്യത്തിലായിരിക്കും. 22ലേവ്യരുടെ സ്വത്തും നഗരസ്വത്തും രാജാവിന്റെ ഓഹരിയുടെ മധ്യത്തിലും; രാജാവിനുള്ള ഓഹരിയാകട്ടെ ബെന്യാമീൻഗോത്രത്തിന്റെയും യെഹൂദാഗോത്രത്തിന്റെയും ഓഹരിയുടെ ഇടയ്‍ക്കും ആയിരിക്കും.
മറ്റു ഗോത്രങ്ങൾക്കുള്ള ഓഹരികൾ
23മറ്റുഗോത്രങ്ങൾക്കുള്ള ഓഹരികൾ: കിഴക്കുമുതൽ പടിഞ്ഞാറുവരെ ബെന്യാമീൻ ഗോത്രത്തിനുള്ളതായിരിക്കണം. 24അതിനോടു ചേർന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ശിമെയോൻഗോത്രത്തിനുള്ള ഓഹരിയത്രേ. 25അതിനോടു തൊട്ട് കിഴക്കു പടിഞ്ഞാറായി കിടക്കുന്ന ഓഹരി ഇസ്സാഖാർഗോത്രത്തിനും 26അതിനോടു ചേർന്ന് കിഴക്കു പടിഞ്ഞാറുള്ളത് സെബൂലൂൻ ഗോത്രത്തിനുമുള്ളത്. 27സെബൂലൂൻ ഗോത്രത്തിന്റെ ഓഹരിയോട് ചേർന്ന് കിഴക്കു പടിഞ്ഞാറായി കിടക്കുന്നത് ഗാദ്ഗോത്രത്തിനുള്ളതാണ്. 28ഗാദിന്റെ തെക്കേ അതിരിനോടു ചേർന്ന് താമാർമുതൽ മെരീബത്ത്-കാദേശ് ജലാശയംവരെയും ഈജിപ്തു തോടുമുതൽ മെഡിറ്ററേനിയൻ കടൽവരെയും ആണ് തെക്കേ അതിര്. 29ഇതാണ് ഇസ്രായേൽഗോത്രങ്ങൾക്ക് പൈതൃകമായി നല്‌കേണ്ട ദേശം; ഓരോ ഗോത്രത്തിനും ലഭിക്കേണ്ട ഓഹരികളും ഇവ തന്നെ. ഇതു സർവേശ്വരനായ കർത്താവിന്റെ വചനം.
നഗരകവാടങ്ങൾ
30നഗരത്തിൽനിന്നു പുറത്തേക്കു കടക്കാനുള്ള മാർഗങ്ങൾ ഇനി പറയുന്നവയാണ്: നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്തെ മതിലിന് മൂന്നു പടിപ്പുരകൾ. 31ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾ തന്നെയാണ് പടിപ്പുരകളുടെയും പേരുകൾ. അവയുടെ പേരുകൾ രൂബേൻ, ലേവി, യെഹൂദാ. 32നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള കിഴക്കെ മതിലിൽ യോസേഫിന്റെയും ബെന്യാമീന്റെയും ദാനിന്റെയും പടിപ്പുരകൾ. 33നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള തെക്കേ മതിലിന് മൂന്നു പടിപ്പുരകൾ: ശിമെയോൻ, ഇസ്സാഖാർ, സെബൂലൂൻ പടിപ്പുരകൾ. 34നാലായിരത്തഞ്ഞൂറു മുഴം നീളമുള്ള പടിഞ്ഞാറേ മതിലിന് മൂന്നു പടിപ്പുരകൾ: ഗാദ്, ആശേർ, നഫ്താലി. 35നഗരചുറ്റളവ് പതിനെണ്ണായിരം മുഴം ആയിരിക്കും. ഇന്നു മുതൽ ഈ നഗരത്തിന്റെ പേര് #48:35 യാഹ്ശമ്മാ = സർവേശ്വരൻ ഇവിടെയുണ്ട്.യാഹ്ശമ്മാ എന്ന് ആയിരിക്കും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

EZEKIELA 48: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക