GALATIA മുഖവുര

മുഖവുര
ഏഷ്യാമൈനറിലുള്ള ഒരു റോമൻ പ്രദേശമാണ് ഗലാത്യ. ഇപ്പോൾ അതു തുർക്കിയുടെ ഒരു ഭാഗമാണ്.
ഗലാത്യയിൽ സുവിശേഷം പ്രസംഗിക്കപ്പെട്ടപ്പോൾ അവിടത്തെ യൂദേതരരായ ജനങ്ങൾ സന്തോഷപൂർവം അതു സ്വാഗതം ചെയ്തു. അപ്പോൾ ഒരു പ്രശ്നം ഉന്നയിക്കപ്പെട്ടു. ഒരുവൻ യഥാർഥ ക്രിസ്ത്യാനിയായിത്തീരുവാൻ മോശയുടെ നിയമസംഹിത അനുസരിക്കേണ്ടതുണ്ടോ എന്നതായിരുന്നു അത്.
പൗലൊസ് അതിന് എതിരെ വാദിച്ചു. വിജാതീയരെ സംബന്ധിച്ചിടത്തോളം ക്രിസ്തീയ ജീവിതത്തിന്റെ ഭദ്രമായ അടിസ്ഥാനം യേശുക്രിസ്തുവിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം സമർഥിച്ചു. ഈ വിശ്വാസം മൂലമാണു മനുഷ്യന് ദൈവത്തോടുള്ള രഞ്ജിപ്പുണ്ടാകുന്നതെന്നും പൗലൊസ് പറഞ്ഞു. തെറ്റായ ഉപദേശത്താൽ വഴിതെറ്റിപ്പോകുന്നവരെ വിശ്വാസത്തിന്റെ സത്യമാർഗത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതിനായിരുന്നു ഗലാത്യയിലെ സഭയ്‍ക്ക് അദ്ദേഹം ഈ കത്തെഴുതിയത്.
യേശുക്രിസ്തുവിന്റെ അപ്പോസ്തോലൻ എന്നു വിളിക്കപ്പെടുന്നതിന് തനിക്കുള്ള അവകാശത്തെ സമർഥിച്ചുകൊണ്ടാണ് പൗലൊസ് ഈ കത്ത് ആരംഭിക്കുന്നത്. ദൈവമാണു തന്നെ അപ്പോസ്തോലനായി വിളിച്ചതെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. ദൈവത്തിന്റെ ദൂത് വിജാതീയരെ അറിയിക്കുവാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു (2:9). ദൈവത്തോട് അനുരഞ്ജനം ഉണ്ടാകുന്നത് വിശ്വാസത്താൽ മാത്രമാണെന്നുള്ള വാദത്തിലേക്കാണ് പിന്നീട് അദ്ദേഹം കടക്കുന്നത്. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ ഫലമായുണ്ടാകുന്ന സ്നേഹത്തിൽനിന്നു സ്വഭാവേന പുറപ്പെടുന്നവയാണ് ക്രിസ്തീയജീവിതചര്യകളെന്നും പൗലൊസ് ഉറപ്പിച്ചുപറയുന്നു.
പ്രതിപാദ്യക്രമം
മുഖവുര 1:1-10
അപ്പോസ്തോലൻ എന്ന നിലയിൽ പൗലൊസിനുള്ള അധികാരം 1:11-2:21
ദൈവകൃപയുടെ സുവിശേഷം 3:1-4:31
ക്രിസ്തീയ സ്വാതന്ത്ര്യവും ഉത്തരവാദിത്വവും 5:1-6:10
ഉപസംഹാരം 6:11-18

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

GALATIA മുഖവുര: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക