GENESIS 36

36
ഏശാവിന്റെ പിൻതലമുറക്കാർ
1എദോം എന്ന ഏശാവിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു: 2ഏശാവ്, ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകൾ അനയുടെ പുത്രി ഒഹൊലീബാമാ എന്നീ കനാന്യസ്‍ത്രീകളെയും 3ഇശ്മായേലിന്റെ പുത്രിയും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും വിവാഹം ചെയ്തു. 4ആദാ എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും, 5ഒഹൊലീബാമാ, യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. കനാനിൽവച്ച് ഏശാവിനു ജനിച്ച മക്കൾ ഇവരായിരുന്നു. 6പിന്നീട് ഏശാവ് ഭാര്യമാരോടും പുത്രീപുത്രന്മാരോടും മറ്റു കുടുംബാംഗങ്ങളോടും ആടുമാടുകൾ, മറ്റു മൃഗങ്ങൾ, കനാനിൽവച്ചു നേടിയ സമ്പാദ്യങ്ങൾ എന്നിവയോടുംകൂടി സഹോദരനായ യാക്കോബു താമസിച്ച സ്ഥലത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. 7രണ്ടു പേർക്കും ഒന്നിച്ചു പാർക്കാൻ ഇടമില്ലാത്തവിധം അത്ര വളരെ സമ്പാദ്യങ്ങൾ അവർക്കുണ്ടായിരുന്നു. അവർക്ക് ധാരാളം ആടുമാടുകൾ ഉണ്ടായിരുന്നതുകൊണ്ട് ആ സ്ഥലം അവയ്‍ക്കു മേയാൻ മതിയായിരുന്നില്ല. 8അതുകൊണ്ട് ഏശാവ് എന്ന എദോം സേയീർ മലമ്പ്രദേശത്തു പാർത്തു. 9സേയീർ മലമ്പ്രദേശത്തു പാർത്തിരുന്ന എദോമ്യരുടെ പിതാവായ ഏശാവിന്റെ പിൻതലമുറക്കാർ ഇവരായിരുന്നു. 10ഏശാവിന്റെ ഭാര്യ ആദായുടെ പുത്രൻ എലീഫാസ്, ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രൻ രെയൂവേൽ. 11എലീഫാസിന്റെ പുത്രന്മാരായിരുന്ന തേമാൻ, ഓമാർ, സെഫോ, ഗത്താം, കെനസ് എന്നിവർ. 12എലീഫാസിന്റെ ഉപഭാര്യ ആയിരുന്ന തിമ്നായുടെ പുത്രനാണ് അമാലേക്ക്. 13നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നിവരായിരുന്നു രെയൂവേലിന്റെ പുത്രന്മാർ. ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ ഇവരാണ്. 14സിബെയോന്റെ പുത്രി, അനായുടെ മകളും ഏശാവിന്റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവർ. 15ഏശാവിന്റെ പിൻതലമുറക്കാരിൽ പ്രമാണികൾ താഴെപ്പറയുന്നവരാണ്: ഏശാവിന്റെ മൂത്തപുത്രനായിരുന്ന എലീഫാസിന്റെ പുത്രന്മാരായ തേമാൻ, 16ഓമാർ, സെഫോ, കെനസ്, കോരഹ്, ഗത്താം, അമാലേക്ക് എന്നീ ഗോത്രപിതാക്കന്മാർ. അവർ എദോമിൽവച്ച് ആദായിൽ എലീഫാസിനു ജനിച്ചു. 17ഏശാവിന്റെ പൗത്രന്മാരും രെയൂവേലിന്റെ പുത്രന്മാരുമായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ എന്നീ ഗോത്രപിതാക്കന്മാർ എദോമിൽവച്ചു രെയൂവേലിനു ജനിച്ചവരായിരുന്നു. ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാരാണ്. 18ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു യെയൂശ്, യലാം, കോരഹ് എന്നിവർ. ഈ ഗോത്രപിതാക്കന്മാർ അനായുടെ മകളും ഏശാവിന്റെ ഭാര്യയുമായ ഒഹൊലീബാമായുടെ പുത്രന്മാരായിരുന്നു. 19എദോം എന്നു പേരുള്ള ഏശാവിന്റെ പുത്രന്മാരായ ഗോത്രപിതാക്കന്മാർ ഇവരാണ്.
സേയീരിന്റെ പിൻതലമുറക്കാർ
20എദോമിലെ ഹോര്യനായ സേയീരിന്റെ പുത്രന്മാരായ ലോതാൻ, ശോബാൽ, സിബെയോൻ, 21അനാ, ദീശോൻ, ഏസെർ, ദീശാൻ എന്നിവരായിരുന്നു ആ ദേശത്തിലെ നിവാസികൾ. ഇവർ ഹോര്യപ്രമാണികളുമായിരുന്നു. 22ഹോരി, ഹേമാം എന്ന രണ്ടു പുത്രന്മാരാണ് ലോതാനുണ്ടായിരുന്നത്; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു. 23ശോബാലിന്റെ പുത്രന്മാർ അൽവാൻ, മാനഹത്ത്, ഏബാൻ, ശെഫോ, ഒനാം എന്നിവരാണ്. 24സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ എന്നിവരായിരുന്നു. പിതാവായ സിബെയോന്റെ കഴുതകളെ മേയിച്ചുകൊണ്ടു നടന്നപ്പോൾ മരുഭൂമിയിൽ ചൂടുറവകൾ കണ്ടുപിടിച്ചത് ഈ അനായാണ്. 25അനായുടെ പുത്രൻ ദീശോനും പുത്രി ഒഹൊലീബാമായും ആയിരുന്നു. 26ദീശോന്റെ പുത്രന്മാരാണ് ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ എന്നിവർ. 27എസെരിന്റെ പുത്രന്മാർ ബിൽഹാൻ, സാവാൻ, അക്കാൻ എന്നിവർ. 28ദീശാന്റെ പുത്രന്മാർ ഊസ്, അരാൻ. 29ഹോര്യരുടെ ഗോത്രപിതാക്കന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ എന്നിവരായിരുന്നു. 30സേയീർദേശത്തു പാർത്തിരുന്നത് അവരുടെ ഗോത്രങ്ങളാണ്.
എദോമിലെ രാജാക്കന്മാർ
31ഇസ്രായേലിൽ രാജഭരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ എദോംദേശം ഭരിച്ചിരുന്ന രാജാക്കന്മാർ ഇവരാണ്. 32ബെയോരിന്റെ മകൻ ബേലാ എദോമിലെ രാജാവായിരുന്നു; അദ്ദേഹത്തിന്റെ പട്ടണമായിരുന്നു ദിൻഹാബാ. 33ബേലാ മരിച്ചപ്പോൾ ബൊസ്രയിലെ സേരഹിന്റെ പുത്രൻ യോബാബ് രാജാവായി. 34യോബാബിനുശേഷം തേമാന്യദേശക്കാരനായ ഹൂശാം രാജാവായി. 35ഹൂശാം മരിച്ചപ്പോൾ രാജാവായത് മോവാബിൽവച്ചു മിദ്യാന്യരെ തോല്പിച്ചോടിച്ച ബെദദിന്റെ പുത്രൻ ഹദദ് ആയിരുന്നു. അദ്ദേഹത്തിന്റെ പട്ടണത്തിന്റെ പേരാണ് അവീത്ത്. 36ഹദദ് മരിച്ചപ്പോൾ മസ്രേക്കയിലെ സമ്ലാ രാജാവായി. 37സമ്ലായ്‍ക്കുശേഷം യൂഫ്രട്ടീസ് നദീതീരത്തുള്ള രെഹോബോത്തിലെ ശൗൽ രാജാവായി. 38ശൗൽ മരിച്ചപ്പോൾ അക്ബോരിന്റെ പുത്രനായ ബാൽഹാനാൻ രാജാവായി. 39അദ്ദേഹം മരിച്ചപ്പോൾ ഹദർ രാജാവായി. അദ്ദേഹത്തിന്റെ പട്ടണത്തിന്റെ പേരാണ് പാവൂ. മേസാഹാബിന്റെ പുത്രിയായ മിത്രേദിന്റെ പുത്രി മെഹേതബേൽ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. 40-41തിമ്നാ, അൽവാ, യെഥേത്ത്, ഒഹൊലീബാമാ, 42ഏലാ, പിനോൻ, കെനസ്, തേമാൻ, മിബ്സാർ, മഗ്ദിയേൽ, ഈരാം എന്നീ എദോമ്യഗോത്രങ്ങളുടെ പൂർവപിതാവായിരുന്നു ഏശാവ്. 43ഓരോ ഗോത്രത്തിന്റെയും പേരുകളിൽത്തന്നെ അവർ പാർത്തിരുന്ന ദേശങ്ങളും അറിയപ്പെട്ടിരുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

GENESIS 36: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക