GENESIS 41
41
ഫറവോയുടെ സ്വപ്നം വ്യാഖ്യാനിക്കുന്നു
1രണ്ടു വർഷം കഴിഞ്ഞപ്പോൾ ഫറവോ ഒരു സ്വപ്നം കണ്ടു. അദ്ദേഹം നൈൽനദിയുടെ തീരത്തു നില്ക്കുകയായിരുന്നു. 2അപ്പോൾ തടിച്ചുകൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്ന് ഞാങ്ങണയ്ക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. 3അവയുടെ പിന്നാലെ മെലിഞ്ഞ് എല്ലുന്തിയ വേറെ ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്നു. 4മെലിഞ്ഞ പശുക്കൾ തടിച്ചുകൊഴുത്ത പശുക്കളുടെ അടുത്തുവന്ന് അവയെ തിന്നുകളഞ്ഞു; ഉടനെ ഫറവോ ഉണർന്നു. 5അദ്ദേഹം വീണ്ടും ഉറങ്ങിയപ്പോൾ മറ്റൊരു സ്വപ്നം കണ്ടു. ഒരു തണ്ടിൽ ധാന്യമണികൾ നിറഞ്ഞ പുഷ്ടിയുള്ള ഏഴു കതിരുകൾ നില്ക്കുന്നു. 6അവയുടെ പിന്നാലെ ശുഷ്കിച്ചതും കിഴക്കൻകാറ്റിൽ ഉണങ്ങിയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു. 7ഉണങ്ങിയ കതിരുകൾ പുഷ്ടിയുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഫറവോ ഉണർന്നപ്പോൾ അതൊരു സ്വപ്നമായിരുന്നുവെന്നു മനസ്സിലാക്കി. 8രാവിലെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും കൊട്ടാരത്തിൽ വരുത്തി അവരോടു തന്റെ സ്വപ്നം വിവരിച്ചു പറഞ്ഞു; എന്നാൽ അതു ഫറവോയ്ക്കു വ്യാഖ്യാനിച്ചുകൊടുക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. 9അപ്പോൾ പാനീയമേൽവിചാരകൻ ഫറവോയോടു പറഞ്ഞു: “ഞാൻ ഒരു അപരാധം ചെയ്തുപോയത് ഇപ്പോൾ ഓർക്കുന്നു. 10അങ്ങ് ഒരിക്കൽ കോപിച്ച് പാചകമേൽവിചാരകനെയും എന്നെയും അകമ്പടിസേനാനായകന്റെ ഭവനത്തിൽ തടവിലാക്കിയിരുന്നല്ലോ. 11ഒരു രാത്രിയിൽ വ്യത്യസ്ത അർഥങ്ങളുള്ള ഓരോ സ്വപ്നം ഞങ്ങൾ രണ്ടു പേരും കണ്ടു. 12അകമ്പടിസേനാനായകന്റെ അടിമയായിരുന്ന ഒരു എബ്രായയുവാവ് ഞങ്ങളോടൊപ്പം തടവിൽ ഉണ്ടായിരുന്നു; ഞങ്ങളുടെ സ്വപ്നങ്ങൾ അവനോടു പറഞ്ഞപ്പോൾ അവൻ അവയുടെ അർഥം വ്യാഖ്യാനിച്ചു. 13അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയും പാചകമേൽവിചാരകനെ തൂക്കിക്കൊല്ലുകയും ചെയ്തു.” 14ഫറവോ യോസേഫിനെ കൊണ്ടുവരാൻ ആളയച്ചു; തടവറയിൽനിന്ന് ഉടൻതന്നെ അവനെ മോചിപ്പിച്ചു. അവനെ ക്ഷൗരം ചെയ്യിച്ച് വസ്ത്രം മാറ്റി രാജസന്നിധിയിൽ ഹാജരാക്കി. 15ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; അതു വ്യാഖ്യാനിച്ചു തരാൻ ആർക്കും കഴിയുന്നില്ല; സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്കുണ്ടെന്നു ഞാൻ അറിഞ്ഞു.” 16യോസേഫ് പറഞ്ഞു: “ഞാനല്ല, ദൈവം തന്നെ അങ്ങേക്കു ശരിയായ വ്യാഖ്യാനം നല്കും.” 17രാജാവ് യോസേഫിനോടു പറഞ്ഞു: “ഇതാണു സ്വപ്നം; ഞാൻ നൈൽനദിയുടെ തീരത്തു നില്ക്കുകയായിരുന്നു. 18തടിച്ചുകൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്ന് നദീതീരത്തു ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു; 19അപ്പോൾ അവയുടെ പിന്നാലെ മെലിഞ്ഞ് വളരെ വിരൂപമായ വേറെ ഏഴു പശുക്കൾ കൂടി കയറി വന്നു; അവയെപ്പോലെ മെലിഞ്ഞ് എല്ലുന്തിയ പശുക്കളെ ഒരിക്കലും ഈജിപ്തിൽ ഒരിടത്തും ഞാൻ കണ്ടിട്ടില്ല. 20മെലിഞ്ഞ പശുക്കൾ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. 21എന്നാൽ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ ഭക്ഷിച്ചു കഴിഞ്ഞിട്ടും അവയെ ഭക്ഷിച്ചു എന്ന് ആരും പറയാത്തവിധം അവ ആദ്യത്തേതുപോലെതന്നെ മെലിഞ്ഞിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. 22ഞാൻ വീണ്ടും കണ്ട സ്വപ്നത്തിൽ ഒരു തണ്ടിൽനിന്നു നല്ലമണികൾ നിറഞ്ഞ പുഷ്ടിയുള്ള ഏഴു ധാന്യക്കതിരുകൾ വളർന്നുവന്നു; 23അവയ്ക്കു പിന്നാലെ ശുഷ്കിച്ചതും കിഴക്കൻ കാറ്റേറ്റ് ഉണങ്ങിയതുമായ വേറെ ഏഴു കതിരുകൾകൂടി ഉയർന്നുവന്നു; 24ഉണങ്ങിയ കതിരുകൾ പുഷ്ടിയുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഈ സ്വപ്നങ്ങൾ ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ അവ വ്യാഖ്യാനിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.” 25യോസേഫ് ഫറവോയോടു പറഞ്ഞു: “രണ്ടു സ്വപ്നങ്ങൾക്കും അർഥം ഒന്നുതന്നെ. ദൈവം ചെയ്യാൻ പോകുന്നതു രാജാവിനു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. 26ഏഴു നല്ല പശുക്കൾ ഏഴു സംവത്സരം; ഏഴു പുഷ്ടിയുള്ള കതിരുകളും ഏഴു വർഷം തന്നെ. രണ്ടും ഒരേ അർഥമുള്ള സ്വപ്നങ്ങളാണ്. 27അവയ്ക്കു പിന്നാലെ വന്ന മെലിഞ്ഞ ഏഴു പശുക്കളും, കിഴക്കൻ കാറ്റേറ്റ് ഉണങ്ങിയ ഏഴു കതിരുകളും ക്ഷാമമുള്ള ഏഴു വർഷങ്ങളാണ്. 28ഞാൻ പറഞ്ഞതുപോലെ ദൈവം ചെയ്യാൻ പോകുന്നതു രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. 29ഈജിപ്തു മുഴുവനും സുഭിക്ഷതയും സമൃദ്ധിയുമുള്ള ഏഴു വർഷങ്ങളുണ്ടാകും. 30എന്നാൽ അവയ്ക്കു പിന്നാലെ കടുത്ത ക്ഷാമമുള്ള ഏഴു വർഷങ്ങളും വരും. സുഭിക്ഷതയുടെ കാലം മറന്നുപോകത്തക്കവിധം ക്ഷാമം കഠിനമായിരിക്കും; അതു രാജ്യത്തെ ഗ്രസിച്ചുകളയും. 31ആ ക്ഷാമം അത്ര രൂക്ഷമായിരിക്കുന്നതുകൊണ്ട് സമൃദ്ധിയുടെ കാലം ഓർമയിൽപോലും അവശേഷിക്കുകയില്ല. 32സ്വപ്നം രണ്ടു പ്രാവശ്യം ആവർത്തിക്കപ്പെട്ടതിന്റെ അർഥം ദൈവം ഇക്കാര്യം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു എന്നും അതുടനെ സംഭവിക്കുമെന്നുമാണ്. 33അതുകൊണ്ട് അങ്ങ് ഇപ്പോൾത്തന്നെ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള ഒരാളിനെ തിരഞ്ഞെടുത്ത് രാജ്യത്തിന്റെ മേലധികാരിയായി നിയമിക്കണം. 34സമൃദ്ധിയുടെ ഏഴു വർഷങ്ങളിൽ രാജ്യത്തുണ്ടാകുന്ന വിളവുകളുടെ അഞ്ചിലൊന്നു ശേഖരിക്കാൻ ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. 35ഈ സമൃദ്ധിയുള്ള വർഷങ്ങളിലുണ്ടാകുന്ന വിളവുകൾ അവർ രാജാവിന്റെ പേരിൽ നഗരങ്ങളിൽ സംഭരിച്ചുവയ്ക്കട്ടെ. 36ഏഴു വർഷം നീണ്ടുനില്ക്കുന്ന ക്ഷാമകാലത്ത് ഇതു കരുതൽധാന്യമായി പ്രയോജനപ്പെടും; അങ്ങനെ ചെയ്താൽ രാജ്യം ക്ഷാമംകൊണ്ടു നശിച്ചുപോകയില്ല.
യോസേഫ് ദേശാധിപതിയാകുന്നു
37ഈ നിർദ്ദേശം നല്ലതാണെന്നു ഫറവോയ്ക്കും ഉദ്യോഗസ്ഥപ്രമുഖർക്കും തോന്നി. 38ഫറവോ അവരോടു ചോദിച്ചു: “ഇതുപോലെ ദിവ്യചൈതന്യമുള്ള ഒരാളെ കണ്ടെത്താൻ കഴിയുമോ?” 39ഫറവോ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിനക്കു വെളിപ്പെടുത്തിയിരിക്കുകയാൽ നിന്നെക്കാൾ ദീർഘവീക്ഷണവും ജ്ഞാനവുമുള്ള മറ്റൊരാളില്ല. 40നീ എന്റെ ഭവനത്തിനു മേലധികാരിയായിരിക്കുക; എന്റെ പ്രജകളെല്ലാം നിന്റെ ആജ്ഞയനുസരിച്ചു പ്രവർത്തിച്ചുകൊള്ളും; സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും.” 41അതിനുശേഷം ഫറവോ യോസേഫിനെ ഈജിപ്തിന്റെ ഭരണാധികാരിയായി നിയമിച്ചു. 42ഫറവോ തന്റെ മുദ്രമോതിരം ഊരി യോസേഫിന്റെ വിരലിൽ അണിയിച്ചു. മേൽത്തരം വസ്ത്രം ധരിപ്പിക്കുകയും സ്വർണമാല അണിയിക്കുകയും ചെയ്തു. 43ഫറവോ തന്റെ രണ്ടാം രാജകീയരഥത്തിൽ യോസേഫിനെ ഇരുത്തി നഗരത്തിൽ പ്രദക്ഷിണം നടത്തിച്ചു. യോസേഫിനെ വണങ്ങാൻ ഘോഷകർ ജനത്തോടു വിളിച്ചുപറഞ്ഞു. അങ്ങനെ ഫറവോ അദ്ദേഹത്തെ ഈജിപ്തിന്റെ മുഴുവൻ മേലധികാരിയാക്കി. 44ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാൻ ഫറവോ ആകുന്നു. നിന്റെ അനുവാദം കൂടാതെ ഈജിപ്തിൽ യാതൊരുവനും കൈയോ കാലോ ഉയർത്തുകയില്ല. 45ഫറവോ യോസേഫിനു ‘സാപ്നത് പനേഹ്’ എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിനെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു. പിന്നീട് യോസേഫ് ഈജിപ്തിലെങ്ങും സഞ്ചരിച്ചു. 46ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തിൽ പ്രവേശിക്കുമ്പോൾ യോസേഫിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം ഫറവോയുടെ കൊട്ടാരം വിട്ട് ഈജിപ്തിലെല്ലായിടത്തും സഞ്ചരിച്ചു. 47സുഭിക്ഷതയുടെ ഏഴു വർഷം; ദേശത്ത് സമൃദ്ധമായി വിളവുണ്ടായി. 48യോസേഫ് ആ വിളവെല്ലാം ശേഖരിച്ചു നഗരത്തിൽ സൂക്ഷിച്ചു; ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിൽ ഉണ്ടാകുന്ന വിളവെല്ലാം അതതു നഗരത്തിൽത്തന്നെ സംഭരിച്ചു. 49അങ്ങനെ കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു; അത് അളക്കാനാകാത്തവിധം സമൃദ്ധമായിരുന്നതിനാൽ അളവുതന്നെ വേണ്ടെന്നുവച്ചു. 50ക്ഷാമകാലം ആരംഭിക്കുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. 51“എന്റെ സകല ദുരിതങ്ങളും എന്റെ പിതൃഭവനവും ഞാൻ മറക്കാൻ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂൽപുത്രന് മനശ്ശെ എന്നു പേരിട്ടു.” 52കഷ്ടതയുടെ ദേശത്ത് ദൈവം എന്നെ ധന്യനാക്കി” എന്നു പറഞ്ഞു രണ്ടാമത്തെ പുത്രനെ എഫ്രയീം എന്നു വിളിച്ചു. 53ഈജിപ്തിലെ സമൃദ്ധിയുള്ള ഏഴു വർഷങ്ങൾ അവസാനിച്ചു; യോസേഫ് പറഞ്ഞതുപോലെ ഏഴു വർഷം നീണ്ടുനില്ക്കുന്ന ക്ഷാമകാലം ആരംഭിക്കുകയും ചെയ്തു. 54മറ്റെല്ലാ രാജ്യങ്ങളെയും ക്ഷാമം ബാധിച്ചു. പക്ഷേ ഈജിപ്തിൽ എല്ലായിടത്തും ധാന്യം ലഭ്യമായിരുന്നു. 55ഈജിപ്തിലും ക്ഷാമം അനുഭവപ്പെട്ടപ്പോൾ ജനം ഫറവോയോടു ഭക്ഷണത്തിനുവേണ്ടി അപേക്ഷിച്ചു. “യോസേഫിന്റെ അടുക്കൽ ചെല്ലുക; അയാൾ പറയുന്നതുപോലെ ചെയ്യുവിൻ” എന്നു ഫറവോ അവരോടു കല്പിച്ചു. 56ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞപ്പോൾ യോസേഫ് സംഭരണശാലകൾ തുറന്ന് ഈജിപ്തുകാർക്കു ധാന്യം വിൽക്കാൻ തുടങ്ങി. ഈജിപ്തിൽ ക്ഷാമം കഠിനമായിരുന്നു. 57ഭൂമിയിൽ ആകെ ക്ഷാമം രൂക്ഷമായതിനാൽ മറ്റു ദേശങ്ങളിൽനിന്നും ജനങ്ങൾ ഭക്ഷണസാധനങ്ങൾ വാങ്ങാൻ യോസേഫിനെ സമീപിച്ചു.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
GENESIS 41: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

: