HEBRAI 2
2
മഹത്തായ രക്ഷ
1അതുകൊണ്ട്, നാം കേട്ടിട്ടുള്ള സത്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും അവയെ മുറുകെപ്പിടിക്കുകയും വേണം. അല്ലെങ്കിൽ അവയിൽനിന്നു നാം ഒഴുകിയകന്നു പോകും. 2മാലാഖമാർ മുഖേന നല്കപ്പെട്ട സന്ദേശം സാധുവായിത്തീർന്നു; അതിനെ ധിക്കരിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്ത എല്ലാവർക്കും നീതിയുക്തമായ ശിക്ഷ ലഭിച്ചു. 3അങ്ങനെയെങ്കിൽ ഇത്ര വലിയ രക്ഷയെ നാം അവഗണിച്ചാൽ, ശിക്ഷയിൽനിന്നു പിന്നെ എങ്ങനെ തെറ്റിയൊഴിയും? സർവേശ്വരൻതന്നെയാണ് ഈ രക്ഷ ആദ്യം പ്രഖ്യാപനം ചെയ്തത്. അതു സത്യമാണെന്ന് അവിടുത്തെ അരുളപ്പാടു ശ്രവിച്ചവർ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു. 4അവരുടെ സാക്ഷ്യത്തിനു പുറമേ, പല തരത്തിലുള്ള അടയാളങ്ങളാലും, അതിശയപ്രവർത്തനങ്ങളാലും അദ്ഭുതകർമങ്ങളാലും, തിരുഹിതപ്രകാരമുള്ള പരിശുദ്ധാത്മാവിന്റെ വരങ്ങളാലും ദൈവവും ഇതിനു സാക്ഷ്യം വഹിക്കുന്നു.
നമ്മെ രക്ഷയിലേക്കു നയിക്കുന്നവൻ
5വരുവാനിരിക്കുന്ന പുതിയ ലോകത്തിന്റെ അധിപന്മാരായി മാലാഖമാരെ ദൈവം ആക്കിയിട്ടില്ല. ആ ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. വേദഗ്രന്ഥത്തിൽ മനുഷ്യനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:
6ദൈവമേ, അവിടുന്നു മനുഷ്യനെക്കുറിച്ചു ചിന്തിക്കുവാൻ അവൻ എന്തുള്ളൂ?
മനുഷ്യപുത്രനെക്കുറിച്ചു കരുതുവാൻ അവൻ ആരാണ്?
7മാലാഖമാരെക്കാൾ അല്പം താണവനായി
അങ്ങ് അവനെ സൃഷ്ടിച്ചു;
# 2:7 ‘തേജസ്സും . . . . അണിയിച്ചു’ - പല കൈയെഴുത്തു പ്രതികളിലും ‘അങ്ങു നിർമിച്ച എല്ലാറ്റിൻമേലും അങ്ങ് അവനെ അധിപതിയാക്കി’ എന്നു കൂടി ചേർത്തിട്ടുണ്ട്. തേജസ്സും ബഹുമാനവുമാകുന്ന കിരീടം
അങ്ങ് അവനെ അണിയിച്ചു.
എല്ലാറ്റിനെയും അവന്റെ കാല്ക്കീഴാക്കുകയും ചെയ്തു.
8“എല്ലാറ്റിനെയും അവന്റെ കാല്ക്കീഴാക്കി” എന്നു പറയുമ്പോൾ അവന്റെ അധികാരത്തിൽ പെടാത്തതായി ഒന്നുംതന്നെ ഇല്ലെന്നുള്ളതു സ്പഷ്ടം. എന്നാൽ ഇപ്പോൾ അവൻ എല്ലാറ്റിനെയും ഭരിക്കുന്നതായി നാം കാണുന്നില്ല. 9ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാൾ താഴ്ത്തപ്പെട്ടെങ്കിലും തന്റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു. 10തേജസ്സിൽ പങ്കാളികളാകേണ്ടതിന് അനേകം പുത്രന്മാരെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ കഷ്ടാനുഭവത്തിൽകൂടി സമ്പൂർണനാക്കുന്നത് സകലത്തെയും സൃഷ്ടിച്ചു നിലനിറുത്തുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം സമുചിതമായിരുന്നു.
11പാപങ്ങൾ നീക്കി ശുദ്ധീകരിക്കുന്ന യേശുവിന്റെയും ശുദ്ധീകരിക്കപ്പെട്ട എല്ലാവരുടെയും പിതാവ് ഒരുവൻതന്നെ. അതുകൊണ്ടാണ് അവരെ തന്റെ സഹോദരന്മാർ എന്നു വിളിക്കുവാൻ യേശു ലജ്ജിക്കാതിരുന്നത്. 12വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ:
അങ്ങയെക്കുറിച്ച്,
എന്റെ സഹോദരന്മാരോടു ഞാൻ പറയും;
അവരുടെ സഭയിൽ അങ്ങയെ ഞാൻ
പ്രകീർത്തിക്കും.
13വീണ്ടും:
ദൈവത്തിൽ ഞാൻ ആശ്രയിക്കും
എന്നും
ഇതാ ഞാനും ദൈവം എനിക്കു നല്കിയിരിക്കുന്ന മക്കളും
എന്നും പറയുന്നു
14അതുകൊണ്ട് മാംസരക്തങ്ങൾ ഉള്ള മക്കളെപ്പോലെ യേശു ആയിത്തീരുകയും അവരുടെ മനുഷ്യപ്രകൃതിയിൽ ഭാഗഭാക്കാകുകയും ചെയ്തു. അവിടുന്ന് ഇങ്ങനെ ചെയ്തത്, മരണത്തിന്മേൽ അധികാരമുള്ളവനായ പിശാചിനെ, തന്റെ മരണത്താൽ നശിപ്പിക്കേണ്ടതിനായിരുന്നു. 15ഇങ്ങനെ മരണഭീതിയോടെ ജീവിതകാലം മുഴുവൻ അടിമത്തത്തിൽ കഴിഞ്ഞവരെ അവിടുന്നു സ്വതന്ത്രരാക്കി. 16അവിടുന്നു മാലാഖമാരുടെ പ്രകൃതിയല്ലല്ലോ സ്വീകരിച്ചത്, പിന്നെയോ അബ്രഹാമിന്റെ സന്തതികളുടെ പ്രകൃതിയത്രേ. 17മനുഷ്യരുടെ പാപപരിഹാരത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ശുശ്രൂഷയിൽ, അവരുടെ വിശ്വസ്തനും ദയാലുവുമായ മഹാപുരോഹിതനായിരിക്കേണ്ടതിന് എല്ലാ പ്രകാരത്തിലും തന്റെ സഹോദരന്മാരെപ്പോലെ അവിടുന്ന് ആകേണ്ടിയിരുന്നു എന്നത്രേ ഇതിന്റെ സാരം. 18അവിടുന്ന് പരീക്ഷിക്കപ്പെടുകയും പീഡനം സഹിക്കുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കുവാൻ അവിടുത്തേക്കു കഴിയും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
HEBRAI 2: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.