HEBRAI 9

9
ഭൗമികവും സ്വർഗീയവുമായ ആരാധന
1ആദ്യത്തെ ഉടമ്പടിയനുസരിച്ചുള്ള ആരാധനയ്‍ക്ക് നിർദിഷ്ട വിധികളും ഭൗമികമായ പൂജാസ്ഥലവും ഉണ്ടായിരുന്നു. 2ഒരു കൂടാരം നിർമിച്ചു; പുറംകൂടാരത്തിന് വിശുദ്ധസ്ഥലം എന്നായിരുന്നു പേർ. അവിടെ നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. 3രണ്ടാമത്തെ യവനികയ്‍ക്കു പിന്നിലാണ് അതിവിശുദ്ധസ്ഥലം. 4അവിടെ ധൂപാർച്ചനയ്‍ക്കുള്ള സ്വർണനിർമിതമായ പീഠവും, പൊന്നുപൊതിഞ്ഞ നിയമപ്പെട്ടിയും, അതിനുള്ളിൽ മന്ന നിറച്ച പൊൻപാത്രവും, അഹരോന്റെ തളിർത്ത വടിയും, നിയമം ആലേഖനം ചെയ്തിട്ടുള്ള കല്പലകകളും ഉണ്ടായിരുന്നു. 5നിയമപേടകത്തിന്റെ മീതെ, കൃപാസനത്തെ മൂടി ചിറകുവിരിച്ചു നില്‌ക്കുന്നതും തേജസ്വികളുമായ കെരൂബുകളുമുണ്ടായിരുന്നു. എന്നാൽ അവയെല്ലാം വിശദീകരിക്കുവാനുള്ള സമയം ഇതല്ല.
6ഇങ്ങനെയാണ് ആരാധനാസ്ഥലം സംവിധാനം ചെയ്തിരുന്നത്. പുറംകൂടാരത്തിൽ പുരോഹിതന്മാർ നിത്യവും പ്രവേശിച്ച് ശുശ്രൂഷ നടത്തും. 7രണ്ടാമത്തേതിലാകട്ടെ, ആണ്ടിലൊരിക്കൽ മാത്രം മഹാപുരോഹിതൻ പ്രവേശിക്കും. തന്റെയും ജനത്തിന്റെയും പാപങ്ങൾക്കുവേണ്ടി അർപ്പിക്കുവാനുള്ള രക്തവുമായിട്ടാണ് അദ്ദേഹം അവിടെ പ്രവേശിക്കുന്നത്. 8പുറംകൂടാരം നിലനില്‌ക്കുന്നിടത്തോളം കാലം അതിവിശുദ്ധസ്ഥലത്തേക്കുള്ള പാത ഇനിയും തുറക്കപ്പെട്ടിട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഈ സംവിധാനത്താൽതന്നെ സൂചിപ്പിക്കുന്നു. 9ഇത് ഈ കാലഘട്ടത്തിന്റെ പ്രതീകമാണ്. ദൈവത്തിന് അർപ്പിക്കുന്ന വഴിപാടുകളും ബലികളും ആരാധകരുടെ മനസ്സാക്ഷിയെ കുറ്റമറ്റതാക്കിത്തീർക്കുവാൻ പര്യാപ്തമല്ല എന്നത്രേ ഇതിന്റെ അർഥം. 10ഭക്ഷണപാനീയങ്ങൾ, വിവിധ ശുദ്ധീകരണ പ്രക്രിയകൾ മുതലായവയോടു മാത്രമേ അവയ്‍ക്കു ബന്ധമുള്ളൂ. ദൈവം നൂതനമായ വ്യവസ്ഥിതി ഏർപ്പെടുത്തുന്നതുവരെ, അനുഷ്ഠിക്കേണ്ട ബാഹ്യാചാരങ്ങൾ മാത്രമാണവ.
11എന്നാൽ #9:11 ‘വരാനിരിക്കുന്ന നന്മകളുടെ’ - ചില കൈയെഴുത്തു പ്രതികളിൽ ‘സാക്ഷാൽക്കരിക്കപ്പെട്ട നന്മകളുടെ’ എന്നാണ്. വരാനിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നിരിക്കുന്നു. അവിടുന്നു ശുശ്രൂഷ ചെയ്യുന്ന കൂടാരം കൂടുതൽ മഹത്തരവും അന്യൂനവുമാണ്. അതു മനുഷ്യനിർമിതമല്ല; അതായത് ഭൗമികമല്ല എന്നു സാരം. 12ക്രിസ്തു കൂടാരത്തിലൂടെ കടന്ന് ഒരിക്കൽ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിന്റെയോ കാളക്കിടാവിന്റെയോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു. 13മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്റെമേൽ കോലാടിന്റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു. 14ഇത് ശരിയാണെങ്കിൽ, ക്രിസ്തുവിന്റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവിൽകൂടി ദൈവത്തിനർപ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമർപ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളിൽനിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്റെ രക്തം ശുദ്ധീകരിക്കും.
15ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിലിരുന്നപ്പോൾ തങ്ങൾ ചെയ്ത നിയമലംഘനങ്ങളിൽനിന്ന് ജനത്തെ വീണ്ടെടുക്കുന്നതിന് ക്രിസ്തു മരിച്ചു. അങ്ങനെ ദൈവം വിളിച്ചിട്ടുള്ളവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള അനശ്വരമായ അവകാശങ്ങൾ പ്രാപിക്കേണ്ടതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നു.
16മരണപത്രത്തിന്റെ കാര്യത്തിൽ, അത് എഴുതിയ ആൾ മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ. 17മരണപത്രം എഴുതിയ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തിൽ വരികയുള്ളൂ. 18രക്തം അർപ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്. 19നിയമസംഹിതയിൽ ആവിഷ്കരിക്കപ്പെട്ട കല്പനകൾ മോശ ജനത്തോട് ആദ്യം പ്രഖ്യാപനം ചെയ്തു. അതിനുശേഷം കാളക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തമെടുത്തു വെള്ളത്തിൽ കലർത്തി, ഈസ്സോപ്പുചില്ലയും ചെമന്ന ആട്ടുരോമവുപയോഗിച്ചു നിയമപുസ്തകത്തിന്മേലും ജനത്തിന്മേലും തളിച്ചു. 20‘ഇത് ദൈവം നിങ്ങൾക്കു നല്‌കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. 21അങ്ങനെതന്നെ കൂടാരത്തിന്മേലും ആരാധനയ്‍ക്കുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിന്മേലും അദ്ദേഹം രക്തം തളിച്ചു. 22നിയമപ്രകാരം എല്ലാംതന്നെ രക്തംകൊണ്ട് ശുദ്ധീകരിക്കപ്പെടുന്നു. രക്തം അർപ്പിക്കാതെ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ലല്ലോ.
പാപം മായിച്ചുകളയുന്ന യാഗം
23സ്വർഗീയമായവയുടെ പ്രതിരൂപങ്ങളെ ഇങ്ങനെ ശുദ്ധീകരിക്കേണ്ടിയിരുന്നു. എന്നാൽ സ്വർഗീയമായവയ്‍ക്ക് ഇതിനെക്കാൾ ശ്രേഷ്ഠമായ യാഗങ്ങൾ ആവശ്യമാണ്. 24യഥാർഥമായതിന്റെ പ്രതീകവും മനുഷ്യനിർമിതവുമായ വിശുദ്ധസ്ഥലത്തേക്കല്ല ക്രിസ്തു പ്രവേശിച്ചത്. അവിടുന്നു സ്വർഗത്തിലേക്കു തന്നെ പ്രവേശിച്ച്, ദൈവസമക്ഷം നമുക്കുവേണ്ടി സന്നിഹിതനായിരിക്കുന്നു. 25യെഹൂദമഹാപുരോഹിതൻ തൻറേതല്ലാത്ത രക്തവുമായി ആണ്ടിലൊരിക്കൽ അതിവിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നു. എന്നാൽ ക്രിസ്തു വീണ്ടും വീണ്ടും തന്നെത്തന്നെ യാഗമായി അർപ്പിച്ചില്ല. 26അങ്ങനെ ചെയ്യേണ്ടിയിരുന്നെങ്കിൽ പ്രപഞ്ചോൽപത്തിമുതൽ അനേകം പ്രാവശ്യം അവിടുന്നു കഷ്ടതയനുഭവിക്കേണ്ടിവരുമായിരുന്നു. എന്നാൽ തന്നെത്തന്നെ ബലിയർപ്പിച്ച് പാപം നിർമാർജനം ചെയ്യുന്നതിനുവേണ്ടി ഒരിക്കൽമാത്രം, കാലത്തിന്റെ സമ്പൂർണതയിൽ അവിടുന്നു പ്രത്യക്ഷനായി. 27എല്ലാവരും ഒരിക്കൽ മരിക്കുകയും അതിനുശേഷം വിധിയുണ്ടാകുകയും ചെയ്യുന്നു. 28അങ്ങനെ അസംഖ്യം മനുഷ്യരുടെ പാപങ്ങൾ നീക്കിക്കളയുന്നതിനു ക്രിസ്തുവും ഒരിക്കൽ തന്നെത്തന്നെ യാഗമായി അർപ്പിച്ചു. ഇനി പാപപരിഹാരാർഥമല്ല, തന്നെ കാത്തിരിക്കുന്നവരെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു വീണ്ടും പ്രത്യക്ഷനാകുന്നത്.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

HEBRAI 9: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക