ISAIA 13
13
ബാബിലോണിനു ശിക്ഷ
1ആമോസിന്റെ മകനായ യെശയ്യായ്ക്കു ബാബിലോണിനെക്കുറിച്ചു ലഭിച്ച അരുളപ്പാട്: 2മൊട്ടക്കുന്നിന്റെ മുകളിൽ യുദ്ധത്തിന്റെ കൊടി ഉയർത്തുവിൻ, അവരെ ഉറക്കെ വിളിക്കുവിൻ, 3പ്രഭുക്കന്മാരുടെ ഗോപുരങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കൈവീശി അവർക്കു അടയാളം കാണിക്കുവിൻ. എന്റെ വിശുദ്ധഭടന്മാർക്കു ഞാൻ ആജ്ഞ നല്കിക്കഴിഞ്ഞു. എന്റെ കോപം പ്രവൃത്തിയിൽ വരുത്താൻ എന്റെ വിശ്വസ്തരായ വീരപോരാളികളെ ഞാൻ നിയോഗിച്ചിരിക്കുന്നു. 4അതാ, പർവതങ്ങൾക്കു മുകളിൽ വലിയ പുരുഷാരത്തിന്റെ ആരവം! രാജ്യങ്ങളും ജനതകളും ഒരുമിച്ചു ചേരുന്ന ശബ്ദകോലാഹലം! സർവശക്തനായ സർവേശ്വരൻ യുദ്ധത്തിനുവേണ്ടി സൈന്യത്തെ അണിനിരത്തുന്നു. 5അവിടുന്നു അവിടുത്തെ കോപത്തിന്റെ ആയുധങ്ങളും വിദൂരസ്ഥലത്തുനിന്നു ചക്രവാളസീമയിൽ നിന്നു ഭൂമി ആകമാനം നശിപ്പിക്കാൻ എത്തിച്ചേരുന്നു.
6വിലപിക്കുവിൻ, സർവേശ്വരന്റെ ദിവസം സമീപിച്ചിരിക്കുന്നു. സർവശക്തനിൽ നിന്നുള്ള വിനാശംപോലെ അതു വരും. 7അതിനാൽ എല്ലാ കരങ്ങളും തളരും. എല്ലാവരുടെയും ഹൃദയം ഉരുകും. അവർ പരിഭ്രമിക്കും. 8അവർക്കു യാതന ഉണ്ടാകും, പ്രസവവേദന പോലെയുള്ള തീവ്രവേദന. അവർ അമ്പരന്ന് അന്യോന്യം നോക്കും. അവരുടെ മുഖങ്ങൾ ജ്വലിക്കും.
9ദേശത്തെ ശൂന്യമാക്കാനും പാപികളെ സമൂലം നശിപ്പിക്കാനും സർവേശ്വരന്റെ ദിവസം വരുന്നു. ഉഗ്രകോപം കൊണ്ടു ക്രൂരവും അമർഷംകൊണ്ടു ഭീകരവുമായ ദിവസം! 10അന്ന് ആകാശമണ്ഡലത്തിലെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും പ്രകാശിക്കുകയില്ല. ഉദിക്കുമ്പോൾത്തന്നെ സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ പ്രകാശം ചൊരിയുകയില്ല. 11ദുഷ്ടത നിമിത്തം ലോകത്തെയും അകൃത്യംനിമിത്തം ദുർജനത്തെയും ഞാൻ ശിക്ഷിക്കും. അഹങ്കാരികളുടെ ഗർവം ഞാൻ അവസാനിപ്പിക്കും. നിർദയരുടെ അഹന്ത ഞാനമർത്തും. 12മനുഷ്യർ സ്വർണത്തെക്കാളും മനുഷ്യവർഗം ഓഫീർതങ്കത്തെക്കാളും അപൂർവമായിത്തീരും. 13സർവശക്തനായ സർവേശ്വരന്റെ ക്രോധത്തിന്റെ നാളിൽ അവിടുത്തെ രോഷത്താൽ ആകാശം നടുങ്ങും; ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകും. 14നായാട്ടുകാരന്റെ പിടിവിട്ട് ഓടി രക്ഷപെടുന്ന മാൻകിടാവിനെപ്പോലെയും ഇടയനില്ലാത്ത ആടുകളെപ്പോലെയും ഓരോ മനുഷ്യനും സ്വന്ത ജനത്തിന്റെ അടുക്കലേക്കു തിരിഞ്ഞു സ്വന്തം ദേശത്തേക്ക് ഓടിപ്പോകും. 15കണ്ണിൽ കാണുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും. 16അവരുടെ കൺമുമ്പിൽവച്ച് അവരുടെ ശിശുക്കളെ നിലത്തടിച്ചു ചിതറിക്കും. അവരുടെ വീടുകൾ കൊള്ളയടിക്കപ്പെടും. അവരുടെ ഭാര്യമാർ അപമാനിതരാകും. 17മേദ്യരെ ഞാൻ അവർക്കെതിരെ ഇളക്കിവിടും. പൊന്നും വെള്ളിയുംകൊണ്ട് അവർ വശീകരിക്കപ്പെടുകയില്ല. 18അവരുടെ അമ്പും വില്ലും യുവാക്കളെ തകർത്തുകളയും. ഗർഭസ്ഥശിശുക്കളോട് അവർ കരുണ കാണിക്കുകയില്ല. കുട്ടികളോട് അവർക്കു കനിവു തോന്നുകയുമില്ല. 19രാജ്യങ്ങളുടെ മഹത്ത്വവും ബാബിലോണ്യരുടെ പ്രതാപത്തിനും അഭിമാനത്തിനും പാത്രവുമായ ബാബിലോണിനെ, സൊദോമിനെയും ഗൊമോറായെയുംപോലെ ദൈവം നശിപ്പിക്കും. 20അവിടെ പിന്നീട് ഒരിക്കലും ജനവാസം ഉണ്ടാകുകയില്ല. തലമുറകളോളം അതു ശൂന്യമായി കിടക്കും. ഒരു അറബിയും അവിടെ കൂടാരം അടിക്കുകയില്ല. ഒരു ഇടയനും തന്റെ ആട്ടിൻകൂട്ടത്തെ അവിടെ കിടത്തുകയില്ല. 21വന്യമൃഗങ്ങൾ അവിടെ കുടിപാർക്കും. വീടുകളിൽ മൂങ്ങകൾ നിറയും. അത് ഒട്ടകപ്പക്ഷികളുടെ താവളമാകും. ഭൂതങ്ങൾ അവിടെ കൂത്താടും. ഗോപുരങ്ങളിൽ കഴുതപ്പുലികൾ കരഞ്ഞു നടക്കും. 22രമ്യഹർമ്യങ്ങളിൽ കുറുനരികൾ ഓലിയിടും. അതിനുള്ള സമയം ആസന്നമായിരിക്കുന്നു. ആ ദിനങ്ങൾ നീണ്ടു പോകുകയുമില്ല.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ISAIA 13: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.