ISAIA 2

2
യെരൂശലേം രക്ഷാകേന്ദ്രം
(മീഖാ 4:1-3)
1ആമോസിന്റെ മകനായ യെശയ്യായ്‍ക്കു യെഹൂദായെയും യെരൂശലേമിനെയും കുറിച്ചുണ്ടായ അരുളപ്പാട്.
2അവസാന നാളുകളിൽ സർവേശ്വരമന്ദിരം സ്ഥാപിതമായിരിക്കുന്ന പർവതം തലയെടുപ്പോടെ മറ്റ് എല്ലാ പർവതങ്ങളെയുംകാൾ ഉയർന്നുനില്‌ക്കും. സർവജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും. 3അനേകം ജനതകൾ പറയും: “വരൂ, നമുക്കു സർവേശ്വരന്റെ പർവതത്തിലേക്കു ചെല്ലാം; യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്കു പോകാം. അവിടുത്തെ പാതകളിൽ നടക്കാൻ തക്കവിധം, അവിടുന്നു തന്റെ വഴികൾ നമുക്ക് ഉപദേശിക്കട്ടെ.” പ്രബോധനം സീയോനിൽനിന്നും സർവേശ്വരന്റെ വചനം യെരൂശലേമിൽ നിന്നുമാണല്ലോ വരുന്നത്. 4ജനതകളുടെ ഇടയിൽ അവിടുന്നു ന്യായം വിധിക്കും; ജനപദങ്ങളുടെ തർക്കങ്ങൾക്കു തീർപ്പുകല്പിക്കുകയും ചെയ്യും. അവർ തങ്ങളുടെ വാളുകൾ കൊഴുക്കളായും കുന്തങ്ങൾ അരിവാളായും രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനു നേരേ വാൾ ഉയർത്തുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
5യാക്കോബിന്റെ വംശജരേ, വരൂ; നമുക്കു സർവേശ്വരന്റെ പ്രകാശത്തിൽ നടക്കാം. 6അവിടുന്നു സ്വന്തജനമായ യാക്കോബിന്റെ വംശജരെ തള്ളിക്കളഞ്ഞിരിക്കുന്നുവല്ലോ. കാരണം പൂർവദിക്കിൽ നിന്നുള്ള ആഭിചാരകർ അവരുടെ ഇടയിൽ നിറഞ്ഞിരിക്കുന്നു; ഫെലിസ്ത്യരെപ്പോലെ ഭാവിഫലം പറയുന്നവരും ധാരാളം ഉണ്ട്. പരദേശികളുമായി അവർ ചങ്ങാത്തം കൂടുന്നു. 7അവരുടെ ദേശം സ്വർണവും വെള്ളിയുംകൊണ്ടു നിറഞ്ഞതാണ്; അവരുടെ നിക്ഷേപങ്ങൾക്ക് അറുതിയില്ല. അവരുടെ ദേശം കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. രഥങ്ങൾക്ക് എണ്ണമില്ല. 8അവരുടെ ദേശം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. അവ അവരുടെ കരവേലയാണ്. അവരുടെ കൈവിരലുകൾ അവയ്‍ക്കു രൂപം കൊടുത്തു. 9ആ ശില്പങ്ങളെ അവർ വന്ദിക്കുന്നു. അങ്ങനെ മനുഷ്യൻ സ്വയം അപമാനിതനാകുന്നു; മനുഷ്യർ തരം താഴ്ത്തപ്പെടുന്നു. അവരോടു ക്ഷമിക്കരുതേ. 10സർവേശ്വരന്റെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞ്, പാറയുടെ വിള്ളലിൽ പ്രവേശിക്കുകയോ, മണ്ണിൽ ഒളിക്കുകയോ ചെയ്‍വിൻ. 11മനുഷ്യന്റെ ഗർവഭാവം താഴും; മനുഷ്യരുടെ അഹങ്കാരം തല കുനിക്കും. സർവേശ്വരൻമാത്രം അന്ന് ഉയർന്നുനില്‌ക്കും.
12ഗർവും ഔന്നത്യവുമുള്ള എല്ലാറ്റിനും എതിരായി, ഉയർത്തപ്പെട്ടതും ഉന്നതവുമായ സകലത്തിനും എതിരെ സർവശക്തനായ സർവേശ്വരന് ഒരു ദിനമുണ്ട്. 13ലെബാനോനിലെ ഉന്നതവും തല ഉയർത്തി നില്‌ക്കുന്നതുമായ ദേവദാരുക്കൾക്കും ബാശാനിലെ കരുവേലകങ്ങൾക്കും എതിരായും 14ഉത്തുംഗപർവതങ്ങൾക്കും ഉന്നതഗിരികൾക്കും അത്യുന്നത ഗോപുരങ്ങൾക്കും 15ബലവത്തായ സകല കോട്ടകൾക്കുമെതിരെയും 16തർശ്ശീശ്കപ്പലുകൾക്കും മനോഹരശില്പങ്ങൾക്കും എതിരായുമുള്ള ഒരു ദിനംതന്നെ. 17മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; അവരുടെ അഹന്ത കീഴമർത്തപ്പെടും; അന്നു സർവേശ്വരൻ മാത്രം ഉയർന്നുനില്‌ക്കും. 18വിഗ്രഹങ്ങൾ നിശ്ശേഷം ഇല്ലാതാകും. 19ഭൂമിയെ പ്രകമ്പനം കൊള്ളിക്കാൻ സർവേശ്വരൻ എഴുന്നേല്‌ക്കുമ്പോൾ അവിടുത്തെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞു മാറാൻ മനുഷ്യർ പാറകളിലെ ഗുഹകളിലും മാളങ്ങളിലും ഒളിക്കും. 20തങ്ങൾക്ക് ആരാധിക്കാൻവേണ്ടി അവർ സ്വയം നിർമിച്ച വെള്ളിവിഗ്രഹങ്ങളും സ്വർണവിഗ്രഹങ്ങളും അന്ന് തുരപ്പനെലികൾക്കും നരിച്ചീറുകൾക്കുമായി അവർ എറിഞ്ഞുകൊടുക്കും. 21അങ്ങനെ സർവേശ്വരൻ ഭൂമിയെ കിടിലംകൊള്ളിക്കാൻ എഴുന്നേല്‌ക്കുന്ന നാളിൽ മനുഷ്യർ അവിടുത്തെ ഭയങ്കരത്വത്തിൽനിന്നും ഉജ്ജ്വലതേജസ്സിൽനിന്നും ഒഴിഞ്ഞുമാറി പാറക്കെട്ടുകളുടെ വിള്ളലുകളിലും ശിലാഗുഹകളിലും കടന്നുചെല്ലും. 22മനുഷ്യനിൽ ഇനി വിശ്വാസം അർപ്പിക്കരുത്. അവൻ ഒരു ശ്വാസം മാത്രം. അവന് എന്തു വിലയാണുള്ളത്?

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ISAIA 2: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക